സംഘ്പരിവാർ ഫാഷിസ്റ്റ് അജണ്ടകൾക്കെതിരെ രാഷ്ട്രീയ പ്രതിരോധമുയർത്തണം –ഐ.എം.സി.സി
text_fieldsഐ.എം.സി.സി ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷനിൽ ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി നാസർകോയ തങ്ങൾ സംസാരിക്കുന്നു
ജിദ്ദ: സംഘ് പരിവാർ, ഫാഷിസ്റ്റ് അജണ്ടകൾക്കെതിരെ ജനാധിപത്യ മതേതര മൂല്യങ്ങളുയർത്തിപ്പിടിച്ചു രാഷ്ട്രീയമായി പ്രതിരോധിക്കാൻ ഏവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി നാസർകോയ തങ്ങൾ അഭിപ്രായപ്പെട്ടു.
ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി നടത്തിവരുന്ന സെക്കുലർ ഇന്ത്യ കാമ്പയിനിന്റെ ഭാഗമായി ഐ.എം.സി.സി ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏക സിവിൽകോഡ് ബിൽ, ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള മൗലാനാ ആസാദ് ഫെലോഷിപ് സ്കീം നിർത്തലാക്കാക്കിയതുൾപ്പെടെ ഫാഷിസ്റ്റ് ശക്തികൾ ദിനേനയെന്നോണം അജണ്ടകൾ ഓരോന്നായി നടപ്പിലാക്കാൻ മുന്നോട്ടു വരുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്.
ശക്തമായ രാഷ്ട്രീയ പ്രതിരോധത്തിലൂടെ മാത്രമേ ഇത്തരം നീക്കങ്ങൾക്ക് തടയിടാൻ സാധിക്കു. കോൺഗ്രസാവട്ടെ പ്രതികരിക്കാതെ ഫാഷിസ്റ്റ് കരങ്ങൾക്ക് പ്രവർത്തിക്കാൻ മൗനാനുവാദം നൽകുകയാണ്. ബാബരി മസ്ജിദ് തകർക്കുന്നതിന് സംഘ്പരിവാർ ശക്തികൾക്ക് മൗനാനുവാദം നൽകിയ കോൺഗ്രസിൽ നിന്നും ഇതിൽ കൂടുതലായി മതേതര സമൂഹം ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും നാസർ കോയ തങ്ങൾ പറഞ്ഞു.
ഐ.എം.സി.സി ജി.സി സി അധ്യക്ഷൻ എ.എം അബ്ദുല്ല കുട്ടി ഉദ്ഘാടനം ചെയ്തു. എം.എം. മജീദ് അധ്യക്ഷത വഹിച്ചു. വി. മൊയ്തീൻ ഹാജി, ഷാജി അരിമ്പ്രത്തൊടി, അമീർ മൂഴിക്കൻ, ലുക്മാൻ തിരൂരങ്ങാടി, സദഖത് സഞ്ജീരി കടലുണ്ടി, മുഹമ്മദ് അലി പാറക്കടവത്ത് തുടങ്ങിയവർ സംസാരിച്ചു. മൻസൂർ വണ്ടൂർ സ്വാഗതവും ഇസ്ഹാഖ് മാരിയാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

