പി.എം. ശ്രീ പദ്ധതി ആർ.എസ്.എസ്- സി.പി.എം അജണ്ട
text_fieldsകേന്ദ്രം ഭരിക്കുന്ന പാർട്ടിയെ നയിക്കുന്ന സംഘ്പരിവാറിന്റെ വിദ്യാഭ്യസ നയത്തിന്റെ നടത്തിപ്പിനായി കേന്ദ്രം കൊണ്ടുവന്ന ഒരു പദ്ധതിയാണ് പി.എം ശ്രീ (പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ). ഇത് തികച്ചും സംഘ്പരിവാർ അജണ്ടയാണ്. ഇന്ത്യയിൽ ഇന്ന് കാണുന്ന വിദ്യഭ്യാസ നയങ്ങളിൽനിന്ന് വ്യത്യസ്തമായി നമ്മുടെ ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങളെ നിരാകരിക്കുന്ന മതനിരപേക്ഷ മൂല്യങ്ങളെ ഉൾക്കൊള്ളാതെ നമ്മുടെ എല്ലാ അക്കാദമിക് സങ്കൽപങ്ങളെയും ഉൾക്കൊള്ളാത്ത കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് പി.എം ശ്രീ.
ബി.ജെ.പി അധികാരത്തിലില്ലാത്ത എല്ലാ സർക്കാറുകളും എൻ.ഇ.പിയിലെ നയങ്ങൾ അതേപടി നടപ്പാക്കില്ലെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ചതാണ്. ഇവിടെയാണ് കേരളത്തിലെ പിണറായി സർക്കാറിന്റെ ഇരട്ടത്താപ്പ് വ്യക്തമാകുന്നത്. വർഷങ്ങളോളം തങ്ങളുടെ മുന്നണിയിൽ പ്രധാന ഘടകകക്ഷിയായ സി.പി.ഐയെ പോലും വിശ്വാസത്തിലെടുക്കാതെ മന്ത്രിസഭയിൽ പോലും ചർച്ചചെയ്യാതെ സി.പി.എം വളരെ രഹസ്യമായിട്ടാണ് പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതിൽനിന്ന് മനസ്സിലാകുന്നത് പ്രതിപക്ഷം നിരന്തരം ആവർത്തിച്ച് ആരോപിക്കുന്ന പിണറായി, ബി.ജെ.പി രഹസ്യ ബന്ധം സത്യമാണെന്നാണ്.
വർഗീയ അജണ്ടകൾ കുട്ടികളിൽ കുത്തിവെക്കുന്ന ആർ.എസ്.എസ് നയം കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല എന്ന് പ്രതിപക്ഷം ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം കൊടുക്കാൻ യൂത്ത് കോൺഗ്രസ്, കെ.എസ്.യു സംഘടനകൾ മുന്നോട്ട് വന്നുകഴിഞ്ഞു. സി.പി.ഐയുടെ വിദ്യാർഥി സംഘടനയായ എ.ഐ.എസ്.എഫിനെ സമരത്തിലേക്ക് യു.ഡി.എഫ് വിദ്യാർഥി സംഘടനകൾ ക്ഷണിച്ചിട്ടുണ്ട്.
അവർ ഉയർത്തുന്ന എതിർപ്പിൽ ആത്മാർഥതയുണ്ടങ്കിൽ ഒന്നിച്ച് ഈ ആർ.എസ്.എസ്, സി.പി.എം കൂട്ടുകെട്ടിനെതിരെ ശക്തമായി പോരാടാം. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 14,500 സ്കൂളുകളിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും മറ്റു അക്കാദമിക് പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിനു രൂപ ചെലവഴിക്കും എന്നാണ് വാഗ്ദാനം. ഒരു ബ്ലോക്കിൽ രണ്ടു സ്കൂളുകൾ വീതം തിരഞ്ഞെടുത്ത് അതിൽ ഒരു സ്കൂളിന് ഒരു കോടി രൂപ വരെ അഞ്ചു വർഷം കൊണ്ട് ലഭിച്ചേക്കും. ഈ പദ്ധതിയിൽ 60 ശതമാനം കേന്ദ്രവും 40 ശതമാനം കേരളവും ആണ് വഹിക്കുന്നത്.
ഈ പദ്ധതിയിൽ ഒപ്പിട്ടാൽ ഇതിന്റെ നടത്തിപ്പ് കേന്ദ്ര സർക്കാർ നിയമിക്കുന്ന അതോറിറ്റിക്കായിരിക്കുമെന്നും കേരള സർക്കാറിന് ഈ കാര്യത്തിൽ യാതൊന്നും ചെയ്യാൻ സാധിക്കില്ല എന്നും അറിയാത്തവരല്ല കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി കോടികൾ ചെലവഴിച്ച് കേരളം ആർജിച്ചെടുത്ത ഒരു വിദ്യാഭ്യാസ നയമുണ്ട്. അതൊക്കെ ഒറ്റയടിക്ക് ആർ.എസ്.എസിന് അടിയറവെക്കുന്നത് എന്തിനാണെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം.
ഈ പദ്ധതിയിൽ ഒപ്പിടുന്നത് കാരണമായി കേരളം പറയുന്നത് കേരളത്തിന് അർഹമായ വിദ്യാഭ്യാസ വിഹിതം കേന്ദ്രം തടഞ്ഞുവെച്ചിരികയാണെന്നും അത് ലഭിക്കുന്നതിനുള്ള തന്ത്രപരമായ ഒരു നീക്കമാണ് ഈ ഒപ്പിടൽ എന്നുമാണ്. കേരളത്തിലെ കോടിക്കണക്കിനു വരുന്ന ജനങ്ങൾ വെറും വിഡ്ഢികളാണ് എന്നാണ് ഈ സർക്കാർ കരുതുന്നത്. ദേശീയ വിദ്യാഭ്യസ നയത്തിന്റെ ഭാഗമായി എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിലെ വർഗീയ അജണ്ടകൾ നാം കണ്ടതാണ്.
ഈ പദ്ധതി നടപ്പാക്കിയാൽ കേരളത്തിൽ പൊതുവിദ്യാഭ്യസ രംഗത്ത് രണ്ടു തരം വിദ്യാഭ്യാസ രീതി സൃഷ്ടിക്കപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ഗാന്ധിയെ കുറിച്ചും ഗാന്ധി വധത്തെക്കുറിച്ചും ഒരു പരാമർശവും പി.എം ശ്രീ പദ്ധതിയുടെ ഭാഗമായി വരുന്ന ഒരു പാഠ്യപദ്ധതിയിൽ നിന്നൊഴിവാക്കിയതുതന്നെ ബി.ജെ.പിയുടെ ഉദ്ദേശ്യം വ്യക്തമാകുന്നതാണ്. കേരളത്തിൽ ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ബന്ധം ഒരിക്കൽകൂടി വ്യക്തമാകുന്നതാണ്. അതുകൊണ്ട് തന്നെ ഈ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ ഒരു കാരണവശാലും അനുവദിക്കരുതെന്നും ശക്തമായ വിദ്യാർഥി പ്രക്ഷോഭങ്ങൾ ഉയർന്നുവരണമെന്നും ആഗ്രഹിക്കുന്നു.
അബ്ദുല്ല വല്ലാഞ്ചിറ - മുൻ പ്രസിഡൻറ്, ഒ.ഐ.സി.സി റിയാദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

