മസ്ജിദുന്നബവിയുടെ ചരിത്രവും നിർമാണ വിസ്മയവും നേരിട്ടറിയാം: സന്ദർശകരുടെ മനംകവർന്ന് പുതിയ വാസ്തുവിദ്യ പ്രദർശനം
text_fieldsമസ്ജിദുന്നബവിയിൽ ആരംഭിച്ച വാസ്തുവിദ്യ ചരിത്ര പ്രദർശനം വീക്ഷിക്കുന്ന സന്ദർശകർ
മദീന: മദീനയിലെ മസ്ജിദുന്നബവിയുടെ ഉദ്ഭവം മുതൽ ഇന്നുവരെയുള്ള വികസനത്തിന്റെയും വാസ്തുവിദ്യയുടെയും വിസ്മയകരമായ ചരിത്രം സന്ദർശകർക്ക് മുന്നിൽ തുറന്നുകൊടുക്കുകയാണ് മസ്ജിദുന്നബവി ആർക്കിടെക്ചർ എക്സിബിഷൻ. പ്രവാചക പള്ളിയുടെ തെക്ക് ഭാഗത്ത് 2,200 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുക്കിയിരിക്കുന്ന ഈ പ്രദർശനം, ഇസ്‌ലാമിലെ രണ്ടാമത്തെ വിശുദ്ധ കേന്ദ്രത്തിന്റെ ചരിത്രത്തെയും നിർമാണ ഘട്ടങ്ങളെയും കുറിച്ച് സന്ദർശകർക്ക് ആഴത്തിലുള്ള അറിവ് നൽകുന്നു.
പള്ളിയുടെ ഓരോ കാലഘട്ടത്തിലെയും വിപുലീകരണങ്ങളും സൗദി ഭരണകൂടത്തിന് കീഴിൽ നടന്ന അത്യാധുനിക നിർമാണ പ്രവർത്തനങ്ങളും വിവരിക്കുന്ന വിവിധ വിഭാഗങ്ങൾ ഈ ഗാലറിയിലുണ്ട്. പള്ളിയുടെ പഴയകാല രൂപങ്ങളുടെ മിനിയേച്ചറുകളും ചരിത്രപ്രധാനമായ മാതൃകകളും സന്ദർശകരെ നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് കൊണ്ടുപോകുന്ന അനുഭവമാണ് സമ്മാനിക്കുന്നത്.
അത്യന്തം നൂതനമായ ഇന്ററാക്ടീവ് ഡിസ്‌പ്ലേകളും ഡിജിറ്റൽ സ്ക്രീനുകളുമാണ് ഈ എക്സിബിഷന്റെ മറ്റൊരു പ്രത്യേകത. അപൂർവമായ പഴയകാല ഫോട്ടോകൾ, വാസ്തുവിദ്യ പ്ലാനുകൾ, പള്ളിയുടെ വികസനത്തിന്റെ ദൃശ്യരേഖകൾ എന്നിവ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇസ്‌ലാമിക കലയുടെയും വാസ്തുവിദ്യയുടെയും തനിമ വിളിച്ചോതുന്ന പുരാതന വസ്തുക്കളും സന്ദർശകർക്ക് ഇവിടെ കാണാം.
കേവലം കാഴ്ചകൾക്കപ്പുറം, പ്രവാചക പള്ളിയോടുള്ള വൈകാരികവും മതപരവുമായ ബന്ധത്തെ കൂടുതൽ ആഴത്തിലാക്കാൻ സഹായിക്കുന്ന സാംസ്കാരിക കേന്ദ്രമായാണ് ഇതിനെ ഒരുക്കിയിരിക്കുന്നത്. ചരിത്രത്തെ സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ചിരിക്കുന്ന ഈ പ്രദർശനം തീർഥാടകർക്കും ചരിത്രപ്രേമികൾക്കും ഒരുപോലെ അറിവും വിസ്മയവും പകരുന്ന പ്രധാന ലക്ഷ്യസ്ഥാനമായി മാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

