'പ്രവാസോത്സവം 2022' ആഘോഷിച്ചു
text_fieldsറിയാദ് പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ‘പ്രവാസോത്സവം 2022’ ഉദ്ഘാടന പരിപാടിയിൽനിന്ന്
റിയാദ്: റിയാദ് പെരുമ്പാവൂർ പ്രവാസി അസോസിയേഷന്റെ 10ാം വാർഷികം 'പ്രവാസോത്സവം 2022' എന്ന പേരിൽ ആഘോഷിച്ചു. മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് നസിർ കുമ്പശ്ശേരി അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം മദീന ഹൈപ്പർ മാർക്കറ്റ് ഡിപ്പാർട്മെന്റ് ഹെഡ് അബ്ദുൽ ഷുക്കൂർ നിർവഹിച്ചു.
ജീവകാരുണ്യത്തെക്കുറിച്ച് ഉസ്മാൻ പരീതും പലിശ രഹിത വായ്പയെക്കുറിച്ച് രക്ഷാധികാരി അലി വാരിയത്തും സംസാരിച്ചു. സാംസ്കാരിക സമ്മേളനത്തിൽ റിയാദിലെ വിവിധ സംഘടന പ്രതിനിധികളായ സത്താർ കായംകുളം, സി.പി. മുസ്തഫ, ശിഹാബ് കൊട്ടുകാട്, ഷുക്കൂർ ആലുവ, ശങ്കർ, ടെന്നി എമ്മാട്ടി, വിജയൻ നെയ്യാറ്റിൻകര, ജലീൽ ആലപ്പുഴ, ഷിബു ഉസ്മാൻ, സാബു പത്തടി, ടി.വി.എസ്. സലാം, സജീർ സമദ്, ബഷീർ കുപ്പിയാൻ, നിഷാദ് ലക്കി എന്നിവർ സംസാരിച്ചു.
സംഘടനയുടെ മുൻ പ്രസിഡന്റുമാരായ അലി വാരിയത്ത്, അലി ആലുവ, സലാം മാറമ്പള്ളി, സലാം പെരുമ്പാവൂർ എന്നിവരെ ആദരിച്ചു. കോവിഡ് കാലത്ത് സേവനം നൽകിയ മെംബർമാരായ സലാം പെരുമ്പാവൂർ, നൗഷാദ് ആലുവ, ഡൊമിനിക് സാവിയോ, നിയാസ് ഇസ്മാഈൽ, ഉസ്മാൻ പരീത്, അമീർ കൊപ്പറമ്പിൽ, മുജീബ് മൂലയിൽ, ടിനു പ്രവീൺ, സ്വപ്ന എൽദോ എന്നിവർക്ക് ഫലകം സമ്മാനിച്ചു.
സലിം മുഹമ്മദ്, വിശ്വനാഥ്, സാനു മാവേലിക്കര എന്നിവർക്ക് ബിസിനസ് എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു. അറബിക് കാലിഗ്രഫിയിൽ കഴിവുളിയിച്ച മുഹമ്മദ് ഹിസാമിന് പ്രത്യേക പുരസ്കാരം നൽകി.
പ്രോഗ്രാം കൺവീനർ മുജീബ് മൂലയിലിന്റെ നേതൃത്വത്തില് നടന്ന സംഗീത കലാവിരുന്നിൽ നാട്ടിൽനിന്നും എത്തിയ പിന്നണി ആൽബം ഗായകരായ നസിർ മിന്നലേ, ഫാരിഷ ഹുസൈൻ എന്നിവരോടൊപ്പം റിയാദിലെ ഗായകരായ ഷാൻ പെരുമ്പാവൂർ, മാലിനി നായർ, റിസ്വാൻ ആലുവ, ജുബിൻ പോൾ, ജലീൽ കൊച്ചി എന്നിവരും ചേർന്നു.
വൈദേഹി ഡാൻസ് അക്കാദമി, മിർസ ഡാൻസ് ടീം എന്നിവർ അണിയിച്ചൊരുക്കിയ വിവിധ നൃത്തങ്ങളും അരങ്ങേറി. മുൻ രക്ഷാധികാരി മുഹമ്മദലി മരോട്ടിക്കൽ സംഘടനയെക്കുറിച്ച് തയാറാക്കിയ വിഡിയോ പ്രദർശിപ്പിച്ചു. ഭാരവാഹികളായ നിസാർ, ജബ്ബാർ കോട്ടപ്പുറം, പ്രവീൺ ജോർജ്, അൻവർ മുഹമ്മദ്, റിജോ തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
മാലിനി നായരും സജിനും അവതാരകരായിരുന്നു. സെക്രട്ടറി കരീം കാനാമ്പുറം സ്വാഗതവും ജോയന്റ് സെക്രട്ടറി കുഞ്ഞുമുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

