ഒരാഴ്ച അവധിക്ക് നാട്ടിൽ പോയ പ്രവാസി മരിച്ചു
text_fieldsറിയാദ്: ഒരാഴ്ച അവധിക്ക് നാട്ടിൽ പോയ സാമൂഹിക പ്രവർത്തകൻ മരിച്ചു. റിയാദിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനും വിവിധ പദവികൾ വഹിക്കുകയും ചെയ്തിരുന്ന പത്തനംതിട്ട, കോഴഞ്ചേരി സ്വദേശി പാലാംകുഴിയിൽ സാം മാത്യു (55) ആണ് തിരുവനന്തപുരം കുറവംകോണത്തുള്ള വീട്ടിൽ വ്യാഴാഴ്ച രാവിലെ മരിച്ചത്. വീട്ടിൽ ഒറ്റയ്ക്കെയുണ്ടായിരുന്നുള്ളൂ. രാവിലെ ശാരീരികമായ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രൈവറെ ഫോണിൽ വിളിച്ചു വരുത്തി. ഡ്രൈവർ ഉടൻ എത്തിയെങ്കിലും വാതിൽ അകത്തുനിന്ന് പൂട്ടിയിരുന്നതിനാൽ തുറക്കാനായില്ല. ഒടുവിൽ പൊലീസെത്തി വാതിൽ തുറന്ന് അകത്തുകയറി നോക്കുേമ്പാൾ കിടക്കയിൽ മരിച്ചുകിടക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
1981 മുതൽ റിയാദിലുള്ള സാം മാത്യു പ്രമുഖ കമ്പനികളിൽ ഉയർന്ന പദവികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സൗദി ടെലികോം കമ്പനി (എസ്.ടി.സി)യിൽ ഉദ്യോഗസ്ഥനായിരുന്ന പിതാവ് മാത്യുവാണ് റിയാദിൽ കൊണ്ടുവന്നത്. എസ്.ടി.സിയിലാണ് തുടക്കം. പിന്നീട് പ്രമുഖ േഫാൺ നിർമാണ കമ്പനിയായ നോക്കിയയുടെ സൗദിയിലെ ഏജൻസി മിഷൽ അൽഖലീജിൽ ചേർന്നു. അവിടെ ഉയർന്ന പദവി വഹിച്ചു. അഞ്ച് വർഷം മുമ്പ് മറ്റൊരു സ്വകാര്യ കമ്പനിയിൽ ചേർന്നു. അവിടെ ജോലി ചെയ്തുവരികയാണ്. റിയാദ് കിങ് ഫൈസൽ ആശുപത്രിയിൽ നഴ്സിങ് സൂപ്രണ്ടായ ഭാര്യ റോഷൻ സാമിനോടൊപ്പം കഴിഞ്ഞ മാസം നാട്ടിൽ പോവുകയും മക്കളോടും മറ്റ് കുടുംബാംഗങ്ങളോടുമൊപ്പം ഒാണം ആഘോഷിക്കുകയും ചെയ്തിരുന്നു.
ഒന്നര ആരാഴ്ച മുമ്പ് ഭാര്യയോടൊപ്പം റിയാദിൽ തിരിച്ചെത്തിയ ഇദ്ദേഹം എന്തോ അത്യാവശ്യകാര്യത്തിനായി ഒറ്റക്ക് വീണ്ടും നാട്ടിലേക്ക് പോയതായിരുന്നു. പിതാവ് മാത്യു നേരത്തെ മരിച്ചു. മേരിക്കുട്ടിയാണ് അമ്മ. മൂത്ത മകൻ നിധിൻ എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ എൻജിനീയറാണ്. മകൾ അഡ്വ. നീതു എറണാകുളത്തെ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. വിവാഹിതയാണ്. സാം ഡേവിഡാണ് ഭർത്താവ്. ഇളയ മകൻ കെൽവിൻ റഷ്യയിൽ എം.ബി.ബി.എസ് വിദ്യാർഥി. സഹോദരൻ ജോയ്സ് അമേരിക്കയിലാണ്. സഹോദരി ദമ്മാമിലുണ്ട്. മരണ വിവരമറിഞ്ഞ് ഭാര്യ റോഷൻ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടു. റിയാദിൽ കൾച്ചറൽ കോൺഗ്രസ് ഒാഫ് ഇന്ത്യ (സി.സി.െഎ) എന്ന സംഘടനയിലൂടെയാണ് പൊതുപ്രവർത്തനത്തിലേക്ക് വരുന്നത്.
കോൺസ്ര് സംഘടനകൾ െഎക്യപ്പെട്ടപ്പോൾ െഎ.സി.സിയിലായി. വീണ്ടും പിളർപ്പുണ്ടായപ്പോൾ ഒ.െഎ.സി.സി എന്ന സംഘടനയിലായി. അതിൽ നിന്ന് വിഘടിച്ച് രാജീവ് ഗാന്ധി കൾച്ചറൽ ഫോറം രൂപവത്കരിക്കുകയും അതിെൻറ മുഖ്യരക്ഷാധികാരിയാവുകയും ചെയ്തു. പിന്നീട് കോൺഗ്രസ് സജീവ രാഷ്ട്രീയത്തിൽ നിന്നകലുകയും വേൾഡ് മലയാളി കൗൺസിൽ റിയാദ് ഘടകം ജനറൽ സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങൾ വഹിക്കുകയും ചെയ്തു. നിലവിൽ ഇൗ സംഘടനയുടെ മിഡിലീസ്റ്റ് ഘടകം ഭാരവാഹിയാണ്.
സാം മാത്യു