സത്യത്തിന്റെ പാതയിൽ അടിയുറച്ചുനിൽക്കുക - പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ
text_fieldsഐ.സി.എഫും ജാമിഅ ഹികമിയ്യയും ജിദ്ദയിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ സംസാരിക്കുന്നു
ജിദ്ദ: ജീവിതവഴിത്താരയിൽ എന്തുതരം പ്രതിസന്ധികളും പ്രലോഭനങ്ങളുമുണ്ടായാലും സത്യത്തിന്റെ പാതയിൽ അടിയുറച്ചുനിൽക്കണമെന്നും സത്യത്തിന് മാത്രമേ അന്തിമവിജയം ഉണ്ടാവുകയുള്ളൂവെന്നും സമസ്ത കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ. ഐ.സി.എഫ് ജിദ്ദ സെൻട്രൽ കമ്മിറ്റിയും ജാമിഅ ഹികമിയ്യ ജിദ്ദ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർധിച്ചുവരുന്ന മൂല്യച്ച്യുതിക്ക് കാരണം പ്രലോഭനങ്ങളാണ്.
ഒരുതരത്തിലുള്ള പ്രലോഭനങ്ങൾക്കും വഴിപ്പെടാതെ മാനുഷികമൂല്യങ്ങൾ മുറുകെപ്പിടിച്ച് ജീവിക്കാൻ ശ്രമിക്കണം. സത്യം അകതാരിൽ ഒളിപ്പിച്ചുവെക്കേണ്ടതല്ല. പ്രകടമായി പറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് മാസ്റ്റർ പറവൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഹസൻ സഖാഫി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ്, ആർ.എസ്.സി നേതാക്കളായ അബ്ദുറഹ്മാൻ മളാഹിരി, മുഹമ്മദ് സഖാഫി ഉഗ്രപുരം, അബ്ദുൽ നാസർ അൻവരി, മൊയ്തീൻ കുട്ടി സഖാഫി യൂനിവേഴ്സിറ്റി, മുഹമ്മദ് അൻവരി കൊമ്പം, മുഹ്സിൻ സഖാഫി, മുഹ്യിദ്ദീൻ അഹ്സനി പയ്യന്നൂർ, നൗഫൽ എറണാകുളം, സാദിഖ് ചാലിയാർ, ജാബിർ നഈമി തുടങ്ങിയവർ സംബന്ധിച്ചു. സൈനുൽ ആബിദീൻ തങ്ങൾ പെരുവള്ളൂർ സ്വാഗതവും മൻസൂർ മാസ്റ്റർ മണ്ണാർക്കാട് നന്ദിയും പറഞ്ഞു.