ശറൂറയിയിൽ വൈദ്യുതി മുടങ്ങിയ സംഭവം; നാല് ഉന്നതോദ്യോഗസ്ഥരെ പുറത്താക്കി
text_fieldsറിയാദ്: ശറൂറയിൽ വൈദ്യുതി സേവനം തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ട് ഇലക്ട്രിസിറ്റി കമ്പനിയിലെ മുതിർന്ന ഒരു എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറിനെയും മൂന്ന് മാനേജർമാരെയും തൽസ്ഥാനത്തുനിന്ന് നീക്കി. സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശറൂറ ഗവർണറേറ്റിൽ വൈദ്യുതി തടസ്സപ്പെട്ടപ്പോൾ ഉത്തരവാദിത്ത നിർവഹണത്തിൽ വീഴ്ചയും അശ്രദ്ധയും വരുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണിത്. അന്വേഷണ ഫലങ്ങളുടെ അടിസ്ഥാനത്തിൽ റെഗുലേറ്ററി അതോറിറ്റി ചില അടിയന്തര തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.
ജനറേറ്റർ ഓപറേഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റിന്റെ ചുമതലകൾ നിർവഹിക്കാൻ എൻജി. അബ്ദുറഹ്മാൻ ബിൻ അഹമ്മദ് അൽ അമൂദിയെയും ദക്ഷിണ ഊർജ്ജ ഉൽപാദന പ്രവർത്തന മേഖലയുടെ തലവന്റെ ചുമതലകൾ നിർവഹിക്കാൻ എൻജി. സഅദ് ബിൻ തീബ് അൽശഹ്റാനിയെയും കൗൺസിൽ നിയമിച്ചു.
കൂടാതെ ശറൂറ ഗവർണറേറ്റിലെ ഉപഭോക്താക്കൾക്ക് വൈദ്യുത സേവനം തടസ്സപ്പെടുത്തുന്നതിന് കാരണമായ പോരായ്മകൾ പരിഹരിക്കുന്നതിന് ആവശ്യമായ സാങ്കേതിക നടപടികൾ നടപ്പാക്കുന്നതിനും ആവശ്യമായ അറ്റകുറ്റപ്പണി പരിപാടികൾ നടപ്പാക്കുന്നതിനും സ്റ്റേഷനിലെ സംരക്ഷണ ഉപകരണങ്ങളുടെ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനും കൗൺസിൽ അംഗീകാരം നൽകി.
സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയുടെ മേൽനോട്ടത്തിലും സ്വതന്ത്ര ടെക്നിക്കൽ കൺസൾട്ടിങ് ഓഫിസുകളുടെ സഹായത്തോടെയും നടത്തിയ അന്വേഷണ ഫലങ്ങൾ അവലോകനം ചെയ്യാൻ കമ്പനിയുടെ ഡയറക്ടർ ബോർഡ് അടിയന്തര യോഗം ചേർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

