ഹിന്ദുത്വ ഭീകരതയും വംശഹത്യയും ഇന്ത്യൻ റിപ്പബ്ലിക്കിനെ തകർത്തു -പ്രവാസി വെൽഫെയർ
text_fieldsപ്രവാസി വെൽഫെയർ റിപ്പബ്ലിക് ദിന പരിപാടിയിൽ ‘ബാംസഫ്’ സൗദി കമ്മിറ്റി അംഗം സന്തോഷ് ഗോപി നാരായൺ സംസാരിക്കുന്നു
ദമ്മാം: പ്രവാസി വെൽഫെയർ ദമ്മാം റീജനൽ കമ്മിറ്റി ‘ഇന്ത്യൻ റിപ്പബ്ലിക് സമകാലിക ഇന്ത്യ’ എന്ന വിഷയത്തിൽ ചർച്ചയും സംവാദവും സംഘടിപ്പിച്ചു. റീജനൽ കമ്മിറ്റി അംഗം അമീൻ വി. ചുനൂർ വിഷയം അവതരിപ്പിച്ചു. ഗുജറാത്ത് അടക്കമുള്ള എല്ലാ വംശഹത്യകളെയും നിരന്തരം ഓർമകൾക്ക് വിധേയമാക്കണമെന്നും ഇന്ത്യയിൽ നടന്ന നെല്ലി വംശഹത്യയും ഭഗൽപൂരും ബാബരി മസ്ജിദും 1947ന് മുമ്പുണ്ടായ ബിഹാർ കലാപവും ഗുജറാത്ത് വംശഹത്യയും വിസ്മരിച്ചുപോകേണ്ടതല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. വംശഹത്യകളുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് നേതാക്കളായ ഭരണാധികാരികൾക്കുള്ള പങ്കിനെ എപ്പോഴും തുറന്നുകാട്ടേണ്ടതുണ്ട്. തെഹൽകയുടെ ആശിഷ് ഖേതന്റെ ജനുവരിയിൽ ഇറങ്ങിയ പുസ്തകം, റാണ അയ്യൂബിന്റെ ഗുജറാത്ത് ഫയൽസ്, വസ്തുതകൾ വ്യക്തമാക്കുന്ന ഡോക്യുമെൻററികൾ തുടങ്ങിയവ ഉപയോഗിച്ച് വസ്തുതകൾ പ്രചരിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശേഷം നടന്ന സംവാദത്തിൽ മഹമൂദ് പുക്കാട്, സന്തോഷ് ഗോപി നാരായണൻ എന്നിവർ സംസാരിച്ചു. സമകാലിക ഇന്ത്യ നേരിടുന്ന ഫാഷിസ്റ്റ് കാലത്ത് ഇന്ത്യയുടെ റിപ്പബ്ലിക്കിനെ തിരിച്ചുപിടിക്കാൻ ഇന്ത്യയിലെ മുഴുവൻ ജനങ്ങളും തയാറാകണമെന്നും മൗലികാവകാശങ്ങളെ കരിനിയമങ്ങള്‍ ഉപയോഗിച്ച് റദ്ദ് ചെയ്യുകയും ഭരണഘടനാസ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തി അട്ടിമറിക്കുകയും ചെയ്യുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് മോദി ഭരണകൂടം നടപ്പാക്കുന്നത് എന്നും ഭരണഘടനയെ അതിന്റെ മൂല്യങ്ങളെ അട്ടിമറിക്കുന്ന തരത്തില്‍ പ്രയോഗവത്കരിക്കുന്നതിന് എതിരെയും ഭരണകൂടത്തിന്റെ സമഗ്രാധിപത്യ സ്വഭാവത്തിനെതിരെയും കൃത്യമായ പ്രതിഷേധ സ്വരങ്ങൾ ഉയർന്ന് വരണമെന്നും അഭിപ്രായപ്പെട്ടു.
ഷക്കീർ ബിലാവിനകത്ത് സമാപനം പ്രഭാഷണം നിർവഹിച്ചു. റീജനൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുറഹീം തിരൂർക്കാട് അധ്യക്ഷത വഹിച്ചു. റഊഫ് ചാവക്കാട് സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ബിജു പൂതകുളം, വിവിധ ജില്ല, റീജനൽ കമ്മിറ്റി അംഗങ്ങളായ ഫൈസൽ കുറ്റ്യാടി, ഷബീർ ചാത്തമംഗലം, സമീഉല്ല കൊടുങ്ങല്ലൂർ, തൻസീം കണ്ണൂർ, ജാബിർ, ജമാൽ പയ്യന്നൂർ, ആഷിഫ് കൊല്ലം, ജംഷാദലി കണ്ണൂർ, അയ്മൻ, ഷരീഫ് കൊച്ചി, സിദ്ദീഖ് ആലുവ, അനീസ മെഹബൂബ്, സജ്ന സക്കീർ, സുനില സലീം, ഫാത്തിമ ഹാഷിം, അബ്ദുല്ല സൈഫുദ്ദീൻ, ഷമീം കണ്ണൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

