പ്രൊക്രൂസ്റ്റസുമാരെ ആര് പിടിച്ചുകെട്ടും?
text_fieldsഗ്രീക്ക് മിഥോളജിയിലെ ദുഷ്ട കഥാപാത്രമായിരുന്നല്ലോ പ്രൊക്രൂസ്റ്റസ്. വഴിയെ പോകുന്ന യാത്രക്കാരെ തെൻറ വീട്ടിലേക്ക് വിരുന്നിനെന്ന വ്യാജേന ക്ഷണിക്കുകയും അവർക്ക് മധുര പാനീയങ്ങളും ഭക്ഷണവും നൽകി മയക്കിക്കിടത്തി തെൻറ ക്രൂരതകൾ കാണിക്കുകയുമാണ് പ്രൊക്രൂസ്റ്റസിെൻറ രീതി. ഉറക്കത്തിൽ ‘അതിഥി’യെ കൊള്ളയടിക്കുകയും എതിർത്താൽ തലക്കടിച്ച് വകവരുത്തുകയുമായിരുന്നു അയാളുടെ പതിവ്.
നാം ജീവിക്കുന്ന നഗരം വലുതാകുമ്പോൾ ഇത്തരം പ്രൊക്രൂസ്റ്റസുമാരുടെ വലകളെ കുറിച്ചുള്ള സാമാന്യ ധാരണ എല്ലാ പ്രവാസി സുഹൃത്തുക്കൾക്കും അത്യാവശ്യമാണ്. നാം വഴിയിലൂടെ നടന്നുപോവുകയോ വാഹനം നിർത്തി വീട്ടിലേക്ക് കയറിപ്പോവുകയോ ചെയ്യുമ്പോഴായിരിക്കും പതുങ്ങിയിരിക്കുന്ന പ്രൊക്രൂസ്റ്റസ് പ്രത്യക്ഷപ്പെടുക. റിയാദിെൻറ പല ഗല്ലികളിലും പട്ടാപ്പകൽ പോലും ഇന്ന് ഇവരുടെ വിളയാട്ടം അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. പഴ്സും ബാഗും തട്ടിപ്പറിച്ചോടുന്ന ബൈക്കുകാരും തക്കം പാർത്ത് കറങ്ങുന്ന സൈക്കിളുകാരും തസ്കര സംഘത്തിലുണ്ട്.
പ്രൊക്രൂസ്റ്റസ് പുരുഷൻ മാത്രമല്ല സ്ത്രീയും ആയിരിക്കാമെന്നതാണ് പുതിയ വേർഷൻ. പതിവുപോലെ ഓഫിസിെൻറ മുന്നിലെത്തിയപ്പോൾ പരിക്ഷീണിതയായി കാണപ്പെട്ട വനിത സഹായത്തിനായി കൈനീട്ടി. ‘പാവമല്ലേ അതും, ഒരു സ്ത്രീയല്ലേ’ എന്ന ഉൾപ്രേരണക്ക് വിധേയനായി അയാൾ അഞ്ച് റിയാൽ അവർക്ക് നൽകി. അപ്പോൾ അവർ കൂടുതൽ ദൈന്യതയോടെ തെൻറ പ്രയാസങ്ങൾ വിവരിക്കുകയും ‘ഇതുകൊണ്ട് എനിക്കൊന്നുമാവില്ലെ’ന്നും പറഞ്ഞ് കൂടുതൽ പണത്തിനായി കെഞ്ചി.
കൈയിൽ വേറെ കാശില്ലെന്ന് പറഞ്ഞപ്പോൾ അവൾ എസ്.ടി.സി പേ അയച്ചാൽ മതിയെന്ന് പറഞ്ഞു. ഒരു നിമിഷം അശ്രദ്ധനായിനിന്ന അയാളിൽനിന്നും പെടുന്നനെ മൊബൈൽ ഫോൺ ആ സ്ത്രീ കൈക്കലാക്കി. എന്നിട്ട് നമ്പർ അടിക്കുന്ന വ്യാജേന കൂടുതൽ പണം ആവശ്യപ്പെട്ടു. സംഗതി കൈവിട്ടുപോയി എന്ന് ബോധ്യം വന്നപ്പോൾ അയാൾ ഫോൺ തിരിച്ചുനൽകാൻ കേണിട്ടും അവൾ നൽകിയില്ല. അവസാനം പഴ്സിലുണ്ടായിരുന്ന 55 റിയാൽ കൂടി അവൾക്ക് കൊടുത്തു. എന്നിട്ടും അവൾ ഫോൺ തിരികെ നൽകിയില്ല. അവളിൽനിന്ന് ബലം പ്രയോഗിച്ച് വാങ്ങുവാനോ തട്ടിപ്പറിക്കുവാനോ ശ്രമിച്ചാൽ അത് വിപരീത ഫലം ഉണ്ടാക്കുമെന്ന് അയാൾക്ക് ഉറപ്പായിരുന്നു. അവസാനം ‘നാളെ തരാമെന്ന്’ താണുകേണ് അപേക്ഷിച്ചപ്പോൾ അവൾ ഫോൺ തിരിച്ചു നൽകി. 60 റിയാൽ സ്വാഹ! അയാൾ തെല്ല് ആശ്വാസത്തോടെ ചുറ്റും നോക്കി ഓഫിസിലേക്കും അവൾ ഫുട്പാത്തിലൂടെ മുന്നോട്ടും നീങ്ങി.
അടുത്തദിവസം അവൾ ഒരു അറബ് വംശജന്റെ വാഹനത്തിൽ കയറിപ്പോകുന്നതാണ് അയാൾ കണ്ടത്. ഒരു കൗതുകത്തിന് ഫോളോ ചെയ്തപ്പോൾ വാഹനത്തിനുള്ളിൽ അവർ കശപിശ കൂടുകയും അടുത്ത സിഗ്നലിൽ അവളെ നിഷ്കരണം പുറത്തേക്ക് തള്ളുന്നതുമാണ് കണ്ടത്. മറ്റൊരു ദിവസം ഒരു പാകിസ്താനിയെ അവൾ ‘ബന്ധി’യാക്കുന്ന കാഴ്ചയാണ് കണ്ടത്. പ്രാരബ്ദങ്ങളുടെയും ക്ലിഷ്ടതയുടെയും മുഖം മൂടിയണിഞ്ഞ് മനുഷ്യരുടെ ആർദ്രത പിടിച്ചുപറ്റിയ ശേഷം സൗദിയിൽ സ്ത്രീകൾക്കുള്ള സുരക്ഷയുടെ കവചമുപയോഗിച്ച് ആളുകളെ കെണിവെച്ച് വീഴ്ത്തുന്നത് പതിവായിരിക്കുന്നു.
ഫുട്പാത്തിലൂടെ നടന്നുപോകുമ്പോൾ മുഖത്തെ കരിവാളിപ്പ്, നരച്ച മുടി, ഉന്തിയ വയർ... തുടങ്ങി പല പ്രശ്നങ്ങൾക്കും പരിഹാരവുമായി പ്രത്യക്ഷപ്പെടുന്ന പ്രൊക്രൂസ്റ്റസുമാരുമുണ്ട്. ചിലപ്പോൾ വാഹനം നിർത്തി നാം പുറത്തിറങ്ങുമ്പോൾ അരോഗദൃഢഗാത്രനും സുമുഖനും സുന്ദരനുമായ ഒരു യുവാവ് നമ്മോട് ദൈന്യഭാവത്തിൽ ഒരു 10 റിയാൽ ആവശ്യപ്പെടും, അല്ലെങ്കിൽ ഒരു നേരത്തെ ഭക്ഷണം ചോദിക്കും. അത് നമ്മുടെ മനസ്സിലുണ്ടാക്കുന്ന ‘വേദന’ ഒരു സഹായമായി പരിവർത്തിക്കപ്പെടും. എല്ലാം ഒടുവിൽ എത്തിച്ചേരുന്നത് നമ്മുടെ ധന, മാനനഷ്ടത്തിലേക്കായിരിക്കും. ‘അനുനയവാക്കുകള്‍ ചൊല്ലിക്കൊണ്ടവന്‍ അവരുടെ പിറകെ കൂടും, വീട്ടിലേക്ക് അവനവരെ വിളിക്കും. വിരുന്നു നല്‍കാനായി, അവര്‍ക്ക് തേനും പഴവും നല്കാന് അനുചരസംഘം നില്ക്കും. അവെൻറ ഗുഹയിലെ ഇരുമ്പ് കട്ടിലില്‍ ആളുകള്‍ വീണുമയങ്ങും. ഉറക്കമായാൽ അവരുടെ മുതലുകളൊക്കെ കൊള്ളയടിക്കും. (പ്രൊക്രൂസ്റ്റസ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

