‘പ്രവാസി ചാമ്പ്യൻസ് ട്രോഫി’ സെമിഫൈനലുകൾ ഇന്ന്
text_fieldsജിദ്ദ: കാൽപന്തുകളി പ്രേമികളായ പ്രവാസികൾക്ക് ആവേശമായി വാരാന്ത്യങ്ങളിലെ ഫുട്ബാൾ ടൂർണമെന്റുകൾ തുടരുന്നു. പ്രവാസി വെൽഫെയർ പത്താം വാർഷികത്തോടനുബന്ധിച്ച് സൗദി പടിഞ്ഞാറൻ പ്രൊവിൻസ് കമ്മിറ്റി സംഘടിപ്പിച്ച ‘അബീർ എക്സ്പ്രസ് പ്രവാസി ചാമ്പ്യൻസ് ട്രോഫി’ ടൂർണമെന്റിന്റെ സെമി ഫൈനലുകൾ ഇന്ന് ജിദ്ദയിൽ നടക്കും.
വസീരിയ തആവുൻ സ്റ്റേഡിയത്തിൽ വൈകീട്ട് ആറിന് നടക്കുന്ന വെറ്ററൻസ് മത്സരത്തിൽ ജിദ്ദ ഫ്രൈഡേ എഫ്.സി ബനീമാലിക് എഫ്.സിയെ നേരിടും. ആദ്യ ജൂനിയർ സെമിയിൽ ഏഴു മണിക്ക് സോക്കർ ഫ്രീക്സ്, അംലാക് ആരോ ടാലന്റ് ടീൻസുമായി മാറ്റുരക്കും.
രണ്ടാം മത്സരത്തിൽ എട്ടു മണിക്ക് സ്പോർട്ടിങ് യുനൈറ്റഡ് ജിദ്ദ, ജെ.എസ്.സി സോക്കർ അക്കാദമിയുമായി ഏറ്റുമുട്ടും. രാത്രി ഒമ്പതിന് നടക്കുന്ന സീനിയർ ഡിവിഷൻ ആദ്യ സെമിയിൽ, അബീർ ഡെക്സോ പാക്ക് ബ്ലാസ്റ്റേഴ്സ് എഫ്.സി, അബീർ ബ്ലൂസ്റ്റാർ സലാമത്തക് എഫ്.സിയുമായി കൊമ്പുകോർക്കും. രണ്ടാം സെമിയിൽ ചാംസ് സാബിൻ എഫ്.സി, അറബ് ഡ്രീംസ് എ.സി.സി എഫ്.സിയുമായും ഏറ്റുമുട്ടും. ഈ മാസം 27നാണ് ടൂർണമെന്റിന്റെ കലാശക്കൊട്ട്. മുഴുവൻ ഫുട്ബാൾ പ്രേമികളെയും ക്ഷണിക്കുന്നതിനായി ടൂർണമെന്റ് കമ്മിറ്റി അറിയിച്ചു.

