തീർഥാടകർക്ക് പുതിയ അനുഭവമായി പ്രവാചകന്റെ ജീവചരിത്ര മ്യൂസിയം
text_fieldsമദീന: തീർഥാടകർക്ക് അറിവിന്റെയും അനുഭവങ്ങളുടെയും പുതിയ ലോകം തുറന്നുനൽകുകയാണ് മദീനയിലെ പ്രവാചകന്റെ ജീവചരിത്രവും ഇസ്ലാമിക നാഗരികതയും അനാവരണം ചെയ്യുന്ന അന്താരാഷ്ട്ര മ്യൂസിയം. 25 പവലിയനുകളിൽ ഒരുക്കിയ പ്രദർശന വസ്തുക്കൾ മുഹമ്മദ് നബിയുടെ ജീവചരിത്രം, ഉദാത്തമായ പെരുമാറ്റരീതികൾ, മഹത്തായ ധാർമികത, ജീവിതത്തിലെ പ്രധാന സംഭവങ്ങൾ എന്നിവയെക്കുറിച്ച് ഒരു സമഗ്ര ചിത്രം സന്ദർശകർക്ക് സമ്മാനിക്കുന്നു.
മദീന മസ്ജിദുന്നബവിയിലെ പ്രവാചകന്റെ ജീവചരിത്ര മ്യൂസിയം
ശാസ്ത്രീയ സമീപനം, ഉറച്ച ഗവേഷണ അടിത്തറകൾ, അതുല്യമായ സാങ്കേതിക കണ്ടുപിടുത്തം, നൂതനവും സൃഷ്ടിപരവുമായ അവതരണം എന്നിവയാൽ ഏറ്റവും ആകർഷണീയവും വിജ്ഞാനപ്രദവുമായാണ് മ്യൂസിയം സജീകരിച്ചിരിക്കുന്നത്. മുസ്ലിം വേൾഡ് ലീഗിന്റെ സഹകരണത്തോടെയാണ് മ്യൂസിയം ഒരുക്കിയിട്ടുള്ളത്. വിവിധ ദേശക്കാരായ നിരവധി തീർഥാടകരാണ് ദിനംപ്രതി പവയിയനുകൾ സന്ദർശിക്കുന്നത്.
മദീന മസ്ജിദുന്നബവിയുടെ മുറ്റത്ത് അൽസലാം, റഹ്മ, ഖുബാഅ്, ഹിജ്റ എന്നീ കവാടങ്ങൾക്ക് സമീപത്താണ് മ്യൂസിയം. ദൈവത്തിന്റെ മനോഹരമായ പേരുകളും ഗുണങ്ങളും പരിചയപ്പെടുത്തുന്ന പവലിയനുകളും മ്യൂസിയത്തിലുണ്ട്. സഹിഷ്ണുതക്കും കാരുണ്യത്തിനും പ്രാധാന്യം നൽകുന്ന ഇസ്ലാമിന്റെ സന്ദേശം നിരവധി ഭാഷകളിലും ആധുനിക വിദ്യാഭ്യാസ രീതികളിലൂടെയും അവതരിപ്പിക്കപ്പെടുന്നു.
മദീന മസ്ജിദുന്നബവിയിലെ പ്രവാചകന്റെ ജീവചരിത്ര മ്യൂസിയം
പ്രവാചകന്റെ ജീവചരിത്രത്തിന്റെ ദൃശ്യാവതരണങ്ങളും പ്രവാചക കാലഘട്ടത്തിലെ മദീനയുടെ ചരിത്രപരവും സാമൂഹികവുമായ വശങ്ങൾ പകർത്തുന്ന നിരവധി സാങ്കേതികവിദ്യകളും കാഴ്ചക്കാർക്ക് വളരെ വേഗം കാര്യഗ്രഹണത്തിന് സഹായിക്കുന്നുണ്ട്. ഹിജ്റക്ക് ശേഷം മദീന സാക്ഷ്യം വഹിച്ച ചരിത്ര സംഭവങ്ങളും അനാവരണം ചെയ്യപ്പെടുന്നു. പ്രവാചക പള്ളിയുടെ നിർമ്മാണം, പരിചരണം, വികാസം, സന്ദർശകർക്കുള്ള സേവനങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നു.
കാരുണ്യത്തിന്റെ സന്ദേശമായി ഇസ്ലാമിനെയും ഉദാത്ത നിലപാടുകളെയും സമീപനങ്ങളെയും അവതരിപ്പിക്കലും മ്യൂസിയത്തിന്റെ ലക്ഷ്യമാണ്. ഖുർആൻ, നബിചര്യ, ഇരുഹറമുകളുടെ നിർമാണം എന്നിവയുടെ പരിചരണത്തിൽ സൗദി അറേബ്യ വഹിക്കുന്ന പങ്കും ഇത് എടുത്തുകാണിക്കുന്നു. മദീനക്ക് പുറമെ മക്ക, മൊറോക്കോയിലെ റുബാത്ത്, സെനഗലിലെ ദാകാർ, മൗറിതാനിയയിലെ നൗക്ചോട്ട് എന്നിവിടങ്ങളിലായി മ്യൂസിയത്തിന് അഞ്ച് ശാഖകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

