സാമൂഹിക പ്രവര്‍ത്തക​െൻറ ഇടപെടല്‍: ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ 22 തൊഴിലാളികള്‍ നാടണഞ്ഞു

ബു റൈദ: ജോലിയും വേതനവുമില്ലാതെ ദുരിതത്തിലാവുകയും ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാതെ വിഷമിക്കുകയും ചെയ്ത വിവിധ നാട്ടുകാരായ 22 തൊഴിലാളികള്‍ സാമൂഹിക പ്രവര്‍ത്തക​​െൻറ ഇടപെടലില്‍ ശമ്പളവും ഫൈനല്‍ എക്സിറ്റും നേടി നാട്ടിലേക്ക് മടങ്ങി. റിയാദ് ആസ്ഥാനമായ റോഡ് നിര്‍മാണ കമ്പനിയിലെ സുല്‍ഫി ശാഖയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് പ്രാദേശിക ഗവര്‍ണറേറ്റി​​െൻറ ഉത്തരവ് പ്രകാരം ഒരാഴ്ചക്കുള്ളില്‍ നാടണഞ്ഞത്. ഏഴ് മുതല്‍ ഒമ്പത് മാസം വരെയുള്ള ശമ്പളമാണ് ഇവര്‍ക്ക് ലഭിക്കാനുണ്ടായിരുന്നത്.

ഭക്ഷണത്തിന് പോലും പണം ലഭിക്കാതെ വന്നപ്പോള്‍ ഇവരില്‍ ചിലര്‍ സുല്‍ഫി തൊഴില്‍ കോടതിയെ സമീപിച്ചു. അധികൃതര്‍ പല തവണ വിവരമറിയിച്ചെങ്കിലും കമ്പനി ഉടമകളോ പ്രതിനിധികളോ ഹാജരാകാത്ത സാഹചര്യത്തില്‍ കേസ് അല്‍ഖസീം തൊഴില്‍ മന്ത്രാലയ ഓഫീസിലേക്ക് മാറ്റി. ഇവിടെ ഹാജരാകാനുള്ള ഉത്തരവും കമ്പനി അധികൃതര്‍ ചെവിക്കൊണ്ടില്ല. 120 കിലോമീറ്റർ യാത്ര ചെയ്ത് ബുറൈദയിലെത്താനുള്ള വാഹന സൗകര്യക്കുറവും ഇഖാമയുടെ കാലാവധി കഴിഞ്ഞതും കാരണം സിറ്റിങ് ദിവസം ഹാജരാകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കൂട്ടത്തിലുള്ള മലയാളി തൊഴിലാളികള്‍ ‘ഗള്‍ഫ് മാധ്യമ’ത്തി​​െൻറ സഹായം തേടിയതാണ് കേസില്‍ വഴിത്തിരിവായത്.

ഗള്‍ഫ് മാധ്യമം വഴി വിവരം ലഭിച്ച സാമൂഹികപ്രവര്‍ത്തകനും ഖസീം  പ്രവാസി സംഘം സുല്‍ഫി യൂനിറ്റ് ജീവകാരുണ്യവിഭാഗം കണ്‍വീനറുമായ ഖാജ ഹുസൈന്‍ പാലക്കാട് ഈ മാസം നാലിന് തൊഴിലാളികളെ സുല്‍ഫി അമീറിന് മുന്നില്‍ ഹാജരാക്കി പരാതി നല്‍കുകയായിരുന്നു. മുടങ്ങിയ ശമ്പളം ലഭിക്കണമെന്നത് കൂടാതെ കമ്പനിക്ക് കീഴില്‍ ജോലിയില്ലാത്തപക്ഷം തങ്ങളെ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലയക്കണമെന്നതായിരുന്നു തൊഴിലാളികളൂടെ ആവശ്യം. പ്രശ്നം പരിഹരിക്കാത്തപക്ഷം നടപടി നേരിടേണ്ടിവരുമെന്ന അധികൃതരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് കമ്പനി അധികൃതര്‍ വഴങ്ങിയത്. അതനുസരിച്ച് എല്ലാ തൊഴിലാളികള്‍ക്കും ശമ്പളം നല്‍കാനും നാട്ടിലയക്കാനും കമ്പനി ഉടമകള്‍ തയാറാവുകയായിരുന്നു. ഏകദേശം രണ്ട് ലക്ഷം റിയാലി​​െൻറ ചെക്കാണ് കമ്പനി ശമ്പളയിനത്തില്‍ നല്‍കിയത്്. മൂന്ന് മലയാളികളെയും നാല് തമിഴ്നാട്ടുകാരെയും കൂടാതെ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നേപ്പാള്‍, പാക്കിസ്ഥാന്‍ സ്വദേശികളും സംഘത്തിലുണ്ടായിരുന്നു. സാമൂഹികപ്രവര്‍ത്തകനായ ഹനീഫ ബത്തേരിയും തൊഴിലാളികളെ സഹായിക്കാന്‍ രംഗത്തുണ്ടായിരുന്നു. 

COMMENTS