പുണ്യസ്ഥലങ്ങളിൽ ജലവിതരണത്തിനുള്ള തയാറെടുപ്പുകൾ പൂർത്തിയായി
text_fieldsപുണ്യസ്ഥലങ്ങളിലെ ജലവിതരണം സുഗമമാക്കുന്നതിനുള്ള തയാറെടുപ്പുകൾ സൗദി പരിസ്ഥിതി-ജല-കൃഷി മന്ത്രി എൻജി. അബ്ദുറഹ്മാൻ അൽഫദ്ലി സന്ദർശിച്ചപ്പോൾ
മക്ക: ഹജ്ജ് സീസണിൽ ജലവിതരണം സുഗമമാക്കുന്നതിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി പരിസ്ഥിതി-ജല-കൃഷി മന്ത്രി എൻജി. അബ്ദുറഹ്മാൻ അൽഫദ്ലി പറഞ്ഞു. പുണ്യസ്ഥലങ്ങളിലെ പരിസ്ഥിതി, ജലസംബന്ധമായ ഒരുക്കം പരിശോധിക്കാനെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. തീർഥാടകർക്ക് പരിസ്ഥിതി സൗഹൃദപരവും ജലസുരക്ഷാപരവുമായ ഹജ്ജ് ഉറപ്പാക്കുന്നതാണ് പദ്ധതികൾ. ഹജ്ജ് സീസണിനുള്ള തയാറെടുപ്പിനായി മന്ത്രാലയത്തിന്റെ സംവിധാനത്തിന്റെ എല്ലാ മേഖലകൾക്കിടയിലും പൂർണമായ സന്നദ്ധതയും ഉയർന്ന ഏകോപനവുമുണ്ടെന്നും മന്ത്രി പറഞ്ഞു.
ഹജ്ജ് വേളയിൽ പുണ്യസ്ഥലങ്ങളിൽ ഉയർന്ന കാര്യക്ഷമത മാനദണ്ഡങ്ങൾക്കനുസൃതമായി പൂർത്തീകരിച്ച പ്രവർത്തന സംവിധാന പദ്ധതികൾ മന്ത്രി പരിശോധിച്ചു. ജലവിതരണ ലഭ്യത, ഭക്ഷ്യസുരക്ഷ, വായുവിന്റെ ഗുണനിലവാരം, മാലിന്യ സുരക്ഷ, പരിസ്ഥിതി അനുസരണ നിരീക്ഷണം, കീടനിയന്ത്രണം എന്നിവ ഉറപ്പാക്കുന്നതിനുള്ള പ്രത്യേക പദ്ധതികളും പരിപാടികളും പരിശോധിച്ചതിലുൾപ്പെടും.
ജലസേവനങ്ങൾക്കായുള്ള പദ്ധതികളുടെയും പ്രവർത്തന പദ്ധതികളുടെയും സന്നദ്ധത പരിശോധിക്കുന്നതിനായി പരിസ്ഥിതി ജല മന്ത്രി മക്കയിലും പുണ്യസ്ഥലങ്ങളിലും ഫീൽഡ് സന്ദർശനവും നടത്തി. ഉൽപാദനം, ഗതാഗതം, സംഭരണം, വിതരണം, ജലസേചനം, പുണ്യസ്ഥലങ്ങളിൽ നടപ്പാക്കുന്ന വികസന പദ്ധതികൾ, ജല സംവിധാനങ്ങളുടെ തയാറെടുപ്പ്, തന്ത്രപ്രധാനമായ സംഭരണ സൗകര്യങ്ങൾ, പമ്പിങ് സ്റ്റേഷനുകൾ, വിതരണ ശൃംഖലകൾ, സംസ്കരണ പ്ലാൻറുകൾ എന്നിവയും മന്ത്രി പരിശോധിച്ചു.
തീർഥാടകർക്ക് ജലവിതരണം ഉറപ്പാക്കുകയും അവർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രിയുടെ സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

