മലയാള കാലിഗ്രഫിക്ക് സർഗോപഹാരമായി 'പൊൻതൂലിക'
text_fieldsജുബൈൽ: പ്രവാസി മലയാളികൾക്കിടയിൽ മാതൃഭാഷയോടും മലയാള കാലിഗ്രഫിയോടും താൽപര്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ 'പൊൻതൂലിക' എന്ന സംഗീത ആൽബം ശ്രദ്ധേയമാകുന്നു. ദമ്മാം സൗദി ഇലക്ട്രോണിക് യൂനിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറും ജുബൈലിലെ കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സ്വദേശിനി ഡോ. നവ്യ വിനോദാണ് ഈ ഹ്രസ്വചിത്രത്തിന്റെ നിർമാതാവ്. ഡോ. നവ്യയും ഈ ആൽബത്തിൽ അഭിനയിച്ചിട്ടുണ്ട്. 'കചടതപ ഫൗണ്ടേഷൻ' സംഘടിപ്പിച്ച അന്താരാഷ്ട്ര കാലിഗ്രഫി ഫെസ്റ്റിവൽ ഓഫ് കേരള 2026 ന്റെ ഭാഗമായാണ് ഈ ആൽബം ഒരുക്കിയത്.
പുസ്തകങ്ങളുടെ പുറംചട്ടകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന മലയാള കാലിഗ്രഫിയെ സ്വതന്ത്ര കലയായി വളർത്തിയെടുക്കാൻ മുൻകൈയെടുത്ത പ്രശസ്ത കാലിഗ്രഫറും കേരളശ്രീ പുരസ്കാര ജേതാവുമായ നാരായണ ഭട്ടതിരിയുടെ മനോഹര കലാസൃഷ്ടികളാണ് 'പൊൻതൂലിക' ക്ക് രംഗ പശ്ചാത്തലമാകുന്നത്. പ്രവാസലോകത്ത് വളരുന്ന ഒരു മലയാളി പെൺകുട്ടി നാരായണ ഭട്ടതിരിയുടെ കാലിഗ്രഫി ഗാലറി സന്ദർശിക്കുന്നതിലൂടെ മാതൃഭാഷയിലേക്കും കാലിഗ്രഫി എന്ന അക്ഷരകലയിലേക്കും ആകൃഷ്ട യാകുന്ന കഥയാണ് സംഗീതവും നാടകീയ മുഹൂർത്തങ്ങളും കോർത്തിണക്കി ഈ ആൽബത്തിൽ അവതരിപ്പിക്കുന്നത്. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്ത കാലിഗ്രഫി ഫെസ്റ്റിവലിൽ ജെയിൻ സർവകലാശാല ഡയറക്ടർ ഡോ. ടോം ജോസഫാണ് ഗാനം ഔദ്യോഗികമായി പ്രകാശനം ചെയ്തത്.
'ന്യൂഎൻമീഡിയ' യുടെ ബാനറിൽ സോൾ നോട്ട്സ് ക്രിയേഷൻസും ലയരാഗ സ്റ്റുഡിയോയും സംയുക്തമായാണ് ആൽബം പുറത്തിറക്കിയിരിക്കുന്നത്. ഡോ. ഹരീഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ക്യാമറയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്. ഡോ. ശ്രീദേവി എൻ. നമ്പൂതിരി രചനയും സംഗീതവും നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് മഹേന്ദ്രൻ പൊതുവാളാണ്. നിർമാതാവായ ഡോ. നവ്യ വിനോദിനൊപ്പം ആർ.ജെ. ശ്രുതി രജനീകാന്ത്, അങ്കിത വിനോദ് എന്നിവരും ഇതിൽ വേഷമിട്ടിരിക്കുന്നു. ഒ.എസ്. സുനിൽ (ഓർക്കസ്ട്രേഷൻ, പശ്ചാത്തല സംഗീതം), അനിൽ ഗോവിന്ദ് (പുല്ലാങ്കുഴൽ), വി. സൗന്ദര രാജൻ (വീണ), ബാലു കൃഷ്ണ (മൃദംഗം, തബല), അനിൽ അർജുനൻ (സൗണ്ട് മിക്സിംഗ് - ആരഭി റെക്കോർഡ് ഇൻ), അജിത് ജി. കൃഷ്ണൻ (സൗണ്ട് റെക്കോർഡിംഗ്), എസ്. ആദിത്യൻ (ഏകോപനം), എസ്. അഖിൽ, അമൽ ദ്രാവിഡ്, ആർ.എസ്. ശബരീനാഥ് (ക്യാമറ സഹായി), ഭട്ടതിരി കാലിഗ്രാഫി (ടൈറ്റിൽ, കോസ്റ്റ്യൂം ഡിസൈൻ), അനബെല്ല മേക്കോവർ സ്റ്റുഡിയോ (മേക്കപ്പ്) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഓവൻലി, കചടതപ ആർട്ട് ഗാലറി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
അക്കാദമിക് രംഗത്തെ തിരക്കുകൾക്കിടയിലും കലാ-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യവും അറിയപ്പെടുന്ന ഗായികയും അവതാരകയുമായ ഡോ. നവ്യ വിനോദ് നിർമിച്ച് ഇക്കഴിഞ്ഞ ഓണക്കാലത്ത് പുറത്തിറങ്ങിയ 'ഓണപ്പൂവിളി കേൾക്കും തൃക്കാക്കരയിൽ' എന്ന് തുടങ്ങുന്ന ഓണപ്പാട്ടും ഏറെ ജനശ്രദ്ധ നേടിയിരുന്നു.
സിനിമ-സീരിയൽ-നാടക-സാമൂഹിക മാധ്യമ രംഗങ്ങളിൽ സജീവമായ നവ്യ മിന്നാമിനുങ്ങ്, 'മുത്തുഗൗ' എന്നീ സിനിമകളിലും പരസ്പരം, ചന്ദനമഴ, സത്യമേവ ജയതേ തുടങ്ങിയ സീരിയലുകളിലും 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്', 'ഇതിഹാസം' തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ജുബൈൽ നവോദയ 'രംഗവേദി'യുടെയും ദമ്മാം നാടകവേദിയുടെയും ഭാഗമായ ഡോ. നവ്യ സൗദിയിലും വിവിധ ഹ്രസ്വചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. ഇറാം കമ്പനി ജുബൈൽ മേഖല മാനേജർ വിനോദ് ആണ് ഭർത്താവ്. ആകാശ് (വെല്ലൂർ എഞ്ചിനീയറിംഗ് കോളജ്), അങ്കിത (ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ) എന്നിവർ മക്കളാണ്. https://youtu.be/66kouJefCWY എന്ന ലിങ്കിലൂടെ 'പൊൻതൂലിക' യൂട്യൂബിൽ കേൾക്കാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

