പ്രവാസി 'സ്നേഹ സദസ്സ്' സംഘടിപ്പിച്ചു
text_fieldsപ്രവാസി സാംസ്കാരിക വേദി സംഘടിപ്പിച്ച സ്നേഹ സദസ്സിൽ ജയൻ കൊടുങ്ങല്ലൂർ സംസാരിക്കുന്നു
റിയാദ്: 'സൗഹൃദ കേരളത്തിെൻറ വീണ്ടെടുപ്പിന്' എന്ന തലക്കെട്ടിൽ പ്രവാസി സാംസ്കാരിക വേദി സ്നേഹ സദസ്സ് സംഘടിപ്പിച്ചു. 'വിദ്വേഷ പ്രചാരകരെ തള്ളിക്കളയുക, വിഭജനരാഷ്ട്രീയത്തെ ചെറുക്കുക' എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാനത്തുടനീളം നടത്തിവരുന്ന കാമ്പയിെൻറ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കേരളം ഫാഷിസത്തിനെതിരെ ഉറച്ച നിലപാടെടുത്ത നാടാണ്. നവോത്ഥാന നായകർ കെട്ടിപ്പടുത്ത കേരളത്തിെൻറ സാമൂഹികാന്തരീക്ഷവും സാഹോദര്യവും തകർത്ത് അസ്വസ്ഥത പടർത്തി അധികാരം നിലനിർത്താനുള്ള ചിലരുടെ ആസൂത്രിതവും ബോധപൂർവവുമായ നീക്കത്തെ നാം ചെറുത്തുതോൽപിക്കണം.
വ്യത്യസ്ത മതസമൂഹങ്ങൾക്കിടയില്‍ സൗഹൃദം നിലനിർത്തുന്നതിനും നവോത്ഥാനത്തിെൻറ സന്ദേശമായ സാഹോദര്യത്തെ സംരക്ഷിക്കുന്നതിനും നാം ഒരുമിച്ചുനിൽക്കേണ്ടതുണ്ടെന്നും ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ച പ്രവാസി സാംസ്കാരിക വേദി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സാജു ജോർജ് പറഞ്ഞു. സംഘ്പരിവാർ രാഷ്ട്രീയത്തിെൻറ എല്ലാത്തരം താൽപര്യങ്ങളോടും വിയോജിക്കേണ്ട രാഷ്ട്രീയ ഉത്തരവാദിത്തം കേരള ഇടതുപക്ഷത്തിനുണ്ട്.
എന്നാല്‍, താൽക്കാലികമായ തെരഞ്ഞെടുപ്പ് ലാഭത്തിന് വേണ്ടി സംഘ്പരിവാറിെൻറ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രചാരണങ്ങൾ ഏറ്റുപിടിക്കുകയും അതുവഴി മുസ്ലിം ഭീതി വളരുന്നതിന് സഹായകരമായ സാഹചര്യം ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നു അവര്‍. ഇടതുപക്ഷം പല സന്ദർഭങ്ങളിൽ ഉന്നയിച്ച കാര്യങ്ങളാണ് പിന്നീട് സംഘ്പരിവാർ തങ്ങളുടെ ആരോപണങ്ങളെ സാധൂകരിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നത്.
സാമൂഹിക വിഭജനശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കാനും വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്തി ഇരകൾക്ക് നീതി ലഭ്യമാക്കാനും കോൺഗ്രസിനും മറ്റു പ്രതിപക്ഷ കക്ഷികൾക്കും ബാധ്യതയുണ്ട്. സംഘ്പരിവാർ അനുകൂലാവസ്ഥ സൃഷ്ടിക്കുകയാണ് പ്രതിപക്ഷ നിലപാടുകളെന്നും വിഷയാവതരണം നടത്തിയ ജനറൽ സെക്രട്ടറി ഖലീൽ പാലോട് പറഞ്ഞു. മാധ്യമപ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ, പയ്യന്നൂർ സൗഹൃദവേദി പ്രസിഡൻറ് സനൂബ് പയ്യന്നൂർ എന്നിവർ സംസാരിച്ചു. അജ്മൽ ഹുസൈൻ സ്വാഗതവും ഷിഹാബ് കുണ്ടൂർ നന്ദിയും പറഞ്ഞു. അഷ്കര്‍ അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

