Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർക്കും മനസ്സിലാവാത്ത മരുന്നു കുറിപ്പടികൾ

text_fields
bookmark_border
ആർക്കും മനസ്സിലാവാത്ത മരുന്നു കുറിപ്പടികൾ
cancel
camera_alt

മഹേഷ് പള്ളിയാൽതൊടി,ഫാർമസിസ്റ്റ്, റിയാദ്

ഡോക്ടർ എഴുതിനൽകുന്ന മരുന്ന് കുറിപ്പടി സമീപത്തുള്ള മരുന്നുകടക്കാരനല്ലാത്തവര്‍ക്ക് വായിച്ചെടുക്കുക ദുഷ്‌കരമാണ്​. ഇംഗ്ലീഷിലെങ്കിലും കോഡ് രീതിയിലുള്ള ഈ കുറിപ്പടിക്കു മുന്നില്‍ ആംഗലേയ ഭാഷയില്‍ എത്ര പരിജ്ഞാനമുള്ളവനും മുട്ടുമടക്കും. ഡോക്ടര്‍മാര്‍ നിര്‍ബന്ധമായും അനുശാസിക്കേണ്ട 'സദാചാര സംഹിത'കളില്‍ മരുന്നുകുറിപ്പടികള്‍ മനസ്സിലാകുന്ന വിധത്തില്‍ വ്യക്തമായി എഴുതണമെന്ന് നിര്‍ദേശമുണ്ടെങ്കിലും പലരും അത് പാലിക്കാറില്ല. അതേസമയം, ഏത് സാധാരണക്കാരനും വായിക്കാവുന്ന വിധം വൃത്തിയായി മരുന്നു കുറിപ്പടി എഴുതുന്നവരുമുണ്ട് എന്നകാര്യം വിസ്മരിക്കുന്നില്ല.

എന്തിനാണ് വൃത്തിയായി എഴുതാന്‍ അറിയാമായിരുന്നിട്ടും പലരും ഈവിധം കുറിപ്പടിയെഴുതുന്നത്? എന്താണിതിന്‍റെ താൽപര്യം? ഡോക്ടറും അടുത്ത മരുന്നുകടക്കാരും തമ്മിലുള്ള അഡ്ജസ്റ്റ്മെന്‍റായതു കൊണ്ടാണോ? അതോ, തന്‍റെ ചികിത്സാവിധികള്‍ പരമാവധി രഹസ്യമാക്കിവെക്കുക എന്ന ലക്ഷ്യമാണോ? ഏതായാലും രോഗികളെയും ഫാർമസിസ്റ്റുകളെയും ഇത് കടുത്ത പ്രയാസത്തിലാക്കാറുണ്ട്. കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷനും മറ്റുപല മനുഷ്യാവകാശ സംഘടനകളും നേരിട്ടുതന്നെ നിരവധി പ്രാവശ്യം ഡോക്ടര്‍മാരുടെ മോശം കൈപ്പടക്കെതിരെ രംഗത്തുവന്നെങ്കിലും ഈ ശീലം മാറ്റാനും എല്ലാവര്‍ക്കും മനസ്സിലാകുന്ന തരത്തില്‍ കുറിപ്പടി എഴുതാനും ഡോക്ടര്‍മാര്‍ പൊതുവേ സന്നദ്ധമല്ല.

വ്യക്തമായി മരുന്നു കുറിപ്പടി എഴുതണമെന്ന ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്‍റെയും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്‍റെയും നിർദേശം ഇപ്പോഴും പല ഡോക്ടർമാരും പാലിക്കുന്നില്ല. ഇംഗ്ലീഷിൽ വലിയ അക്ഷരത്തിൽ മാത്രമേ കുറിപ്പടി എഴുതാവൂ എന്നനിർദേശമാണ് നടപ്പാകാത്തത്. കൈയക്ഷരം തിരിച്ചറിയാതെ മരുന്ന്‌ മാറിനൽകി അപകടമുണ്ടായാൽ പൂർണ ഉത്തരവാദിത്തം ഡോക്ടർമാർക്കാണെന്ന് മെഡിക്കൽ കൗൺസിൽ 2014ലെ നിർദേശത്തിൽ പറയുന്നുണ്ട്. നിർദേശം നടപ്പാക്കാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. എന്നാൽ, മെഡിക്കൽ കൗൺസിലിന്‍റെ നിർദേശം പാലിക്കാതെയാണ് മിക്ക ഡോക്ടർമാരും കുറിപ്പടികൾ എഴുതുന്നത്. മരുന്നിന്‍റെ ജനറിക് നാമം എഴുതണമെന്ന നിർദേശവും നടപ്പായിട്ടില്ല.

നിയമസഭയിൽ കോട്ടക്കൽ എം.എൽ.എ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ ഡോക്ടർമാരുടെ കുറിപ്പടി സംബന്ധിച്ച ചോദ്യം ഉന്നയിച്ചിരുന്നു. ഡോക്ടർമാരുടെ അവ്യക്തമായ കുറിപ്പടികൾക്കെതിരെയുള്ള പരാതി പരിഹരിക്കാൻ സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്​കരിക്കാനും രോഗികൾക്ക് വായിക്കാൻ കഴിയാത്ത കുറിപ്പടി ലഭിച്ചാൽ അതത് ജില്ലയിലെ ഡി.എം.ഒക്ക് പരാതിനൽകാനും ഉത്തരവുണ്ട്​. എന്നാൽ, ഇതെല്ലാം രേഖകളിൽ മാത്രം ഒതുങ്ങിനിൽക്കുകയാണ്​.

നിലമ്പൂരിൽ പ്രശസ്ത മജീഷ്യൻ ആർ.കെ. മലയത്തിന്‍റെ ഭാര്യ നിർമല മലയത്തിന് ഉണ്ടായ അനുഭവം തന്നെ ഇതിന് ഉദാഹരണമാണ്. ഡോക്ടർ കുറിച്ച മരുന്നല്ല ഫാർമസിയിൽനിന്ന്​ മരുന്നു നൽകിയ ആൾ വായിച്ചെടുത്തത്. രോഗി മരുന്ന് രാത്രിയിൽ കഴിക്കുകയും അളവിൽ കവിഞ്ഞു നിരവധി തവണ മൂത്രമൊഴിക്കേണ്ടിവരുകയും പുലർച്ചെ ടോയ്‌ലറ്റിൽ കുഴഞ്ഞുവീഴുകയും ചെയ്തു. രോഗിയെ ഉടനെ ആശുപത്രിയിൽ എത്തിച്ച് ചികത്സ നൽകി ആരോഗ്യസ്ഥിതി വീണ്ടെടുത്തു. സ്വാഭാവികമായും ആ മരുന്ന് നൽകിയത് ഫാർമസിസ്റ്റ് ആയിരുന്നെങ്കിൽ നീരിനുള്ള മരുന്ന് ഒരിക്കലും രാത്രികാലങ്ങളിൽ കഴിക്കുന്നതിന്ന് കൊടുക്കില്ല എന്ന് തിരിച്ചറിഞ്ഞ് ഡോക്ടറെ ബന്ധപ്പെട്ട് വ്യക്തത വരുത്തുമായിരുന്നു.

ഇതുപോലെ നിരവധി സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുണ്ട്. ഒന്നുകിൽ മരുന്നുകൾ കുറിക്കുന്നതിലെ വ്യക്തതയില്ലായ്മ്മ, അല്ലെങ്കിൽ ആധികാരികമായി മരുന്നിന്‍റെ ബാലപാഠം പോലും അറിയാത്തവർ മരുന്നുകൾ കൈകാര്യം ചെയ്യുന്നത് എന്നതാണ് ഇതിനു കാരണം. ലോകത്ത് അപകടമരണങ്ങളെക്കാൾ കൂടുതൽ ആളുകൾ മരുന്നുകളുടെ തെറ്റായ ഉപയോഗം മൂലമോ പാർശ്വഫലങ്ങൾ കാരണമോ മരണമടയുന്നുണ്ട്. വികസിത രാജ്യങ്ങളിൽ ഇത്തരം വീഴ്ചകൾ റിപ്പോർട്ട് ചെയ്യാൻ, വേണ്ട തിരുത്തൽ നടപടികൾ സ്വീകരിക്കാനും സർക്കാർ സംവിധാനം ഉണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ ഇതൊന്നും നടപ്പായിട്ടില്ല. മെഡിക്കൽ കൗൺസിലും സർക്കാറുകളും എടുക്കുന്ന തീരുമാനങ്ങളും ഉത്തരവുകളും തങ്ങളെ ബാധിക്കില്ല എന്ന മട്ടിൽ ഡോക്ടർമാരുടെ സമൂഹം ഈ വിഷയത്തോട് മുഖംതിരിഞ്ഞു നിൽക്കുന്നത് പൊതുജനാരോഗ്യം നേരിടുന്ന വലിയ വെല്ലുവിളിയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Prescription drugs that no one understands
Next Story