സാമൂഹിക നീതിയുടെ കാവലാളാവുക -ഷംസീർ ഇബ്രാഹിം
text_fieldsഅബഹയിൽ നടന്ന പ്രവാസി വെൽഫെയർ പ്രവർത്തക സംഗമം
അബഹ: ഹിന്ദുത്വവംശീയത ഒരു അധികാര ക്രമമായി മാറിയിരിക്കുന്ന ഇന്ത്യൻ പശ്ചാത്തലത്തിൽ സാമൂഹികനീതിയെ അടിസ്ഥാനപ്പെടുത്തിയ രാഷ്ട്രീയത്തിനാണ് പ്രസക്തിയുള്ളതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം അഭിപ്രായപ്പെട്ടു.
അബഹയിൽ പ്രവാസി വെൽഫെയർ സംഘടിപ്പിച്ച പ്രവർത്തക സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാനാ ജാതി മതസ്ഥരുള്ള ഇന്ത്യയിൽ വിവിധ വിഭാഗങ്ങൾക്ക് വിവിധ രൂപത്തിലുള്ള അധികാരങ്ങളും സാമൂഹിക സ്ഥാനങ്ങളുമാണ് ഉള്ളത്.
സാമൂഹിക അധികാരങ്ങളുള്ള സമൂഹങ്ങളും അതില്ലാത്ത സമൂഹങ്ങളും ഉണ്ട്. അതുകൊണ്ടാണ് കേവല നീതി എന്നതിനപ്പുറം സാമൂഹികനീതി എന്ന മുദ്രാവാക്യം വെൽഫെയർ പാർട്ടി സ്വീകരിച്ചിരിക്കുന്നത്. കേരളം ഭരിക്കുന്ന ഇടതുപക്ഷം ഹിന്ദുത്വ വംശീയതയെ സ്വീകരിച്ചിരിക്കുകയാണ്. ഹിന്ദുത്വം ഉൽപാദിപ്പിക്കുന്ന മുസ് ലിം വിരോധം ഇപ്പോൾ കേരളത്തിൽ ഉപയോഗിക്കുന്നത് ഇടതുപക്ഷമാണ്.
അധികാരത്തിലിരിക്കുന്നതിനാൽ സമൂഹത്തിലെ വംശീയത അവർക്ക് ഉപയോഗിക്കാൻ കഴിയുന്നുണ്ട്. എന്നാൽ ദീർഘകാല അടിസ്ഥാനത്തിൽ ഇതിന്റെ ഗുണഭോക്താക്കൾ സംഘ്പരിവാർ തന്നെയായിരിക്കും എന്നതിൽ സംശയമില്ല. ഇത് നിരന്തരം ഉന്നയിക്കുന്ന രാഷ്ട്രീയ പാർട്ടി എന്ന അർഥത്തിലാണ് ഇപ്പോൾ ഇടതുപക്ഷം വെൽഫെയർ പാർട്ടിയെ വേട്ടയാടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
മൃദു ഹിന്ദുത്വം കളിക്കുകയാണ് ആം ആദ്മി പോലുള്ള രാഷ്ട്രീയ പാർട്ടികൾ. അഴിമതി വിരുദ്ധത മാത്രം മുൻനിർത്തിക്കൊണ്ട് രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകാൻ സാധ്യമല്ലെന്ന് ആം ആദ്മിയുടെ ജനകീയത കുറഞ്ഞുവരുന്നതിൽ നിന്നും മനസ്സിലാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റീജനൽ കമ്മിറ്റി പ്രസിഡന്റ് മുഹ്സിൻ അറ്റാശ്ശേരി അധ്യക്ഷത വഹിച്ചു. ഇസ്മായിൽ മാനു സ്വാഗതവും വഹിദുദ്ദീൻ മൊറയൂർ നന്ദിയും പറഞ്ഞു. പർവേസ് , സലീം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

