ജാതിയിലധിഷ്ഠിതമായ സാംസ്കാരിക ദേശീയതയാണ് ഫാഷിസത്തിന്റെ അടിസ്ഥാനം -ഹമീദ് വാണിയമ്പലം
text_fieldsവെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ‘സാംസ്കാരിക ദേശീയത’
എന്ന വിഷയത്തിൽ സംസാരിക്കുന്നു
റിയാദ്: ജർമനിയിലെ നാസിസവും ഇറ്റലിയിലെ ഫാഷിസവുമല്ല, ജാതിയിലധിഷ്ഠിതമായ സാംസ്കാരിക ദേശീയതയാണ് ഇന്ത്യൻ ഫാഷിസത്തിന്റെ അടിസ്ഥാനമെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.
പ്രവാസി വെൽഫെയർ സൗദി സെൻട്രൽ പ്രൊവിൻസ് റിയാദിൽ സംഘടിപ്പിച്ച ‘സാംസ്കാരിക ദേശീയത’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സവർണ മേധാവിത്തവും സ്ത്രീവിരുദ്ധതയും അനീതിയും അസമത്വവും അതിന്റെ മൗലിക ഭാവമാണെന്നും ജാതിവിവേചനത്തിൽ അധിഷ്ഠിതമായ സാമൂഹികക്രമത്തിലും ആചാരാനുഷ്ഠാനങ്ങളിലും ക്ഷേത്രങ്ങൾ, ദേവീദേവന്മാർ, പുരാണകഥാപാത്രങ്ങൾ, സംസ്കൃതമെന്ന ഭാഷ ഇവയൊക്കെ വംശീയ രാഷ്ട്രീയത്തിന് സാംസ്കാരികമായ പരിസരമൊരുക്കുകയും ഇന്ത്യൻ ജനാധിപത്യത്തെ തന്ത്രപരമായി ഉപയോഗിച്ച് ഭരണകൂടമായി രൂപപ്പെടുകയുമാണ് ചെയ്തത്.
അവർണ സമൂഹത്തിന്റെ ദൈവസങ്കൽപങ്ങളെയും പ്രതിഷ്ഠകൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ എല്ലാം സാംസ്കാരിക ദേശീയതയുടെ മറവിൽ സവർണൻ കവർന്നെടുക്കുകയുമാണ് ചെയ്തത്. എന്നാൽ ഫാഷിസത്തിന് ഏറ്റവും വലിയ ഭീഷണി ഇന്ത്യൻ ഭരണഘടനയാണ്. സാമൂഹികനീതിയും സാമൂഹികമായ തുല്യതയും മുന്നോട്ടുവെക്കുകയും ലിബർട്ടിയും ഫ്രറ്റേണിറ്റിയും ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നുവെന്നതാണ് ഭരണഘടനയുടെ പ്രത്യേകത.
അതിനെ റദ്ദു ചെയ്യാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുമ്പോൾ ഉച്ചത്തിൽ ശബ്ദമുയർത്തുകയാണ് ജനാധിപത്യ മതേതരസമൂഹം ചെയ്യേണ്ടതെന്നും ഹമീദ് വാണിയമ്പലം കൂട്ടിച്ചേർത്തു. പ്രസിഡന്റ് ബാരിഷ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു.
നാഷനൽ പ്രസിഡന്റ് സാജു ജോർജ് സംസാരിച്ചു. ജനറൽ സെക്രട്ടറി എം.പി. ഷഹ്ദാൻ സ്വാഗതവും നാഷനൽ കമ്മിറ്റിയംഗം സലീം മാഹി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

