ദമ്മാം മുൻ ഗവർണർ അമീർ മുഹമ്മദ് ബിൻ ഫഹദ് അന്തരിച്ചു
text_fieldsജിദ്ദ: സൗദി കിഴക്കൻ പ്രവിശ്യ (ദമ്മാം) മുൻ ഗവർണർ അമീർ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ സഊദ് (75) അന്തരിച്ചു. റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ ബുധനാഴ്ച ദുഹ്ർ നമസ്കാരത്തിന് ശേഷം ജനാസ നമസ്കരിച്ചു ഖബറടക്കും. സൗദി മുൻ ഭരണാധികാരി ഫഹദ് ബിൻ അബ്ദുൽ അസീസ് രാജാവിെൻറ രണ്ടാമത്തെ മകനാണ്. റിയാദിൽ ജനിച്ച അദ്ദേഹം റിയാദിലെ ക്യാപിറ്റൽ മോഡൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പൊതുവിദ്യാഭ്യാസം നേടി.
സാന്താ ബാർബറയിലെ കാലിഫോർണിയ സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും ബിരുദം നേടി. ശേഷം സർക്കാർ ജോലിയിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം സ്വകാര്യ മേഖലയിൽ ജോലി ചെയ്തു. ആഭ്യന്തര ഉപ മന്ത്രി പദവിയിലാണ് ഔദ്യോഗിക ജീവിതാരംഭം. 1985 മുതൽ 2013 വരെ കിഴക്കൻ പ്രവിശ്യാ ഗവർണർ ആയി സേവനമനുഷ്ഠിച്ചു. നിരവധി മാനുഷികവും സാമൂഹികവുമായ വിഷയങ്ങളിൽ അദ്ദേഹത്തിെൻറ സംഭാവന സ്മരണീയമാണ്.
അമീർ മുഹമ്മദ് ബിൻ ഫഹദ് പ്രോഗ്രാം ഫോർ യൂത്ത് ഡെവലപ്‌മെൻറ് ഉൾപ്പെടെ സാമൂഹിക സേവനത്തിനായി അദ്ദേഹം വിവിധ സംരംഭങ്ങളും പരിപാടികളും ആരംഭിച്ചു. അമീർ മുഹമ്മദ് ബിൻ ഫഹദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റേറിയൻ ഡെവലപ്‌മെൻറ് അദ്ദേഹം സ്ഥാപിച്ചു. കിഴക്കൻ പ്രവിശ്യയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സ്വകാര്യ സർവകലാശാല എന്നത് അദ്ദേഹത്തിെൻറ ആശയമായിരുന്നു. അങ്ങനെ ആരംഭിച്ച സർവകലാശാലക്ക് ആദരസൂചകമായി അദ്ദേഹത്തിെൻറ പേരാണ് നൽകിയിരിക്കുന്നത്.
അമീർ ജവഹർ ബിൻത് നാഇഫ് ബിൻ അബ്ദുൽ അസീസ് ആണ് ഭാര്യ. തുർക്കി, ഖാലിദ്, അബ്ദുൽ അസീസ്, നൗഫ്, നൗറ, മിഷാൽ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

