പ്രവാസി വെൽഫെയർ ജിദ്ദ ലോകകപ്പ് പ്രവചന മത്സരം
text_fieldsജിദ്ദ: ഖത്തറിൽ തിരികൊളുത്തിയ ലോക ഫുട്ബാൾ മാമാങ്കത്തിന്റെ ആവേശം ജിദ്ദയിലെ കായിക പ്രേമികൾക്കിടയിൽ നിലനിർത്തുന്നതിനായി പ്രവാസി വെൽഫെയർ ജിദ്ദ കമ്മിറ്റി ഫുട്ബാൾ പ്രവചന മത്സരം സംഘടിപ്പിക്കുന്നു. ഗിലാറ്റോ ഡിവിനോ ഐസ്ക്രീംസ്, നിക്കായി എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്ന പ്രവചന മത്സരം 23 ദിവസം നീണ്ടുനിൽക്കും. എല്ലാ ദിവസവും ഓരോ വിജയിയെയും ഫൈനൽ ദിവസം മെഗാ വിജയിയെയും തെരഞ്ഞെടുക്കുന്ന രീതിയിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. പ്രവചന മത്സരത്തിലേക്ക് ജിദ്ദയിലെ മുഴുവൻ കായിക പ്രേമികളെയും സ്വാഗതം ചെയ്യുകയാണെന്നും മത്സരം ആര് ജയിക്കും, ആര് തോൽക്കും എന്നതിൽ കവിഞ്ഞു വളരെ വ്യത്യസ്തമായ ചോദ്യാവലികളുമായിട്ടാണ് ഫുട്ബാൾപ്രേമികളെ അഭിമുഖീകരിക്കുന്നതെന്നും സംഘാടകർ അറിയിച്ചു. മത്സരിക്കാൻ താൽപര്യമുള്ളവർ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാവണം.
എല്ലാ ദിവസവും രാത്രി 10 മണിക്ക് പോസ്റ്റ് ചെയ്യുന്ന ചോദ്യാവലിക്കു പിറ്റേ ദിവസം കളി തുടങ്ങുന്നതിന് അര മണിക്കൂർ മുമ്പ് വരെ ഉത്തരം നൽകാൻ സമയമുണ്ടാവും.
ലോകകപ്പ് കാലയളവിൽ മുഴുവൻ ആവേശവും നിലനിർത്തുന്ന മത്സരരീതിയാണ് പ്രവാസി വെൽഫെയർ ജിദ്ദ സ്വീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
