ഷാഫി പറമ്പിൽ എം.പിക്കെതിരെയുള്ള പൊലീസ് അക്രമം; ഗൾഫ് മേഖലയിൽ വ്യാപക പ്രതിഷേധം
text_fieldsഷാഫി പറമ്പിൽ ആശുപത്രിയിൽ
ഒ.ഐ.സി.സി ദമ്മാം പ്രതിഷേധിച്ചു
ദമ്മാം: പേരാമ്പ്ര സി.കെ.ജി കോളേജില് യു.ഡി.എസ്.എഫ് വിജയിച്ചതിലുള്ള സംഘർഷത്തിൽ ഷാഫി പറമ്പിൽ എം.പി യെ ക്രൂരമായി മർദിച്ച പൊലീസ് നടപടിയിൽ ഒ. ഐ. സി. സി ദമ്മാം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വടകരയിൽ സി.പി.എം ബിംബത്തെ മൃഗീയ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചത് മുതൽ, അദ്ദേഹത്തെ വ്യക്തിപരമായി നേരിടാൻ തുടങ്ങിയത് കേരളം കാണുന്നതാണ്. അതിന്റെ തുടർച്ചയായി ഇപ്പോൾ നടന്ന പൊലീസ് ആക്രമണം. സി.പി.എം നിർദേശം അനുസരിച്ചാണ് ആ പാർട്ടിയുടെ സജീവ പ്രവർത്തകനായ പൊലീസുകാരൻ ഷാഫി പറമ്പിലിന്റെ തലയിലും മുഖത്തും ക്രൂരമായി പ്രഹരിച്ചത്. മൂക്കിന് പൊട്ടലുണ്ടായി അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്കും വിധേയനാക്കി.
എന്നാൽ ഷാഫിയെ പൊലീസ് തല്ലിയതല്ലെന്നും ഇതെല്ലാം ഷോ മാത്രമാണെന്നും ചില സി.പി.എം നേതാക്കൾ നടത്തിയ വസ്തുതാ വിരുദ്ധമായ പ്രസ്താവനകൾ ലജ്ജാകരമാണ്. സമൂഹമാധ്യമങ്ങളിലും ആസൂത്രിതമായി ഷാഫി നടത്തുന്നത് നാടകമാണെന്നും മറ്റുമുളള ആക്ഷേപങ്ങളും അവർ ഉയർത്തുകയുണ്ടായി. എന്നാൽ അവ ശരിയല്ലെന്നു വെളിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നിട്ടും മോശമായ അധിക്ഷേപമാണ് കടന്നൽകൂട്ടങ്ങൾ തുടരുന്നത്.
അയ്യപ്പന്റെ സ്വർണ്ണം കൊള്ളയടിച്ചത് ചോദ്യം ചെയ്യപ്പെടുന്നതും, ചർച്ചചെയ്യുന്നതും മറക്കാനാണ് വിജയന്റെ തീരുമാനപ്രകാരം പൊലീസും പാർട്ടിക്കാരും ഷാഫി പറമ്പിലിനെ ക്രൂരമായി ആക്രമിച്ച് ചോര വീഴ്ത്തിയത്. കേരളത്തിലെ ജനകീയനായ നേതാവിനെ കൊല്ലാൻ ശ്രമിച്ച കൊലയാളി സർക്കാരിന്, ജനാധിപത്യ കേരളം മറുപടി നൽകുമെന്ന് സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പ്രസിഡന്റ് ഇ.കെ സലിം, ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, ട്രഷറർ പ്രമോദ് പൂപ്പാല എന്നിവർ പത്രകുറിപ്പിലുടെ അറിയിച്ചു.
അക്രമം ആസൂത്രിതം: ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി
ജിദ്ദ: കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പിക്കെതിരെ പൊലീസ് നടത്തിയ ക്രൂരമായ അക്രമം ആസൂത്രിതമാണെന്നും ശക്തമായ പ്രതിഷേധവും നിയമനടപടികളുൾപ്പെടെ സ്വീകരിച്ച് ഉത്തരവാദികളായ പൊലീസുദ്യോഗസ്ഥരെ നിലക്ക് നിർത്തണമെന്നും ഒ.ഐ.സി.സി വെസ്റ്റേൻ റീജനൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ഷാഫി പറമ്പിലിന്റെ ജനസമ്മിതിയിൽ അസഹിഷ്ണുതയുള്ള സി.പി.എം നിരന്തരം ആക്ഷേപങ്ങൾ ചൊരിഞ്ഞിട്ടും അദ്ദേഹത്തിന്റെ ജനസമ്മതിയും സ്വീകാര്യതയും നാൾക്കുനാൾ വർധിക്കുകയാണ്. രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന പൊലീസ് എല്ലാ സീമകളും ലംഘിച്ച് ഗുണ്ടകളെപ്പോലെ പെരുമാറുന്നതിനു പ്രോത്സാഹനം നൽകുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപലപനീയമാണെന്നും ഒ.ഐ.സി.സി വെസ്റ്റേൻ റീജനൽ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു
ജിദ്ദ: പേരാമ്പ്രയിൽ നടന്ന പൊലീസ് ലാത്തിചാർജിൽ വടകര എം.പി യും പാലക്കാട് മുൻ എം.എൽ.എയുമായ ഷാഫി പറമ്പിലിനെ വളഞ്ഞിട്ടടിച്ച പൊലീസ് ക്രൂരതക്കെതിരെ ജിദ്ദയിലെ ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി പ്രധിഷേധിച്ചു. വടകര എം.പി ആയത് മുതൽ സി.പി.എമ്മിന്റെ കണ്ണിലെ കരടായ ഷാഫിയെ തകർക്കുന്നതിന് വേണ്ടി പൊലീസ് ഒത്താശയോടെ ലാത്തി കൊണ്ടടിച്ച് മൂക്കും തലയും പൊട്ടി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും സർജറി നടക്കുകയുമുണ്ടായി.
എന്നിട്ടും ലാത്തി കൊണ്ടടിച്ചിട്ടില്ല എന്ന പ്രസ്താവന റൂറൽ എസ്.പി നടത്തിയെങ്കിലും വ്യക്തമായ വിഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഷാഫിക്ക് പുറമെ സഹപ്രവർത്തകരായ സുഹൃത്തുക്കളും അക്രമത്തിനിരയായി. ശബരിമല വിഷയം മറച്ചു വെക്കാൻ വേണ്ടി ഇടതുപക്ഷ സർക്കാരും, പിണറായിയുടെ പൊലീസും കൂടി ഷാഫിയെ ഇല്ലാതാക്കാൻ നടക്കുന്ന ശ്രമങ്ങൾ പ്രധിഷേധാർഹമാണെന്ന് എക്സിക്യുട്ടിവ് യോഗം അറിയിച്ചു.
ഒ.ഐ.സി.സി അൽ ഖസിം സെൻട്രൽ കമ്മിറ്റി
ബുറൈദ: ഷാഫി പറമ്പിൽ എം.പിക്കും കോൺഗ്രസ് പ്രവർത്തകർക്കും നേരെ പിണറായി വിജയന്റെ പൊലീസ് നടത്തിയ ക്രൂരമായ നരനായാട്ടിൽ ഒ.ഐ.സി.സി അൽ- ഖസിം സെൻട്രൽ കമ്മിറ്റി പ്രതിഷേധിച്ചു. പൊലീസ് നടത്തിയ നരനായാട്ടിൽ ഗുരുതമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാഫി പറമ്പിൽ എം.പി അടിയന്തര സർജറിക്ക് വിധേയനായി ആശുപത്രിയിൽ തുടരുകയാണ്. ശബരിമലയിൽ നടത്തിയ സ്വർണ്ണക്കൊള്ള മറച്ചുവെക്കാനും ജനശ്രദ്ധ തിരിച്ചുവിടാനുമായി ആഭ്യന്തര ചുമതല കൂടിയുള്ള പിണറായി വിജയൻ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ഗുണ്ടകളെയും പൊലീസിനെയും അഴിച്ചു വിട്ടിരിക്കുന്നു. മുഖ്യമന്ത്രി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ന്യായീകരിക്കുകയുമാണ് എന്നും യോഗം കുറ്റപ്പെടുത്തി.
ഷാഫി പറമ്പിൽ എം.പിക്കും കോൺഗ്രസ് പ്രവർത്തകർക്കുമെതിയരെയുള്ള പൊലീസ് അതിക്രമത്തിൽ ഒ.ഐ.സി.സി അൽ ഖസിം സെൻട്രൽ കമ്മറ്റി നടത്തിയ പ്രതിഷേധ യോഗത്തിൽനിന്ന്
പ്രതിഷേധ യോഗത്തിൽ പ്രസിഡന്റ് അബ്ദുറഹിമാൻ തിരൂർ അധ്യക്ഷതവഹിച്ചു. മുഖ്യ രക്ഷാധികാരി സക്കീർ പത്തറ, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം, വൈസ് പ്രസിഡന്റ് അബ്ദുൽ റഹിമാൻ കാപ്പാട്, റഹീം കണ്ണൂർ, അമീസ് സ്വലാഹി, എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി പി എം അശ്റഫ് കോഴിക്കോട് സ്വാഗതവും ജോയന്റ് ട്രഷറർ ഷിയാസ് കണിയാപുരം നന്ദിയും പറഞ്ഞു.
ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി
ജിദ്ദ: പേരാമ്പ്രയിൽ നടന്ന തികച്ചും സമാധാനപരമായ ജനാധിപത്യ പ്രതിഷേധ സമരത്തിന് നേരെ നരനായാട്ട് നടത്തി ഷാഫി പറമ്പിൽ എം.പിയെ മൃഗീയമായി ആക്രമിച്ച പൊലീസിന്റെ നടപടി ജനാധിപത്യ കേരളത്തിന് അപമാനകരമാണെന്നും, ജനപ്രതിനിധികൾക്ക് നേരെയും ജനകീയ നേതാക്കൾക്കെതിരെയും പൊലീസിനെ കയറൂരിവിടുന്ന സി.പി.എം തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും, അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.
തിരഞ്ഞെടുപ്പിനെ നേരിടാൻ ഭയക്കുന്ന സി.പി.എമ്മും ഇടതുമുന്നണിയും പിണറായി വിജയനും, യു.ഡി.എഫിനെയും യു.ഡി.എഫ് നേതാക്കളെയും ഭീഷണി കൊണ്ടും ആക്രമണം കൊണ്ടും നേരിടാനാണ് പരിപാടിയെങ്കിൽ കേരളത്തിൽ അതിശക്തമായ ജനവികാരം ഉയർന്നു വരുമെന്നും, അത് പിണറായി വിജയൻ സർക്കാരിന്റെ അന്ത്യം കുറിക്കുമെന്നും നേതാക്കൾ വിലയിരുത്തി.
പേരാമ്പ്രയിലേത് പൊലീസ് നരനായാട്ട് ഒ.ഐ.സി.സി റിയാദ്
റിയാദ്: പേരാമ്പ്രയിൽ യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും സമാധാനപരമായി നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ പൊലീസ് നടത്തിയ ക്രൂരമായ നരനായാട്ടിൽ വടകര എം.പി ഷാഫി പറമ്പിൽ, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉൾപ്പെടെ നിരവധി നേതാക്കൾക്കും പ്രവർത്തകർക്കും ഗുരുതര പരിക്കേറ്റതിനെതിരെ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പിണറായി വിജയന്റെ ആജ്ഞാവർത്തികളായി നിരപരാധികളായ ജനങ്ങളെയും പ്രതിഷേധക്കാരെയും നേരെ മാരകമായ അക്രമങ്ങൾ അഴിച്ചുവിടുന്ന പൊലീസുകാർക്ക് ജനാധിപത്യത്തിന്റെ അതിർത്തികൾ മറക്കരുതെന്നും ഇത്തരം അധികാരമർദനങ്ങളുടെ ദിനങ്ങൾ അധികം നീളില്ലെന്നും ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വാർത്താക്കുറിപ്പിൽ മുന്നറിയിപ്പ് നൽകി.
പ്രതിപക്ഷ നേതാക്കളെയും പൊതുജനങ്ങളെയും ലക്ഷ്യമിട്ട് സർക്കാർ കയ്യടക്കിയ പൊലീസിന്റെ ക്രൂരത കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും കറുത്ത അദ്ധ്യായങ്ങളിലൊന്നാണെന്ന് കമ്മിറ്റി വിലയിരുത്തി. വിവാദമായ ശബരിമല സ്വർണ്ണമോഷണ വിഷയത്തിൽ നിന്നുള്ള ജനശ്രദ്ധ തിരിക്കാനും പിണറായി ഭരണത്തിന്റെ പരാജയങ്ങൾ മറച്ചുവെക്കാനുമാണ് സർക്കാർ ഇത്തരം രാഷ്ട്രീയ പക തീർക്കലുകളിൽ ഏർപ്പെടുന്നതെന്ന് കമ്മിറ്റി ആരോപിച്ചു. ജനങ്ങളോടും പ്രതിപക്ഷ നേതാക്കളോടും പൊലീസ് കാണിച്ച ഈ ക്രൂരത ഭരണഘടന മൂല്യങ്ങൾക്കും ജനാധിപത്യത്തിന്റെ ആത്മാവിനും എതിരായതാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പിണറായി സർക്കാരിന്റെ ജനവിരുദ്ധ സമീപനത്തിനെതിരെ വിദേശത്തും രാജ്യത്തിനകത്തും ജനാധിപത്യ മനസ്സുള്ളവർ ഒരുമിച്ച് ഉയർന്ന ശബ്ദത്തിൽ പ്രതികരിക്കേണ്ട സമയമാണിതെന്നും ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

