ദമ്മാം: സൗദിയില്‍ നടപ്പിലാക്കിയ വിവിധ ലെവികളുടെ പേരിൽ അവശ്യസാധനങ്ങളുടെ വില വര്‍ധന അനുവദിക്കിെല്ലന്ന് സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ല എന്ന് ചേംബറുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ മന്ത്രാലയം വ്യക്തമാക്കി. ഇത് തടയാന്‍ വരുംദിവസങ്ങളില്‍ കര്‍ശന പരിശോധന ഉണ്ടായിരിക്കും എന്നാണ് സൂചന.
ആശ്രിതര്‍ക്ക് ലെവി നടപ്പിലാക്കിയ ശേഷം ചില അവശ്യസാധനങ്ങളുടെ വില വര്‍ധിച്ചതായി മന്ത്രാലയത്തിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍. എല്ലാ ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ ഉല്‍പന്നങ്ങളുടെ വില പ്രദര്‍ശിപ്പിക്കണം എന്നും കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. ഇതില്‍ വീഴ്ച വരാതിരിക്കാന്‍ അടുത്ത മാസം പ്രത്യേക പരിശോധന സംഘത്തിനെ നിയോഗിക്കും. നിയമം പാലിക്കാത്തവരുടെ അനുമതി റദ്ദാക്കുന്നതടക്കം കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടുതലും ചെറിയ കടകള്‍ നിയമം ലംഘിക്കുന്നതായാണ് മന്ത്രാലയം കണ്ടെത്തിയത് എന്നാണ് സർക്കുലർ സൂചിപ്പിക്കുന്നത്.