വസ്ത്രധാരണത്തിന്റെ പേരിൽ ആക്രമിക്കപ്പെടുന്ന മനുഷ്യരെ കൂടുതൽ ചേർത്തുപിടിക്കേണ്ട രാഷ്ട്രീയ സാഹചര്യം -ഡോ. സോയ ജോസഫ്
text_fieldsമഹിള കോൺഗ്രസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ് ദമ്മാമിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ദമ്മാം: ധരിച്ചിരിക്കുന്ന വസ്ത്രം നോക്കി അക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ മനുഷ്യരെ കുറേക്കൂടി ചേർത്തുപിടിക്കേണ്ട രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നതെന്ന് മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ് ദമ്മാമിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒ.ഐ.സി.സി ദമ്മാം വനിത വേദി സംഘടിപ്പിച്ച 'ഓണച്ചന്തം' പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അവർ.
ഇന്ത്യ ഒരു ബഹുസ്വര രാഷ്ട്രമാണ്. അതിൽ എല്ലാ മനുഷ്യർക്കും അവരുടെ മതവിശ്വാസം അനുസരിച്ച് മുന്നോട്ട് പോവാനുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ട്. സ്വാതന്ത്ര്യവും ജനാധ്യപത്യവും എന്നത് പോലെ ബഹുസ്വരതയും ഉണ്ടെന്ന് നമ്മൾ മനസിലാക്കണം. ഇവിടെ കടന്നുവരുന്നത് ഒരു കുഞ്ഞാണെന്നും അതിനെ പഠിപ്പിക്കുക എന്നതാണ് നമ്മുടെ കടമയെന്നും തിരിച്ചറിയണം.
ഭരണഘടയിലോ നിയമങ്ങളിലോ മാത്രമല്ല അതിനപ്പുറത്തേക്ക് സാഹോദര്യത്തിലൂടെ വേണം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ. ഇവരും ആക്രമിക്കപ്പെടുന്നത് വേഷ ഭൂഷാതികൾ കൊണ്ടാണ്. നിങ്ങൾ ധരിക്കുന്ന വസ്ത്രം നിങ്ങളുടെ മതത്തിന്റെ ചിഹ്നമാകുമ്പോൾ നിങ്ങൾ ഇവിടെ അല്ലെങ്കിൽ മറ്റൊരു സ്ഥലത്തു അക്രമിക്കപെടുന്നുണ്ടെന്ന് തിരിച്ചറിയുക. മനുഷ്യരെ ചേർത്തുപിടിക്കേണ്ട രാഷ്ട്രീയ സാഹചര്യത്തിൽ അതിനെതിരായി നിൽക്കുക എന്നത് ഭരണഘടനാ വിരുദ്ധം തന്നെയാണെന്ന് ഹിജാബ് വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി ഡോ. സോയ ജോസഫ് പറഞ്ഞു.
നമ്മൾ വിചാരിക്കുന്നതിനു അപ്പുറത്ത് വലിയ രീതിയിലുള്ള രാഷ്ട്രീയ സങ്കീർണ്ണതകൾ ഉള്ള സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ഒമ്പത് വർഷത്തിലേറെയായി നാടുഭരിക്കുന്ന സർക്കാരിനെ വിലയിരുത്തുന്ന അവസ്ഥയിലേക്ക് വരുന്ന തിരഞ്ഞെടുപ്പ് പോകും എന്ന കാര്യത്തിൽ സംശയമില്ല. ആഭ്യന്തര, വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾ തകർത്ത സർക്കാർ ആണ് ഇവിടെ ഉള്ളത്.
പിണറായി വിജയൻ പി.ആർ വിജയനായി മാറിക്കഴിഞ്ഞു. മെഡിക്കൽ അനാസ്ഥകൊണ്ട് മരണം കൂടി വരുന്നു. കസ്റ്റഡി മരണങ്ങൾ അധികരിക്കുന്നു. ആശാ വർക്കർമാരുടെ സമരം 250 ദിവസം പിന്നിടുന്നു. ഇതൊന്നും പരിഗണിക്കപ്പെടാതെ ഹൃയപക്ഷമില്ലാതെ വീണ്ടും ഞങ്ങളാണ് ഹൃദയപക്ഷം ഇടതുപക്ഷം എന്നൊക്കെ പറഞ്ഞാൽ ആർക്കാണ് അത് അംഗീകരിക്കാൻ കഴിയുക. മതവും ജാതിയും അതിന്റെ സങ്കീർണ്ണതകളെയുമെല്ലാം ഉപയോഗിക്കുകയാണ്.
ആഗോള അയ്യപ്പ സംഗമം ആളില്ല ആഗോള സംഗമം ആയി മാറി. ആചാര ലംഘനത്തിനു വേണ്ടി നിന്ന ഒരു സർക്കാർ ആചാര സംരക്ഷണത്തിന് ഇറങ്ങിയിരിക്കുന്നു. അയ്യപ്പന്റെ സ്വർണം എവിടെയാണ്. സ്വർണ്ണ പാളി തിരിച്ചു വെക്കാനും മറിച്ചു വെക്കാനും ഉണ്ണികൃഷ്ണൻ പോറ്റിയെ ആരാണ് ഏല്പിച്ചത്. കൊണ്ടുപോയതിന്റെയോ വന്നതിന്റെയോ ഒരു യാതൊരു രേഖയും കണക്കും ഇല്ല. നാലു കിലോ സ്വർണ്ണം കാണാനില്ലെന്ന് പറയുന്നു.ദേവസ്വം ഭരണ സമിതിക്കെതിരെ കേസ് എടുക്കേണ്ട അവസ്ഥയാണ്.
വിശ്വാസികളെ സംരക്ഷിക്കാൻ കെൽപ്പില്ലാത്ത സർക്കാർ നിലനിൽക്കുന്നു എന്നത് ആപത്കരമായ കാര്യമാണ്. കോൺഗ്രസ്സ് മുക്ത ഭാരതം സ്വപ്നം കാണുന്ന ബി.ജെ.പിയും സി.പി എമ്മും ഒരുമിക്കുന്ന കാഴ്ചകളാണ് നാം കാണുന്നതെന്നും അവർ പറഞ്ഞു. ഒ.ഐ.സി.സി വനിതാവേദി പ്രസിഡൻ്റ് ലിബി ജെയിംസ്, ജനറൽ സെക്രട്ടറി ഹുസ്ന ആസിഫ്, മുൻ കെ.പി.സി.സി അംഗം അഹമ്മദ് പുളിക്കൽ, ഒ.ഐ.സി.സി കിഴക്കൻ പ്രവിശ്യ പ്രസിഡന്റ് ഇ.കെ സലിം, ദേശീയ കമ്മിറ്റി വൈസ് പ്രസിഡൻ്റ് റഫീഖ് കൂട്ടിലങ്ങാടി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

