ജനപ്രിയം യാംബുവിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ
text_fieldsയാംബുവിലെ ജലാശയങ്ങളുടെയും പാർക്കുകളുടെയും കടൽത്തീരത്തിന്റെയുമെല്ലാം മനോഹര കാഴ്ചകൾ
യാംബു: വ്യവസായ നഗരമായ യാംബു റോയൽ കമീഷനിൽ ജനപ്രിയമായി വിവിധ ഉദ്യാനങ്ങളടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ. അന്താരാഷ്ട്ര പ്രശസ്തിയുള്ള വൻകിട പെട്രോളിയം കമ്പനികൾ ഉൾപ്പെടെ മുന്നൂറോളം ഫാക്ടറികളാണ് യാംബുവിലുള്ളത്. ഇതിലെ തൊഴിലാളികൾക്കാവശ്യമായ താമസസൗകര്യങ്ങളും വാണിജ്യസ്ഥാപനങ്ങളും വിവിധ കമ്പനികളുടെ കോർപറേറ്റ് ഓഫിസുകളും ആരോഗ്യ- വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്ള ഇവിടെ ഇതോടൊപ്പം ജനങ്ങളുടെ മാനസിക ഉല്ലാസത്തിനും ആരോഗ്യ സംരക്ഷണത്തിനുമായാണ് ഉദ്യാനങ്ങളും വിവിധതരം പാർക്കുകളും ഒരുക്കിയിട്ടുള്ളത്.
കമീഷൻ പരിധിയിലെ താമസക്കാരെ കേന്ദ്രീകരിച്ചും പുറത്തുനിന്ന് എത്തുന്ന സന്ദർശകർ അടക്കമുള്ളവരെ കൂടി പരിഗണിച്ചും ചെറുതും വലുതുമായ ഉദ്യാനങ്ങളും കുട്ടികളുടെ പാർക്കുകളും കൃത്രിമ തടാകങ്ങളും മനുഷ്യ നിർമിത ദ്വീപുകളും ഇവിടെ ടൂറിസത്തിനാവശ്യമായ എല്ലാ സൗകര്യവുമൊരുക്കുന്നു. കേരളത്തിലെ കായലോരങ്ങളെ ഓർമിപ്പിക്കുന്ന തെങ്ങുകളുടെയും പനകളുടെയും നിരയും അലങ്കാര ചെടികളുമായി തെരുവോരങ്ങൾ നിത്യഹരിതമാണ്
രാജ്യത്തെ ഏറ്റവും വലിയ മനുഷ്യനിർമിത ‘വാട്ടർ ഫ്രണ്ട്’ പാർക്ക് യാംബുവിലെ ശ്രദ്ധേയ കാഴ്ചയാണ്. 260,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഇത് വ്യാപിച്ചുകിടക്കുന്നു. പ്രകൃതി സൗന്ദര്യത്താൽ സമ്പന്നമായ ഈ തീരപ്രദേശം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. ചെങ്കടൽ ഓരം ചേർന്നുള്ള പാർക്കിന്റെ ചില ഭാഗങ്ങളിൽ കടലിൽ നീന്താൻ പ്രത്യേകം സൗകര്യം കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. വിശ്രമ കൂടാരങ്ങൾ, കളിസ്ഥലങ്ങൾ, കുട്ടികൾക്കായി വൈവിധ്യങ്ങളായ ഉല്ലാസ സംവിധാനങ്ങൾ, വിശാലമായ വാഹന പാർക്കിങ് സൗകര്യം തുടങ്ങി സന്ദർശകർക്കായി എല്ലാം വിശാലമായ ഈ പാർക്കിൽ ഒരുക്കിയിട്ടുണ്ട്.
യാംബു ലേക്
വിനോദ സഞ്ചാരികളുടെ പറുദീസയാണ് യാംബു ലേക് എന്നറിയപ്പെടുന്ന കൃത്രിമ തടാകം. 2,982 ചതുരശ്ര മീറ്ററിലേറെ വിസ്തീർണമുള്ള ഈ ജലാശയത്തിന് 4,175 ഘനമീറ്റർ ജലം സംഭരണശേഷിയുണ്ട്. 21,276 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വിശാലമായ പുൽമേടുകളുടെ ഒരു മനോഹരമായ ഉദ്യാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. തടാകത്തിൽ മത്സ്യങ്ങളടക്കം ജലജീവികളുടെ വൈവിധ്യം തന്നെയുണ്ട്. മീൻ പിടിക്കരുതെന്നും ജലജീവികളെ ഉപദ്രവിക്കാതെ പരിസ്ഥിതി-ആരോഗ്യവകുപ്പുമായി സഹകരിക്കണമെന്നും വിവിധ ഭാഷകളിൽ തടാകത്തോട് ചേർന്ന് ഫലകവും സ്ഥാപിച്ചിട്ടുണ്ട്. ഒരു ചെറിയ ആവാസ വ്യവസ്ഥയുടെ പ്രകൃതി ദത്തമായ നേർക്കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. തടാകത്തിനകത്തെ ജലധാരയും കുറ്റിച്ചെടികൾ ഡിസൈൻ ചെയ്ത തടാകത്തിന് മീതെയുള്ള മേൽപ്പാലവും മനോഹര കാഴ്ചയാണ്. സഞ്ചാരികൾക്ക് വിശ്രമിക്കാനും ഒന്നിച്ചിരുന്ന് ഉല്ലസിക്കാനും കുട്ടികൾക്ക് വിനോദങ്ങളിൽ മുഴുകാനും ഇവിടെ വിശാലമായ സംവിധാനങ്ങളുണ്ട്. വർണാഭമായ അലങ്കാര വിളക്കുകൾ രാത്രി കാഴ്ചകളെ വശ്യമനോഹരമാക്കുന്നു. 2,850 മീറ്റർ നീളമുള്ള ഒരു നടപ്പാതയും ഇവിടുണ്ട്.
കായികോദ്യാനം
യാംബു-ജിദ്ദ ഹൈവേയിൽനിന്ന് പിരിയുന്ന കിങ് ഫൈസൽ റോഡിന്റെ ഓരത്ത് റോയൽ കമീഷൻ നിർമിച്ച പ്രിൻസ് അബ്ദുല്ല ബിൻ ദുൻയാൻ സ്പോർട്ട് പാർക്ക് സഞ്ചാരികളുടെയും കായികപ്രേമികളുടെയും ഇഷ്ട സങ്കേതമാണ്. മൂന്നു ലക്ഷം ചതുരശ്ര മീറ്ററിൽ വിശാലമായി ഒരുക്കിയ കായികോദ്യാനത്തിൽ ഈത്തപ്പനകളും തണൽ സസ്യങ്ങളുമായി 5,700 വൃക്ഷങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഹരിതകാന്തി തിളങ്ങുന്നുണ്ട് ഇവിടെ. 2500 മീറ്ററിൽ സിന്തറ്റിക്ക് ട്രാക്കോടുകൂടിയ നടപ്പാതയും സൈക്കിൾ സവാരിക്കായി പ്രത്യേക റോഡും ഈ പാർക്കിലെ പ്രധാന ആകർഷണമാണ്.
സായാഹ്ന നടത്തത്തിനായി കുടുംബത്തോടൊപ്പം എത്തുന്നവർക്ക് ഏറെ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കായി ചെറിയ പാർക്കുകളും വിശ്രമിക്കാനുള്ള ഇടങ്ങളും കളിസ്ഥലങ്ങളും നമസ്കാര സ്ഥലവും കുടിവെള്ളവും ശുചീകരണ സൗകര്യങ്ങളും ഈ സ്പോർട്ട് പാർക്കിലുണ്ട്. പ്രകൃതിക്കിണങ്ങും വിധമാണ് പാർക്ക് രൂപകല്പന ചെയ്തിട്ടുള്ളത്. വലിയ മരങ്ങളും കുറ്റിച്ചെടികളും പൂക്കളുമായി ഉദ്യാനം ഏറെ മനോഹരമാണ്. യാംബുവിലെത്തുന്ന സഞ്ചാരികൾക്ക് പാർക്ക് ഏറെ ആസ്വാദകരമായിരിക്കും.
നൗറസ് ദ്വീപ്
യാംബുവിലെ ചെങ്കടലിൽ ഒരുക്കിയ മനുഷ്യനിർമിതമായ ‘നൗറസ് ദ്വീപ്’ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ ടൂറിസം അനുഭവങ്ങൾ സമ്മാനിക്കുന്നു. അതീവ ഹൃദ്യത പകരുന്ന ഒരിടമാണിത്. 232, 800 സ്ക്വയർ മീറ്ററിൽ നിർമിച്ച ദ്വീപിലേക്ക് സമുദ്രതീരത്തുനിന്ന് നീണ്ട മേൽപാലം ഉണ്ട്. ഇതിലൂടെ വാഹനങ്ങൾ വഴി സഞ്ചാരികൾക്ക് അവിടെ എത്താം. ദീപിന്റെ അകത്ത് തന്നെ വിശാലമായ വാഹന പാർക്കിങ് ഏരിയയും വിശ്രമ ഇടങ്ങളും കടലോര ഇരിപ്പിടങ്ങളും കൊച്ചു പാർക്കുകളും ഒരുക്കിയിട്ടുണ്ട്.മുകളിൽനിന്നുള്ള കാഴ്ചയിൽ സാഗര നീലിമയിലേക്ക് ഉതിർന്നു വീഴുന്ന ഒരു ജലകണം പോലെയാണ് ഈ കൃത്രിമ ദ്വീപിന്റെ ആകൃതി.
സഞ്ചാരികൾക്ക് വിസ്മയം പകരുന്ന വിവിധ കാഴ്ചകൾ കാണാം. വൈകുന്നേരങ്ങളിൽ കുടുംബങ്ങളോടൊത്ത് സ്വദേശികളും വിദേശികളും സമയം ചെലവഴിക്കാൻ ഇവിടെ എത്തുന്നു. കുടുംബത്തിന് ഒരുമിച്ചിരിക്കാൻ പറ്റുന്ന തണൽ കൂടാരങ്ങൾ, പ്രാർഥനായിടങ്ങൾ, വൃത്തിയുള്ള ടോയിലറ്റ് സംവിധാനങ്ങൾ എന്നിവ ഇവിടെയും ഒരുക്കിയിട്ടുണ്ട്.മത്സ്യബന്ധനം, ക്യാമ്പിങ്, കുടുംബ വിനോദ ഉല്ലാസ പരിപാടികൾ തുടങ്ങിയവയും ഇവിടെയുണ്ട്. സൗദിയുടെ വിനോദ സഞ്ചാര ഭൂപടത്തിൽ യാംബു ഇതിനകം ഇടം പിടിച്ചിട്ടുണ്ട്. വർഷം തോറും നടക്കുന്ന യാംബു പുഷ്പോത്സവം സഞ്ചാരികളുടെ മനം കവരുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

