ഉംറ സീസൺ പദ്ധതി മുഹറം ആദ്യം മുതൽ -ഇരുഹറം പ്രസിഡൻസി
text_fieldsമക്ക: ഹിജ്റ 1447ലെ ഉംറ സീസണിനായി സമഗ്രമായ പദ്ധതി ആരംഭിക്കാൻ പൂർണ സജ്ജമാണെന്ന് മക്ക, മദീന ഇരുഹറം പ്രസിഡൻസി വ്യക്തമാക്കി. ഹിജ്റ വർഷാരംഭമായ മുഹറം തുടക്കത്തിൽ പദ്ധതി ആരംഭിക്കും. ഈ പദ്ധതി ഇതുവരെയുള്ളതിൽ ഏറ്റവും വലുതായിരിക്കും.
ഭക്തിപരവും വൈജ്ഞാനികവുമായ പരിപാടികളുടെയും സംരംഭങ്ങളുടെയും സമഗ്രമായ പാക്കേജിലൂടെ തീർഥാടകർക്ക് അനുഭവം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതായിരിക്കുമെന്നും ഇരുഹറം പ്രസിഡൻസി പറഞ്ഞു.
തീർഥാടകർക്ക് ആരാധനക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക, സീസണിലുടനീളം വൈജ്ഞാനിക പരിപാടികളിലൂടെയും മതപരമായ സംരംഭങ്ങളിലൂടെയും മാർഗനിർദേശവും അവബോധ സേവനങ്ങളും നൽകുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഇരുഹറം മതകാര്യ പ്രസിഡന്റ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് വിശദീകരിച്ചു.
ഇരുഹറമിനുള്ളിൽ പ്രവർത്തിക്കാൻ സന്നദ്ധപ്രവർത്തകരെ ആകർഷിക്കുക, അതുവഴി ഫീൽഡ് വർക്ക് സിസ്റ്റം ശക്തിപ്പെടുത്തുക എന്നിവയും ലക്ഷ്യമാണ്. മസ്ജിദുൽ ഹറാമിനകത്തും പുറത്തും പ്രത്യേകിച്ച് സഫയിലും മർവയിലും ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനുള്ള കേന്ദ്രങ്ങൾ 10 സ്ഥലങ്ങളിലായി ഒരുക്കിയിട്ടുണ്ട്.
കൂടാതെ മതപരമായ അന്വേഷണങ്ങൾക്ക് ഉത്തരം നൽകുന്നതിനായി നാല് ടെലിഫോൺ ഓഫിസുകൾ ഉണ്ടാകും. 62ഒാളം പണ്ഡിതന്മാർ, നിരവധി ജഡ്ജിമാർ, യൂനിവേഴ്സിറ്റി ഫാക്കൽറ്റി അംഗങ്ങൾ എന്നിവർ 24 മണിക്കൂറും സേവനത്തിനായി ഉണ്ടാകും.
പുതിയ ഹിജ്റ വർഷത്തിന്റെ തുടക്കത്തിൽ പദ്ധതി ആരംഭിക്കുമെന്ന് ഡോ. അൽസുദൈസ് പറഞ്ഞു. ഉംറ തീർഥാടകരെ സേവിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്ന ആശയം ഒരു കേന്ദ്ര വിഷയമായി അവതരിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. എല്ലാ സർക്കാർ ഏജൻസികളുമായും സഹകരിച്ചും പങ്കാളികളായും സീസൺ പദ്ധതികൾ വിജയം വരിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അൽസുദൈസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

