ഫലം പ്രവചിക്കൂ, കാൽ ലക്ഷം രൂപ നേടൂ, മത്സരവുമായി ഗ്ലോബൽ ഒ.ഐ.സി.സി വാഴക്കാട്
text_fieldsറിയാദ്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്നവർക്ക് കാൽ ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് മലപ്പുറം ജില്ലയിലെ വാഴക്കാട് സ്വദേശികളായ പ്രവാസി കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ ‘ഗ്ലോബൽ ഒ.ഐ.സി.സി വാഴക്കാട്’. സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ വഴിയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒമാൻ മസ്കറ്റിലെ പ്രവാസി വ്യവസായിയും ഇൻകാസ്-ഒ.ഐ.സി.സി പ്രവർത്തകനുമായ അനീഷ് കടവിലാണ് വിജയിക്കുള്ള സമ്മാനത്തുക സ്പോൺസർ ചെയ്തിരിക്കുന്നത്.
യു.ഡി.എഫ് മുന്നണി നേടുന്ന ആകെ സീറ്റുകളുടെ എണ്ണം, എൽ.ഡി.എഫിൽ നിന്നും യു.ഡി.എഫ് ഏറ്റവും കൂടുതൽ സീറ്റുകൾ തിരിച്ചുപിടിക്കുന്ന ജില്ല ഏത് എന്നീ രണ്ട് ചോദ്യങ്ങൾക്കാണ് മത്സരത്തിൽ പങ്കെടുക്കുന്നവർ ഉത്തരം നൽകേണ്ടത്. ഗ്ലോബൽ ഒ.ഐ.സി.സി വാഴക്കാട് എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് മത്സരം നടക്കുന്നത്.
പേജിൽ നൽകിയിരിക്കുന്ന നിബന്ധനകൾ പാലിച്ച് ഉത്തരങ്ങൾ കമൻറായി രേഖപ്പെടുത്താം. വോട്ടെണ്ണൽ ദിനമായ മെയ് നാലിന് രാവിലെ ആറ് വരെയാണ് പ്രവചനങ്ങൾ അറിയിക്കാനുള്ള സമയപരിധി. മത്സരത്തിന് ഇതിനോടകം തന്നെ വലിയ ജനപങ്കാളിത്തവും പ്രതികരണവുമാണ് ലഭിക്കുന്നതെന്ന് ഗ്ലോബൽ ഒ.ഐ.സി.സി വാഴക്കാട് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഷബീർ അലി ദോഹ, സി.കെ. മൻസൂർ ദുബൈ, ഹർഷിദ് ചിറ്റൻ റിയാദ്, എളമരം ജൈസൽ ദോഹ, ശരീഫ് കെ.പി മസ്കറ്റ്, മീഡിയ വിങ് അംഗങ്ങളായ റിയാസ് എളമരം ദുബൈ, ശംവിൽ എളാംകുഴി ദോഹ, സ്പോൺസർ അനീഷ് കടവിൽ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

