കടലിടുക്കുകളുടെ സംരക്ഷണം ലോകത്തിന്റെ ഉത്തരവാദിത്തം - സൗദി
text_fieldsറിയാദ്: സമുദ്ര പാതകൾ നേരിടുന്ന ഭീഷണികൾ നേരിടാൻ ഫലപ്രദമായ കൂട്ടായ ഇടപെടൽ ആവശ്യമാണെന്ന് സൗദി ഡെപ്യൂട്ടി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് വൈസ് അഡ്മിറൽ ഫഹദ് അൽ ഗുഫൈലി പറഞ്ഞു.
കടലിടുക്കുകളുടെ സംരക്ഷണം അന്താരാഷ്ട്ര തലത്തിലുള്ള സംയുക്ത ഉത്തരവാദിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്റൈനിൽ നടന്ന മനാമ ഡയലോഗ് ഫോറത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സമുദ്ര പാതകൾ നേരിടുന്ന ഭീഷണികൾ ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും താൽപര്യങ്ങളെ ബാധിക്കുന്നതാണെന്നും അതൊരു ആഗോള വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമുദ്ര സുരക്ഷ എന്നത് ഏതെങ്കിലും ഒരു രാജ്യത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല, നിയമത്തിന് പകരമാവാൻ ശക്തിക്ക് സാധിക്കില്ല. അന്താരാഷ്ട്ര കടലിടുക്കുകൾ രാഷ്ട്രീയ-സൈനിക സമ്മർദ്ദങ്ങൾക്കുള്ള ഉപകരണമായി തുടരാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
2023 മുതൽ വാണിജ്യ കപ്പലുകൾക്കും എണ്ണക്കപ്പലുകൾക്കും നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളും ഹുർമുസ് കടലിടുക്കിലെ ഗതാഗതത്തിലുണ്ടായ തടസ്സങ്ങളും നാവിക സ്വാതന്ത്ര്യം നേരിടുന്ന ഭീഷണികളുടെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നതാണ്. രാജ്യങ്ങളുടെ പരമാധികാരത്തെയും അവകാശങ്ങളെയും ബഹുമാനിക്കുക, നാവിക സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പാക്കുക, സൈനിക-സിവിലിയൻ കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തെ എതിർക്കുക എന്നീ തത്ത്വങ്ങളിൽ അധിഷ്ഠിതമായ വ്യക്തമായ സമുദ്ര സുരക്ഷാ കാഴ്ചപ്പാടാണ് സൗദി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കപ്പലുകളുടെയും തുറമുഖങ്ങളുടെയും സംരക്ഷണവും നാവിക സ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കാൻ അന്താരാഷ്ട്ര ഏകോപനം ശക്തിപ്പെടുത്തേണ്ടതും വിവരശേഖരണവും (ഇന്റലിജൻസ്) അനുഭവസമ്പത്തും പരസ്പരം കൈമാറേണ്ടതും ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇത് സമുദ്ര ഭീഷണികളെ നേരിടാനും അവ പ്രതിസന്ധികളായി മാറുന്നത് തടയാനും സഹായിക്കും. സമുദ്ര സുരക്ഷ കൈവരിക്കുന്നത് യുദ്ധക്കപ്പലുകളുടെ എണ്ണത്തെയോ സൈനിക ശേഷിയെയോ മാത്രം ആശ്രയിച്ചല്ല, മറിച്ച് സുതാര്യത, അന്താരാഷ്ട്ര നിയമങ്ങളോടുള്ള പ്രതിബദ്ധത, പ്രതിസന്ധി ഘട്ടങ്ങളിലെ ഫലപ്രദമായ ആശയവിനിമയം, സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയെക്കൂടി അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം പറഞ്ഞു.

