പണമിടപാട്: ബംഗ്ലാദേശ് സ്വദേശിയെ ബന്ദിയാക്കി വിലപേശിയ ഏഴംഗ സംഘം അറസ്റ്റിൽ
text_fieldsജുബൈൽ: വിസക്ക് വേണ്ടി കൊടുത്ത പണം മടക്കി നൽകാത്തതിനെ തുടർന്ന് ബംഗ്ലാദേശ് സ്വദേശിയെ ബന്ദിയാക്കി നാട്ടിലെ ബന്ധുക്കളുമായി വിലപേശിയ ഏഴംഗ സംഘം അറസ്റ്റിൽ. ജുബൈലിൽ സ്വകാര്യ ടാക്സി ഡ്രൈവർ ഫിറാസിനെ പണം വസൂലാക്കാൻ രണ്ടു ദിവസം മുറിയിൽ പൂട്ടിയിട്ട ബംഗ്ലാദേശികളായ ഏഴുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇവരുടെ താമസ സ്ഥലത്തായിരുന്നു സംഭവം. ഏതാനും മാസം മുമ്പ് ബംഗ്ലാദേശ് വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഫിറാസ് സംഘത്തിൽ ഒരാളിൽ നിന്നും 28,000 റിയാൽ വാങ്ങിയിരുന്നു. എന്നാൽ നാട്ടിൽ മെഡിക്കലും മറ്റും കഴിഞ്ഞെങ്കിലും വിസ സ്റ്റാമ്പ് ചെയ്തു ലഭിച്ചില്ല. ഇതിനെ തുടർന്ന് ഫിറാസിനോട് പണം മടക്കി നൽകണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടു. കിട്ടാതെ വന്നതോടെ ഇയാളെ താമസ സ്ഥലത്ത് എത്തിച്ച് ബന്ദിയാക്കുകയായിരുന്നു. വിമാനത്താവളത്തിലേക്ക് യാത്ര പോകുന്നതിനായി വിളിച്ച ശേഷം വാഹനവുമായി എത്തിയപ്പോൾ തന്ത്രപൂർവം മുറിയിലേക്ക് വരുത്തി. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പെട്ടികൾ വണ്ടിയിൽ കയറ്റാൻ സഹായിക്കണമെന്ന് അഭ്യർഥിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഫിറാസിനെ മുറിയിൽ അടച്ചിട്ടശേഷം പണം നൽകാതെ ഇറക്കി വിടുകയില്ലെന്ന് സംഘം ഭീഷണിപ്പെടുത്തി. ഫിറാസിെൻറ ഭാര്യയുടെ ഫോൺ നമ്പർ വാങ്ങി സംഘം നാട്ടിൽ വിളിച്ച് പണം മടക്കി നൽകാൻ ആവശ്യപ്പെട്ടു. കുടുംബം പണം സ്വരൂപിച്ചു കൊണ്ടിരിക്കുന്നതിനിടെ ഫിറാസ് രഹസ്യമായി പൊലീസിൽ വിവരം അറിയിച്ചു. ഫ്ലാറ്റ് വളഞ്ഞ പൊലീസ് താമസ സ്ഥലത്തുണ്ടായിരുന്ന മുഴുവൻ പേരെയും കസ്റ്റഡിയിലെടുത്തു. ഇവരിൽ ചിലർ സംഭവവുമായി ബന്ധമുള്ളവരല്ല. അടുത്തിടെ പുതിയ വിസയിൽ നാട്ടിൽ നിന്നും വന്നവരാണ്. കുറ്റകൃത്യത്തിനു കൂട്ട് നിന്നതിെൻറ പേരിൽ അവരെയും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പരിഭാഷകൻ അബ്ദുൽകരീം കാസിമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.