പ്രവാസി വെൽഫെയർ സൗദിയിൽ ദശവാർഷികം ആഘോഷിക്കുന്നു
text_fieldsപ്രവാസി വെൽഫെയർ ഭാരവാഹികൾ റിയാദിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു
റിയാദ്: സൗദിയിൽ പ്രവർത്തനത്തിന്റെ ഒരു ദശകം പിന്നിട്ട പ്രവാസി വെൽഫെയർ ആറ് മാസം നീണ്ടുനിൽക്കുന്ന ദശവത്സരാഘോഷം സംഘടിപ്പിക്കുന്നതായി റിയാദിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. 'പ്രവാസി സാംസ്കാരിക വേദി' എന്ന പേരിൽ 2014 ൽ സൗദിയിൽ പ്രവർത്തനമാരംഭിച്ച സംഘടന പിന്നീട് 'പ്രവാസി വെൽഫെയർ' എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.
ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് വെൽഫെയർ ഹോം, ജില്ലകൾ കേന്ദ്രമാക്കി ആംബുലൻസ്, കുടിവെള്ള പദ്ധതികൾ, യാത്രാ സഹായമായി എയർ ടിക്കറ്റുകൾ, പ്രശ്നങ്ങളിൽ അകപ്പെട്ടവർക്ക് നിയമ സഹായം, തൊഴിലാളികൾക്കിടയിൽ നടത്തിയ നിരവധി സേവനങ്ങൾ, മരണാനന്തര നടപടികൾ പൂർത്തീകരിച്ചത്, കോവിഡ് കാലത്തെ പ്രത്യേക സഹായങ്ങൾ തുടങ്ങി സേവനത്തിന്റെ ബഹുമുഖങ്ങളായ പത്തു വർഷങ്ങളാണ് പിന്നിട്ടതെന്ന് നാഷനൽ കമ്മിറ്റി പ്രസിഡന്റ് സാജു ജോർജ്ജ് പറഞ്ഞു.
പ്രവാസി വെൽഫെയർ ദശവാർഷികാഘോഷം സേവനത്തിന് ഊന്നൽ നൽകുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും സാധാരണ പ്രവാസികൾ, വനിതകൾ, ചെറുപ്പക്കാർ എന്നിവരിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലുന്ന പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും റിയാദ് സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റ് ഖലീൽ പാലോട് പറഞ്ഞു.
പ്രവാസി വെൽഫെയർ ദശവത്സരാഘോഷ ലോഗോ
പത്താം വാർഷികത്തിന്റെ ഭാഗമായി പത്ത് സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് പത്ത് സൗജന്യ എയർ ടിക്കറ്റുകൾ, പ്രവാസ ലോകത്തെ സമഗ്ര സംഭാവനക്കുള്ള അംഗീകാരം, യുവ സംരംഭകരുടെ ഒത്തുചേരൽ, വനിതകൾക്ക് തൊഴിൽ നേടാനുള്ള മാർഗ നിർദേശക പരിപാടികൾ, ലീഗൽ സെൽ, ജോബ് സെൽ രൂപവത്കരണം, കലാകായിക മേളകൾ, പ്രവാസി പ്രഫഷനൽ മീറ്റുകൾ, ഡോക്യുമെന്ററി തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ സൗദിയിലുടനീളം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇന്ത്യയിലെ പുതിയ സാഹചര്യത്തിൽ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. എന്നാൽ നാട്ടിലെ സംവിധാനങ്ങളിൽ സംശയവും ആശങ്കയുമാണ് പൊതുസമൂഹത്തിനുള്ളത്. കേരളത്തിൽ വർഗീയ ശക്തികൾ സീറ്റ് നേടാനിടയില്ലെന്നും അങ്ങനെ സംഭവിക്കുകയാണെങ്കിൽ അതിന്റെ പിന്നിൽ ചില 'ഡീലു'കൾ കാണുമെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. നാഷനൽ കമ്മിറ്റിയംഗങ്ങളായ ബാരിഷ് ചെമ്പകശ്ശേരി, അഷ്റഫ് കൊടിഞ്ഞി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

