വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ-വിദേശ പങ്കാളിത്തം വർധിപ്പിക്കും
text_fieldsറിയാദിൽ വിദ്യാഭ്യാസ-നിക്ഷേപ ഫോറത്തിൽ സൗദി
വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽ ബുനിയൻ സംസാരിക്കുന്നു
റിയാദ്: സൗദി അറേബ്യയുടെ വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ, വിദേശ നിക്ഷേപകരുടെ പങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നതായി വിദ്യാഭ്യാസമന്ത്രി യൂസഫ് അൽ ബുനിയൻ പ്രസ്താവിച്ചു. റിയാദിൽ നടന്ന വിദ്യാഭ്യാസ-നിക്ഷേപ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വിദേശ നിക്ഷേപകർക്ക് നിർണായക പങ്കുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ മേഖലയിൽ സുപ്രധാന മാറ്റങ്ങൾക്കാണ് ഇനിയുള്ള നാളുകൾ സാക്ഷ്യം വഹിക്കുക. സ്കൂൾ വിദ്യാഭ്യാസം മുതൽ സർവകലാശാല തലംവരെയുള്ള മേഖലകളിൽ നിക്ഷേപം നടത്താൻ 199 വിദേശഅപേക്ഷകൾ മന്ത്രാലയത്തിന് ഇതിനകം ലഭിച്ചു കഴിഞ്ഞു. നിക്ഷേപകർക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ സർക്കാർ വിജയിച്ചുവെന്നതിന്റെ തെളിവാണ് ഈ വർധന.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നേതൃത്വം നൽകുന്ന ഹ്യൂമൻ കെയ്പബിലിറ്റി ഡെവലപ്മെൻറ് പ്രോഗ്രാമിലൂടെ വിദ്യാഭ്യാസ മേഖലക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. വിദ്യാഭ്യാസ വികസനം എന്നത് സർക്കാർ മേഖലയിലൂടെ മാത്രം നടപ്പാക്കേണ്ട ഒന്നല്ലെന്ന് മന്ത്രി വ്യക്തമാക്കി. നിക്ഷേപകർക്ക് സുതാര്യമായ മാർഗനിർദേശങ്ങളും എളുപ്പത്തിലുള്ള നടപടിക്രമങ്ങളും മന്ത്രാലയം ഉറപ്പാക്കുന്നുണ്ട്. ‘വിദ്യാഭ്യാസം എന്നത് വെറുമൊരു ചെലവല്ല, മറിച്ച് മനുഷ്യരിലുള്ള ഏറ്റവും വലിയ നിക്ഷേപമാണെന്ന് മന്ത്രി യൂസഫ് അൽ ബുനിയൻ പറഞ്ഞു.
നിക്ഷേപകരുടെ യാത്ര സുഗമമാക്കുന്നതിനും ഈ മേഖലയിലെ വളർച്ച അവസരങ്ങൾ വർധിപ്പിക്കുന്നതിനുമായി വ്യക്തമായ നിയമനിർമാണങ്ങൾ രാജ്യത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

