പ്രതാപൻ മടങ്ങുന്നത് നൊമ്പരങ്ങൾ ഉള്ളിലടക്കി
text_fields29 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന പ്രതാപന് നൻമ കൂട്ടായ്മ നൽകിയ യാത്രയയപ്പ്
അബഹ: 29 വർഷത്തെ പ്രവാസത്തിന് വിരാമം കുറിച്ച് ഏറെ ദുഃഖഭാരത്തോടെ ആലപ്പുഴ സ്വദേശി മുഹമ്മ കിഴക്കേ മുല്ലശ്ശേരി പ്രതാപൻ നാട്ടിലേക്ക് മടങ്ങി. ഖമീസ് മുശൈത്തിൽ ഒരു കോൺക്രീറ്റ് മിക്സിങ് കമ്പനിയിൽ തൊഴിലാളിയായാണ് ഇദ്ദേഹം 1994ൽ സൗദിയിലെത്തിയത്. അന്ന് മുതൽ തുടർച്ചയായ 29 വർഷങ്ങൾ ഇതേ സ്ഥാപനത്തിൽ തന്നെയായിരുന്നു ജോലി.
കമ്പനിയിൽ ജോലിക്കിടയിൽ വാഹനത്തിന്റെ ഫാനിൽ കുടുങ്ങി ഇദ്ദേഹത്തിന്റെ രണ്ട് വിരലുകൾക്ക് പരിക്കേൽക്കുകയും ഒരു വിരൽ മുറിഞ്ഞ് പോകുകയും ചെയ്തിരുന്നു. പരിക്കേറ്റ വിരലുകൾ ശസ്ത്രക്രിയയിലൂടെ പൂർവ സ്ഥിതിയിലാക്കാൻ കഴിഞ്ഞില്ല. തുടർന്ന് നാട്ടിൽ പോയി സർജറി ചെയ്യാനായി ഇദ്ദേഹം ഫൈനൽ എക്സിറ്റ് വിസ ചോദിച്ചതിനെ തുടർന്ന് കമ്പനി എക്സിറ്റ് വിസ നൽകണമെങ്കിൽ തന്റെ 29 വർഷത്തെ സേവന ആനുകൂല്യങ്ങൾ വേണ്ടെന്ന് വെക്കാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ ഇദ്ദേഹത്തിന്റെ പ്രായമായ മാതാവ് വിലാസിനി അസുഖബാധിതയായി നാട്ടിൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലുമായി.
എങ്ങനെയെങ്കിലും നാടണയാനായി കമ്പനിയിൽനിന്ന് പാസ്പോർട്ടും എക്സിറ്റ് വിസയും കിട്ടുന്നതിനായി ഒടുവിൽ തനിക്ക് ലഭിക്കേണ്ട 20 ലക്ഷം രൂപയോളം ഏറെ വ്യസനത്തോടെ വേണ്ടെന്ന് വെക്കുകയായിരുന്നു.
നന്മ മലയാളി കൂട്ടായ്മ പ്രസിഡൻറ്, ആലപ്പുഴ ജില്ല കൂട്ടായ്മ എന്നീ സംഘടനകളുടെ ദീർഘകാല പ്രസിഡൻറ് ആയിരുന്ന പ്രതാപന് നൻമ കൂട്ടായ്മ യാത്രയയപ്പ് നൽകി. നൻമ ആദ്യകാല അംഗങ്ങളായ സാജനും സാബുവും ചേർന്ന് ഇദ്ദേഹത്തിനുള്ള ഉപഹാരം കൈമാറി. സെക്രട്ടറി ബാബു ഷമീം, ട്രഷറർ അബ്ദുൽ സലാം, സുനിത് എന്നിവർ സന്നിഹിതരായിരുന്നു. ഭാര്യ ജീന. മക്കൾ: കാവ്യ (ഷാർജ), കിരൺ (ചെന്നൈ ഫിസിയോതൊറപ്പി വിദ്യാർഥി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

