ജറൂസലമിെൻറ സംരക്ഷണം സമാധാനത്തിെൻറ അടിസ്ഥാനശില: സൗദി വിദേശകാര്യ മന്ത്രി
text_fieldsഅമ്മാനിൽ മന്ത്രിതല യോഗത്തിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പ്രസംഗിക്കുന്നു
റിയാദ്: ജറൂസലമിെൻറയും (ഖുദ്സ്) അവിടുത്തെ വിശുദ്ധ കേന്ദ്രങ്ങളുടെയും സംരക്ഷണം പശ്ചിമേഷ്യയിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനുള്ള സുപ്രധാന അടിസ്ഥാന ശിലയാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി. ജോർഡൻ തലസ്ഥാനമായ അമ്മാനിൽ നടന്ന, ജറൂസലമിനെയും വിശുദ്ധ സ്ഥലങ്ങളെയും പിന്തുണക്കുന്നതിനുള്ള മന്ത്രിതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗസ്സ മുനമ്പിലും വെസ്റ്റ് ബാങ്കിലുമുള്ള ഇസ്രായേൽ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അടിയന്തരവും പ്രായോഗികവുമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. ജറൂസലമിെൻറ ചരിത്രപരവും നിയമപരവുമായ പദവി മാറ്റാനും നഗരത്തിെൻറ അറബ്, ഇസ്ലാമിക, ക്രിസ്ത്യൻ സ്വത്വം തകർക്കാനും ലക്ഷ്യമിട്ട് അൽ അഖ്സ മസ്ജിദ് ഉൾപ്പെടെയുള്ള മേഖലകളിൽ നിരന്തരം അതിക്രമങ്ങൾ നടക്കുകയാണെന്ന് അമീർ ഫൈസൽ ചൂണ്ടിക്കാട്ടി.
കിഴക്കൻ ജറൂസലം സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിെൻറ തലസ്ഥാനമാണെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, ഇസ്രായേലിെൻറ നിയമവിരുദ്ധ അധിനിവേശം, ഭൂമി പിടിച്ചെടുക്കൽ, അതിക്രമിച്ചു കയറലുകൾ, വിശുദ്ധ കേന്ദ്രങ്ങളിലെ നിലവിലെ സ്ഥിതിഗതികൾ (സ്റ്റാറ്റസ് ക്വോ) ഏകപക്ഷീയമായി മാറ്റാനുള്ള ശ്രമങ്ങൾ എന്നിവയെല്ലാം അസാധുവാണെന്നും അവയ്ക്ക് യാതൊരു നിയമസാധുതയുമില്ലെന്നും വ്യക്തമാക്കി. ജറൂസലമിലെ ഇസ്ലാമിക-ക്രിസ്ത്യൻ വിശുദ്ധ കേന്ദ്രങ്ങൾ പരിപാലിക്കുന്നതിലും അവയുടെ ചരിത്രപരമായ സ്വത്വം സംരക്ഷിക്കുന്നതിലും ജോർഡനിലെ അബ്ദുല്ല രണ്ടാമൻ രാജാവിെൻറ നേതൃത്വത്തിലുള്ള ഹാഷീമി രാജവംശം വഹിക്കുന്ന സുപ്രധാന പങ്കിനെ വിദേശകാര്യ മന്ത്രി പ്രശംസിച്ചു. അതേസമയം, ഗസ്സയിൽ തുടരുന്ന ഇസ്രായേൽ സൈനിക നടപടികളെ രൂക്ഷമായി അപലപിച്ച അദ്ദേഹം, ഇത് മേഖലയിലെ സമാധാനശ്രമങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള വെല്ലുവിളിയാണെന്നും സ്ഥിരത കൈവരിക്കാനുള്ള നീക്കങ്ങളെ തുരങ്കം വെക്കുന്നതാണെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

