‘ബഹുസ്വരതയാണ് ഉറപ്പ്’ ഐ.സി.എഫ് പൗരസഭ
text_fieldsഹാഇൽ: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ‘ബഹുസ്വരതയാണ് ഉറപ്പ്’ എന്ന പ്രമേയത്തിൽ ഹാഇൽ ഐ.സി.എഫ് പൗരസഭ സംഘടിപ്പിച്ചു. വിവിധ മതങ്ങളും അനേക ജാതികളും ഉപജാതികളും അധിവസിക്കുന്ന, വ്യത്യസ്ത ഭാഷകളും ഉപഭാഷകളുമുള്ള ഇന്ത്യയുടെ സൗന്ദര്യം നാനാത്വത്തിൽ ഏകത്വമാണെന്ന് പൗരസഭയിൽ അഭിപ്രായമുയർന്നു. വ്യത്യസ്ത സംസ്കാരങ്ങളും ആചാരങ്ങളും വേഷഭൂഷാദികളുമെല്ലാം രാജ്യത്തിന്റെ സമ്പത്താണ്. ഏതെങ്കിലും മതത്തിനോ ജാതിക്കോ വംശത്തിനോ ഭാഷക്കോ ഒരു മേധാവിത്വവുമില്ല എന്നത് തന്നെയാണ് ഭരണഘടന നൽകുന്ന ബഹുസ്വരതയുടെ ഉറപ്പെന്ന് പൗരസഭ വിലയിരുത്തി. ഐ.സി.എഫ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ബഷീർ സഅദി കിന്നിങ്ങാർ ഉദ്ഘാടനം ചെയ്തു. സെൻട്രൽ അഡ്മിൻ അബ്ദുസ്സലാം റഷാദി അധ്യക്ഷത വഹിച്ചു. ദഅവ സെക്രട്ടറി അബ്ദുസ്സലാം സഅദി പ്രമേയ പ്രഭാഷണം നിർവഹിച്ചു.
സാമൂഹിക പ്രവർത്തകനായ ചാൻസാ അബ്ദുറഹ്മാൻ, കെ.എം.സി.സി പ്രതിനിധി ബാപ്പു എസ്റ്റേറ്റ്മുക്ക്, ഹൈദർ അലി (ഒ.ഐ.സി.സി), മുസ്തഫ മുക്കം (നവോദയ), നൗഫൽ പറക്കുന്ന് (ആർ.എസ്.സി), ഡോ. അരവിന്ദ് ജെ. ശിവൻ, അബ്ദുൽ സത്താർ പൊന്നാട് (ബെസ്റ്റ് വേ ഡ്രൈവേഴ്സ് യൂനിറ്റ്), റജീസ് ഇരിട്ടി (ഹാഇൽ പ്രവാസിക്കൂട്ടം), മാധ്യമപ്രവർത്തകൻ അഫ്സൽ കായംകുളം എന്നിവർ സംബന്ധിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ നല്ലളം സ്വാഗതവും സുബൈർ വേളൂർ നന്ദിയും പറഞ്ഞു.
ബുറൈദ: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ‘ബഹുസ്വരതയാണ് ഉറപ്പ്’ എന്ന പ്രമേയത്തിൽ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) അൽ ഖസീം സെൻട്രലിന് കീഴിലെ വിവിധ സെക്ടർ കമ്മിറ്റികൾ ‘പൗരസഭ’ സംഘടിപ്പിച്ചു. ബുറൈദയിൽ അരിയാഫ് ഇസ്തിറാഹയിൽ നടന്ന പൗരസഭ ഐ.സി.എഫ് നാഷനൽ പബ്ലിക്കേഷൻ പ്രസിഡൻറ് അബു സ്വാലിഹ് ഉദ്ഘാടനം ചെയ്തു. നാഷനൽ എക്സിക്യൂട്ടിവ് സിദ്ധീഖ് സഖാഫി പ്രമേയ പ്രഭാഷണം നടത്തി. നമ്മുടെ രാജ്യം നില നിലനിൽക്കുന്നത് ബഹുസ്വരതയിലും സഹിഷ്ണുതയിലുമാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റെവിടെയും ലഭിക്കാത്തവിധം നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം ബഹുസ്വരതയാണ് നില നിർത്തുന്നത്. ബഹുസ്വരതയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ എല്ലാ ഭാരതീയരും ചെറുത്തുതോൽപിക്കണമെന്ന് പൗരസഭയിൽ സംവദിച്ച വിവിധ സംഘടനാപ്രതിനിധികൾ ആവശ്യപ്പെട്ടു.
നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ പ്രത്യേകത വരും തലമുറയും നിലനിർത്താനും പുതുതലമുറക്ക് നിർഭയത്വമില്ലാതെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനും നാം അവസരമൊരുക്കണം എന്നും പൗരസഭയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ചെയർമാൻ ഇബ്രാഹിം അഹ്സനി അധ്യക്ഷത വഹിച്ചു. ഡോ. ഫക്രുദീൻ, എൻജി. ബഷീർ, അനീസ് ചുഴലി, ബഷീർ വെള്ളില (കെ.എം.സി.സി), നവാസ് അൽ ഹസനി (ആർ.എസ്.സി), സ്വാലിഹ് ബെല്ലാരി (കെ.സി.എഫ്), നിഷാദ് (പ്രവാസിസംഘം) എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ചു നടന്ന വിവിധ മത്സരങ്ങൾ നൗഫൽ മണ്ണാർക്കാടും നവാസ് അഹ്സനിയും നിയന്ത്രിച്ചു. വിദ്യാർഥികളുടെയും കുടുംബിനികളുടേയും സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. ജാഫർ സഖാഫിയുടെ പ്രാർഥനയോടെ തുടങ്ങിയ പരിപാടിയിൽ ബുറൈദ സെക്ടർ സെക്രട്ടറി സിദ്ധീഖ് സഖാഫി സ്വാഗതവും വിഴിഞ്ഞം അബ്ദുറഹ്മാൻ സഖാഫി നന്ദിയും പറഞ്ഞു. അൽ റസ്, ബുകൈരിയ, ഉനൈസ, സുൽത്താന എന്നീ സെക്ടറുകളിലും പൗരസഭകൾ നടന്നു. ഉനൈസയിൽ നടന്ന പൗരസഭ ഡോ. ലൈജുവും സുൽത്താനയിൽ മുജീബ് റഹ്മാൻ സഖാഫിയും ഉദ്ഘാടനം ചെയ്തു. മുനീർ സഖഫിയും ഷിഹാബു സവാമയും ഇരു സെക്ടറുകളിലും പ്രമേയപ്രഭാഷണം നടത്തി. അൽ റസിൽ അബ്ബാസ് സഖാഫിയും ബുകൈരിയയിൽ ഹംസ മുസ്ലിയാരും പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

