പ്രജിത്ത് രവീന്ദ്രെൻറ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
text_fieldsപ്രജിത്ത് രവീന്ദ്രൻ
ജിസാൻ: ഹൃദയാഘാതത്തെ തുടർന്ന് ജിസാനിൽ മരിച്ച കണ്ണൂർ അഴീക്കൽ സ്വദേശി പ്രജിത്ത് രവീന്ദ്രെൻറ (47) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ചൊവ്വാഴ്ച ജിസാൻ വിമാനത്താവളത്തിൽനിന്ന് സൗദി എയർലൈൻസ് വിമാനം വഴി ജിദ്ദയിൽ എത്തിച്ച മൃതദേഹം വ്യാഴാഴ്ച ജിദ്ദയിൽനിന്ന് എമിറേറ്റ്സ് വിമാനത്തിൽ ദുബൈ വഴി കൊച്ചിയിലെത്തിക്കുകയായിരുന്നു.
ജിസാനിനടുത്ത് അൽഗോസിൽ അൽബുഹയിൻ എന്ന കമ്പനിയിൽ ബോട്ട് മെക്കാനിക്കായി കഴിഞ്ഞ 10 വർഷമായി ജോലിചെയ്തു വരുകയായിരുന്നു പ്രജിത്ത്. കഴിഞ്ഞമാസം കുഴഞ്ഞുവീണ ഇദ്ദേഹത്തെ ജിസാൻ മുഹമ്മദ് ബിൻ നാസർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചയോളം ചികിത്സയിലായിരുന്ന പ്രജിത്ത് ഒക്ടോബർ 22നാണ് മരിച്ചത്. ഏക മകനായ പ്രജിത്തിനെ അവസാനമായി ഒന്ന് കാണണമെന്നുള്ള അച്ഛൻ രവീന്ദ്രെൻറയും അമ്മ ഭാർഗവിയുടെയും ആഗ്രഹം ഒ.ഐ.സി.സി ജിസാൻ ടൗൺ കമ്മിറ്റി പ്രസിഡൻറ് ഫൈസൽ കുട്ട്യാടി ഏറ്റെടുക്കുകയായിരുന്നു. അദ്ദേഹത്തിെൻറ കൂടെ പ്രവീൺ കണ്ണൂർ, ഫ്രാൻസിസ് പാലക്കാട്, ഷറഫുദ്ദീൻ മട്ടന്നൂർ, എബി മാത്യു, എലിസബത്ത്, നബീൽ അലി മുക്കം എന്നിവർ ചേർന്നാണ് മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. കൊച്ചിയിൽ എത്തിച്ച മൃതദേഹം പ്രിജിത്തിെൻറ സുഹൃത്തുക്കളായ നൗഷാദ്, സുബ്രഹ്മണ്യൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങുകയും അന്ത്യകർമങ്ങൾക്ക് ശേഷം മൃതദേഹം അഴീക്കൽ പൊതുശ്മശാനത്തിൽ സംസ്കരിക്കുകയും ചെയ്തു. ഭാര്യ: ഷംന കല്ലേൻ. മക്കൾ: സന പ്രജിത്ത്, ശിഖ പ്രജിത്ത്. കോവിഡ് മഹാമാരിക്ക് ശേഷം ഇത് രണ്ടാംതവണയാണ് ഒ.ഐ.സി.സി ജിസാൻ കമ്മിറ്റി ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

