റമദാൻ ആദ്യ പത്തിലെ ഇരുഹറം പദ്ധതി വിജയകരം -ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്
text_fieldsറമദാൻ രണ്ടാമത്തെ പത്തിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുഹറമുകളിലെ വിവിധ വകുപ്പ് മേധാവികളുമായി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ചർച്ച നടത്തിയപ്പോൾ
മക്ക: റമദാൻ ആദ്യ 10 ദിവസങ്ങളിലെ ഇരുഹറമുകളിലെ പദ്ധതികൾ വിജയകരമെന്ന് ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. രണ്ടാമത്തെ 10 ദിവസങ്ങളിൽ മതപരമായ സംരംഭങ്ങൾ ശക്തമാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതിനുവേണ്ട പദ്ധതികൾ ഒരുക്കിയിട്ടുണ്ട്.ആദ്യ 10ലെ പദ്ധതികൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. പദ്ധതികൾ ഒാരോന്നും സന്ദർശകർക്കും തീർഥാടകർക്കും ഭക്തിനിർഭരമായ അന്തരീക്ഷം ഒരുക്കുന്നതിലും അതിഥികളെ സേവിക്കുന്നത് കേന്ദ്രബിന്ദുവായിക്കണ്ടും അവരുടെ മതപരമായ അനുഭവം സമ്പന്നമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ്. സന്ദർശകരുടെയും തീർഥാടകരുടെയും തിരക്ക് വർധിക്കുന്ന സാഹചര്യം പരിഗണിച്ച് രണ്ടാമത്തെ പത്തിൽ മതപരമായ ക്ലാസുകൾ സജീവമാക്കും. ഹറമുകളുടെ സന്ദേശം ഉയർത്തിക്കാട്ടും. അവ രണ്ടിന്റെയും സ്ഥാനം മുസ്ലിംകളുടെ മനസ്സിൽ നിക്ഷേപിക്കുമെന്നും ഡോ. സുദൈസ് പറഞ്ഞു.
ആദ്യ പത്തിലെ പദ്ധതി വിജയകരവും വ്യതിരിക്തവുമാക്കുന്നതിൽ മാധ്യമങ്ങൾ ഫലപ്രദമായ പങ്കാണ് വഹിച്ചതെന്നും ഇരുഹറം കാര്യാലയവുമായുള്ള അവയുടെ ബന്ധം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സ്ഥാപനങ്ങൾക്കൊപ്പം മാധ്യമങ്ങളും വിജയത്തിലെ പങ്കാളികളാണെന്നും നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റമദാന്റെ സദ്ഗുണങ്ങൾ ഉയർത്തിക്കാട്ടേണ്ടതിന്റെ ആവശ്യകത മതകാര്യങ്ങളിലെ നേതാക്കളോടും ജീവനക്കാരോടും ഡോ. സുദൈസ് ഊന്നിപ്പറഞ്ഞു.
ആളുകളിൽ ഇരുഹറമുകളുടെ മതപരമായ ഡിജിറ്റൽ അനുഭവം വർധിപ്പിക്കുകയും പ്രത്യേകിച്ച് റമദാനിലെ മതപരമായ സംരംഭങ്ങൾ സജീവമാക്കുകയും ചെയ്യേണ്ടതുണ്ട്. തീർഥാടന സേവനരംഗത്തെ സൗദി അറേബ്യയുടെ തിളക്കമാർന്ന ചിത്രം പുറംലോകത്തെ അറിയിക്കണം. സന്ദർശകർക്കും താമസക്കാർക്കും ആരാധകർക്കുമുള്ള സേവനത്തിന്റെ ഏറ്റവും ഉയർന്ന തലത്തിലേക്ക് ഉയരാൻ കൂടുതൽ ശ്രമങ്ങൾ എല്ലാവരും നടത്തണമെന്നും ഡോ. സുദൈസ് ആവശ്യപ്പെട്ടു. റമദാൻ രണ്ടാമത്തെ പത്തിലേക്ക്പ്രവേശിക്കുന്നതിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ഇരുഹറമുകളിലെ വിവിധ വകുപ്പ് മേധാവികളുമായി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് കൂടിക്കാഴ്ച നടത്തുകയും റമദാൻ പ്രവർത്തന പദ്ധതികൾ വിലയിരുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

