ഉറുമാൻ പഴം വിളവെടുപ്പിൽ മുന്നേറി അസീർ; കാർഷിക-സാമ്പത്തിക രംഗത്ത് വൻ കുതിപ്പ്
text_fieldsഉറുമാൻ പഴം വിളവെടുപ്പ്
റിയാദ്: സൗദി അറേബ്യയിലെ അസീർ മേഖലയിൽ ഉറുമാൻ പഴം (മാതളനാരങ്ങ) വിളവെടുപ്പ് സജീവമായി. ശരത്കാലത്തിെൻറ വരവോടെ ആരംഭിക്കുന്ന വിളവെടുപ്പ്, പ്രദേശത്തിെൻറ സാംസ്കാരിക പൈതൃകവും കാർഷിക തനിമയും വിളിച്ചോതുന്ന ഉത്സവ അന്തരീക്ഷത്തിലാണ് പുരോഗമിക്കുന്നത്.
തനതായ രുചിയും ഉയർന്ന പോഷകമൂല്യവുമുള്ള വിവിധയിനം ഉറുമാനുകളാണ് അസീറിൽ ഉത്പാദിപ്പിക്കുന്നത്. പാരമ്പര്യമായി അറിയപ്പെടുന്ന പ്രാദേശിക ഇനത്തിനു പുറമെ, ഇളം തൊലിയും ചെറിയ പുളിയുമുള്ള ‘അസ്ഫരി’, ഏറ്റവും വ്യാപകമായ ചുവന്ന ‘ബലദി’, ബദൽ കൃഷിയായി വളർത്തുന്ന ‘ത്വാഇഫി’ എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്.
കർഷകർക്കും ഉത്പാദക കുടുംബങ്ങൾക്കും മികച്ച വരുമാന സ്രോതസ്സാണ് ഈ കാർഷിക സീസൺ. വിപണികളിൽ വലിയ വാണിജ്യ ചലനങ്ങൾ സൃഷ്ടിക്കുന്ന ഉറുമാൻ വിളവെടുപ്പ്, മേഖലയിലെ കാർഷിക വരുമാന വൈവിധ്യവൽക്കരണത്തിന് കരുത്തേകുന്നു. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിെൻറ കണക്കുകൾ പ്രകാരം സൗദി അറേബ്യയിൽ ആകെ 13 ലക്ഷത്തിലധികം ഉറുമാൻ മരങ്ങളാണുള്ളത്.
പ്രതിവർഷം 39,700 ടണ്ണോളം ഉത്പാദനം രേഖപ്പെടുത്തുന്ന രാജ്യത്ത്, അസീർ മേഖലയാണ് ഉത്പാദനത്തിൽ മുൻനിരയിലുള്ളത്. വിപണനത്തിലും മൂല്യവർധിത സംസ്കരണ വ്യവസായങ്ങളിലും വിപുലമായ നിക്ഷേപ സാധ്യതകളാണ് ഇത് തുറന്നുനൽകുന്നത്.
സറാത് ഉബൈദ, ദഹ്‌റാൻ അൽ ജനൂബ്, അൽ ഫർശ, ബൽകർൺ, അഹദ് റുഫൈദ തുടങ്ങിയ വിവിധ ഗവർണറേറ്റുകളിൽ വിളവെടുപ്പുകാലം ആഘോഷമായാണ് കൊണ്ടാടുന്നത്. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖയുടെ നേതൃത്വത്തിൽ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്.
ഇതിെൻറ ഭാഗമായി സറാത് ഉബൈദയിൽ ആറാം ഉറുമാൻ മേളക്ക് തുടക്കമായി. കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ നേരിട്ട് വിൽക്കുന്നതിനും, ഉറുമാൻ സിറപ്പ്, സ്വാഭാവിക ജ്യൂസുകൾ തുടങ്ങിയ മൂല്യവർധിത ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനും മേള അവസരമൊരുക്കുന്നു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിക്കുന്ന ഈ മേളകൾ സാംസ്കാരിക-വിനോദസഞ്ചാര സംഗമം കൂടിയാണ്.
മേഖലയിലെ മികച്ച പാരിസ്ഥിതിക സാഹചര്യങ്ങളും ഫലഭൂയിഷ്ഠമായ മണ്ണുമാണ് അസീറിലെ ഉറുമാെൻറ ഉയർന്ന ഗുണനിലവാരത്തിനും വിപണിമൂല്യത്തിനും കാരണമെന്ന് ‘അൽ വഖാഅ്’ കേന്ദ്രത്തിലെ കാർഷിക ഗവേഷകൻ എൻജി. ഹസൻ അൽവാദിഈ വ്യക്തമാക്കി. ശക്തമായ ആൻറി ഓക്‌സിഡൻറുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഉറുമാെൻറ ഔഷധമൂല്യം പ്രാദേശിക വിപണിയിൽ ഇതിന് ആവശ്യക്കാരെ കൂട്ടുന്നു.
രാജ്യത്തിെൻറ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയും ഭക്ഷ്യസുരക്ഷയെയും ശക്തിപ്പെടുത്തുന്ന വിഷൻ 2030 ലക്ഷ്യങ്ങളോട് പൂർണമായും ചേർന്നുനിൽക്കുന്നതാണ് അസീറിലെ ഈ കാർഷിക മുന്നേറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

