‘കർണാടക തെരഞ്ഞെടുപ്പ് ഫലവും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയും’: പ്രവാസി വെൽഫെയർ ചർച്ച സംഗമം
text_fields‘കർണാടക തെരഞ്ഞെടുപ്പ് ഫലവും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയും’ എന്ന വിഷയത്തിൽ പ്രവാസി വെൽഫെയർ ഷറഫിയ മേഖല കമ്മിറ്റി സംഘടിപ്പിച്ച ചർച്ച സംഗമം ഉമർ ഫാറൂഖ് പാലോട് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ‘കർണാടക തെരഞ്ഞെടുപ്പ് ഫലവും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയും' എന്ന വിഷയത്തിൽ പ്രവാസി വെൽഫെയർ ഷറഫിയ മേഖല കമ്മിറ്റി ചർച്ച സംഗമം സംഘടിപ്പിച്ചു. വെസ്റ്റേൺ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഉമർ ഫാറൂഖ് പാലോട് ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി സർക്കാറിന്റെ പ്രവർത്തനഫലമായി കടുത്ത വംശീയത പ്രചരിപ്പിച്ച് അതിൽനിന്നു ലാഭം കൊയ്യാൻ ശ്രമിച്ചിരുന്ന ഒരു സംസ്ഥാനത്ത് അതിനെയെല്ലാം ചവറ്റുകൊട്ടയിൽ എറിഞ്ഞു മതേതര ജനാധിപത്യത്തിന്റെ മഹോന്നതി ഉയർത്തിപ്പിടിക്കാൻ കർണാടക ജനതക്ക് കഴിഞ്ഞെങ്കിൽ ഇന്ത്യയിൽ പ്രതീക്ഷക്ക് വകയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ കൃത്യമായി മനസ്സിലാക്കി അതിനെയെല്ലാം അഡ്രസ് ചെയ്തുകൊണ്ടുള്ള കോൺഗ്രസിന്റെ വ്യക്തമായ ആസൂത്രണമാണ് കർണാടകയിലെ വൻ വിജയം. ഒരു സമ്മതിദായകന്റെ മനസ്സിനെ കൃത്യമായി മനസ്സിലാക്കി പ്രവർത്തിക്കാൻ തയാറായാൽ വിജയം ഉറപ്പാണ്. ഏക പാർട്ടി സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ മൾട്ടി പാർട്ടി ജനാധിപത്യം എന്ന മുദ്രാവാക്യമാണ് കർണാടക ജനത സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മേഖല പ്രസിഡന്റ് എം.വി. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. സാദിഖലി തുവ്വൂർ, കെ.എം. അബ്ദുൽ റഹ്മാൻ, വി.ടി അമീർ ത്വാഹ, എൻ.കെ അഷ്റഫ്, കെ.എം. മുഹമ്മദ് കുട്ടി, കുട്ടി മുഹമ്മദ് എന്നിവർ സംസാരിച്ചു. കെ.എം അബ്ദുൽറഹീം ചർച്ച നിയന്ത്രിച്ചു. സൈനുൽ ആബിദീൻ സ്വാഗതവും ആലുങ്ങൽ ചെറിയ മുഹമ്മദ് നന്ദിയും പറഞ്ഞു.