21 വർഷങ്ങൾക്ക് ശേഷം ആ പുഞ്ചിരി വീണ്ടും; ശസ്ത്രക്രിയയിലൂടെ വേർപിരിഞ്ഞ പോളിഷ് ഇരട്ടകൾ ഡോ. റബീഅയെ കാണാനെത്തി
text_fields21 വർഷങ്ങൾക്ക് ശേഷം തന്നെ കാണാനെത്തിയ പോളിഷ് ഇരട്ടകളായ ഓൾഗ, ഡാരിയ എന്നിവരോടൊപ്പം ഡോ. അബ്ദുല്ല അൽ റബീഅ
റിയാദ്: കാലം മായ്ക്കാത്ത നന്ദിയും സ്നേഹവുമായി പോളണ്ടിൽ നിന്നുള്ള ആ പഴയ സയാമീസ് ഇരട്ടകൾ വീണ്ടും റിയാദിലെത്തി. 21 വർഷം മുമ്പ് സങ്കീർണമായ ശസ്ത്രക്രിയയിലൂടെ തങ്ങളെ രണ്ട് വ്യക്തികളായി മാറ്റിയ സൗദി മെഡിക്കൽ സംഘത്തിന്റെ തലവൻ ഡോ. അബ്ദുല്ല അൽറബീഅയെ കാണാനാണ് ഓൾഗയും ഡാരിയയും എത്തിയത്.
റിയാദിലെ കിങ് സൽമാൻ റിലീഫ് സെൻറർ (കെ.എസ്. റിലീഫ്) ആസ്ഥാനത്ത് വെച്ചായിരുന്നു വൈകാരികമായ ഈ കൂടിക്കാഴ്ച. തങ്ങൾക്ക് സാധാരണ ജീവിതം സമ്മാനിച്ച ഡോക്ടറോടും സൗദി മെഡിക്കൽ സംഘത്തോടും ഇരുവരും അഗാധമായ നന്ദി രേഖപ്പെടുത്തി. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു ആ ശസ്ത്രക്രിയയെന്നും സ്വതന്ത്രമായ ജീവിതം നയിക്കാൻ തങ്ങളെ പ്രാപ്തരാക്കിയത് സൗദി അറേബ്യയുടെ കരുണയാണെന്നും അവർ പറഞ്ഞു.
മാനുഷികതയുടെ ആഗോള മാതൃക
സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും പരിധിയില്ലാത്ത പിന്തുണയാണ് ഈ പദ്ധതിയുടെ വിജയത്തിന് പിന്നിലെന്ന് ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരട്ടകൾക്ക് താങ്ങായി.
ഇതുവരെ വിജയകരമായി പൂർത്തിയാക്കിയത് 67 സങ്കീർണ ശസ്ത്രക്രിയകളാണ്. 28 രാജ്യങ്ങളിൽ നിന്നായി 155 ഇരട്ടകൾ ചികിത്സ തേടിയെത്തി. അതിലാണ് വിജയ സാധ്യതയുണ്ടെന്ന് കണ്ടെത്തി 67 ജോഡികളെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. അവരെല്ലാം ഇന്ന് സ്വതന്ത്ര വ്യക്തികളായി ജീവിതം തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘വംശമോ അതിർത്തിയോ നോക്കാതെ മനുഷ്യരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ലോകത്തെവിടെയുള്ളവർക്കും ചികിത്സക്കായി ആശ്രയിക്കാവുന്ന കേന്ദ്രമായി സൗദി മാറിയിരിക്കുന്നു’ -ഡോ. റബീഅ വ്യക്തമാക്കി. അന്താരാഷ്ട്ര മാനുഷിക സേവന രംഗത്ത് സൗദി അറേബ്യ മുൻനിരയിൽ തുടരുന്നതിെൻറ തെളിവാണ് ഇത്തരം വിജയഗാഥകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

