പ്രവാസി വെൽഫെയർ ശറഫിയ മേഖല കൺവെൻഷൻ
text_fieldsപ്രവാസി വെൽഫെയർ ശറഫിയ മേഖല പ്രവർത്തക കൺവെൻഷനിൽ ഉമർ ഫാറൂഖ് പാലോട് മുഖ്യപ്രഭാഷണം നടത്തുന്നു
ജിദ്ദ: അടുത്ത മാസം മലപ്പുറത്ത് നടക്കുന്ന വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ ശറഫിയ മേഖല പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു.
ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ടിൽ 'മുന്നൊരുക്കം' എന്ന പേരിൽ നടന്ന കൺവെൻഷൻ പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.പി. അഷ്റഫ് പാപ്പിനിശ്ശേരി ഉദ്ഘാടനം ചെയ്തു. ജനപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന വെൽഫെയർ പാർട്ടിക്ക് കേരളത്തിൽ ജനസമ്മതി ഉയർന്നു വരുന്നതായി ഉദാഹരണസഹിതം അദ്ദേഹം വിശദീകരിച്ചു.
കേരളത്തിലെ കാമ്പസുകളിൽ വെൽഫെയർ പാർട്ടിയുടെ വിദ്യാർഥി സംഘടനായ ഫ്രറ്റേണിറ്റിക്ക് സ്വീകാര്യത വർധിച്ചുവരുന്നതിന്റെ തെളിവാണ് ഇക്കഴിഞ്ഞ കാമ്പസ് തെരഞ്ഞെടുപ്പുകളിൽ ഫ്രറ്റേണിറ്റി നേടിയ ഉജ്ജ്വല വിജയമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വെൽഫെയർ ശറഫിയ മേഖല പ്രസിഡന്റ് എം.വി. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു.
വെസ്റ്റേൺ പ്രൊവിൻസ് ആക്ടിങ് പ്രസിഡന്റ് ഉമർ ഫാറൂഖ് പാലോട് മുഖ്യപ്രഭാഷണം നടത്തി. ഭരണഘടന വിഭാവനം ചെയ്യുന്ന ക്ഷേമരാഷ്ട്രമാണ് വെൽഫെയർ പാർട്ടിയുടെ ലക്ഷ്യമെന്നും സാമൂഹിക നീതിയെക്കുറിച്ച രാഷ്ട്രീയമാണ് പാർട്ടി മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൽ ജനങ്ങളെ സേവിക്കേണ്ട മന്ത്രിമാർ രാജ്യത്തിന്റെ പൊതുമുതലുകൾ ഓരോന്നായി വിറ്റഴിക്കുന്നു.
ജനങ്ങൾക്കുവേണ്ടി ഭരണം നടത്തേണ്ടവർ കോർപറേറ്റുകൾക്കുവേണ്ടി ഭരിക്കുന്നു. ഇത്തരം കാര്യങ്ങളിൽനിന്നു ജനശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് രാജ്യത്താകെ ഫാഷിസ്റ്റുകൾ മതവും ജാതിയും പറഞ്ഞു ജനങ്ങളെ തമ്മിലടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദലി, എൻ.കെ. അഷ്റഫ് എന്നിവർ സംസാരിച്ചു. അബ്ദുൽ അസീസ് കൊണ്ടോത്ത് സ്വാഗതവും മുഹമ്മദലി ഓവുങ്ങൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

