ഹജ്ജ് പവിത്രത കാത്തുസൂക്ഷിക്കണം; ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണം -മക്ക ഹറം ഇമാം
text_fieldsമക്ക: ഹജ്ജ് കർമ്മത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും തീർഥാടകരുടെ സുരക്ഷയും പൊതുജനക്ഷേമവും മുൻനിർത്തി അധികൃതർ ഏർപ്പെടുത്തിയിട്ടുള്ള ചട്ടങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും മക്ക മസ്ജിദുൽ ഹറാം ഇമാമും ഖത്തീബുമായ ഡോ. മാഹിർ ബിൻ ഹമദ് അൽ മുഐഖ്‍ലി ആഹ്വാനം ചെയ്തു. മസ്ജിദുൽ ഹറാമിൽ വെള്ളിയാഴ്ച ജുമുഅ ഖുതുബ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ശരിയായ ഹജ്ജ് പെർമിറ്റ് ഇല്ലാതെ തീർഥാടനം നടത്തരുതെന്ന് ഇമാം ശക്തമായ മുന്നറിയിപ്പ് നൽകി. ഔദ്യോഗിക അനുമതിയില്ലാതെ ഹജ്ജ് ചെയ്യുന്നത് മറ്റ് തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അല്ലാഹുവിന്റെ അതിഥികളായെത്തുന്നവർക്കായി ഒരുക്കിയിട്ടുള്ള സേവനങ്ങളെയും ക്രമീകരണങ്ങളെയും അത് തടസ്സപ്പെടുത്തുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
തീർഥാടകരെ സേവിക്കുന്നത് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ പുണ്യപ്രവർത്തികളിൽ ഒന്നാണ്. ഹജ്ജ്-ഉംറ തീർഥാടകർക്കും സന്ദർശകർക്കും മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിനും അവരുടെ സുഗമമായ കർമ്മനിർവഹണവും സുരക്ഷയും ഉറപ്പാക്കുന്നതിനും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നേതൃത്വത്തിൽ സൗദി സർക്കാർ നടത്തുന്ന നിരന്തര ശ്രമങ്ങളെ ഇമാം പ്രസംഗത്തിൽ പ്രശംസിച്ചു.
മുസ്‌ലിംകളുടെ ഐക്യത്തിനും ഒത്തൊരുമയ്ക്കും വേണ്ടിയാണ് ഇസ്‌ലാം നിലകൊള്ളുന്നത്. മനുഷ്യർക്കിടയിലെ വേർതിരിവ് നിറത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തിലല്ല, മറിച്ച് ഭക്തിയുടെ (തഖ്‌വ) അടിസ്ഥാനത്തിലായിരിക്കണമെന്ന് ഇസ്‌ലാം ഓർമിപ്പിക്കുന്നു. പുണ്യകരമായ ഹജ്ജ് തീർഥാടനത്തിന് സ്വർഗമല്ലാതെ മറ്റൊരു പ്രതിഫലമില്ല. ഹജ്ജിന്റെ സ്വീകാര്യതയും സാധുതയും ഏകദൈവ വിശ്വാസം ഉയർത്തിപ്പിടിക്കുന്നതിലും പ്രവാചകചര്യകൾ കൃത്യമായി പിന്തുടരുന്നതിലുമാണ് അടങ്ങിയിരിക്കുന്നത്.
ഹജ്ജ് കർമ്മം പൂർണമായും അല്ലാഹുവിനെ മഹത്വപ്പെടുത്തുന്നതിലും, അവന്റെ ഏകത്വം പ്രഖ്യാപിക്കുന്നതിലും, പ്രാർത്ഥനകളിലൂടെയും ആരാധനകളിലൂടെയും അവനെ ഓർക്കുന്നതിലുമാണ് അധിഷ്ഠിതമായിരിക്കുന്നതെന്നും ഹറം ഇമാം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

