ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്ത് കരുളായി പ്രവാസി സംഘം
text_fieldsകരുളായി പ്രവാസി സംഘം ജിദ്ദ കമ്മിറ്റി ഇഫ്താറിനോടനുബന്ധിച്ച് നടത്തിയ ലഹരി വിരുദ്ധ പ്രതിജ്ഞ
ജിദ്ദ: കരുളായി പ്രവാസി സംഘം ജിദ്ദ കമ്മിറ്റി ബാഗ്ദാദിയ ചാമ്പ്യൻസ് ഫുട്ബാൾ ഗ്രൗണ്ടിൽ ഇഫ്താർ സംഗമവും അതോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. ജിദ്ദയിലെയും മക്കയിലെയും കരുളായി സ്വദേശികൾ കുടുംബ സമേതം പങ്കെടുത്തു. സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറോളം പേരാണ് ഈ വർഷത്തെ കെ.പി.എസ് ഇഫ്താർ സംഗമത്തിൽ സംബന്ധിച്ചത്. കെ.പി.എസ് ഭാരവാഹികളായ അബ്ബാസ് നെച്ചിക്കാടൻ, മോയിൻകുട്ടി മുണ്ടോടൻ, സി.പി റഫീഖ്, സൗഫൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മെഗാ ഇഫ്താറിനുവേണ്ട മുന്നൊരുക്കങ്ങൾ നടന്നത്. റിയാസ് മദനി പ്രാർത്ഥനക്ക് നേതൃത്വം നൽകി. നാടിനെ വരിഞ്ഞു മുറുക്കികൊണ്ടിരിക്കുന്ന ലഹരി വസ്തുക്കളുടെ വ്യാപനത്തിൽ കെ.പി.എസ് ആശങ്ക പ്രകടിപ്പിച്ചു. ലഹരിക്കെതിരെ പ്ലക്കാർഡുകൾ ഉയർത്തി, മൊബൈൽ ഫോണിൽ ലൈറ്റുകൾ തെളിയിച്ച് 'ലഹരി വിരുദ്ധ പ്രതിജ്ഞ' യെടുത്താണ് സംഗമം സമാപിച്ചത്. സെക്രട്ടറി മോയിൻകുട്ടി ലഹരിക്കെതിരെ ഉദ്ബോധനം നടത്തി. ചെയർമാൻ നാസർ കരുളായി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
'നമ്മുടെ യുവതയെ നാശത്തിലേക്ക് തള്ളിവിടുന്ന ലഹരി വസ്തുക്കൾ വിൽപന നടത്തുന്ന കാപാലികർക്ക് മാപ്പില്ല. ഞങ്ങളുടെ കുടുംബത്തിലും അയൽപക്കത്തും നാടിന്റെ മുക്കുമൂലകളിലും ഇനിമേൽ സദാ ഞങ്ങളുടെ കണ്ണും കാതും തുറന്നുതന്നെ വെക്കുകയാണ്. ലഹരിക്കെതിരെ, ലഹരി കടത്തുന്നവർക്കെതിരെ, ലഹരി വിൽക്കുന്നവർക്കെതിരെ ഞങ്ങൾ യുദ്ധം പ്രഖ്യാപിക്കുകയാണ്' തുടങ്ങിയ പ്രതിജ്ഞാ വാചകങ്ങൾ നൂറുക്കണക്കിനാളുകൾ ഏറ്റുചൊല്ലി. രക്ഷാധികാരി അമീർ ചുള്ളിയൻ, എൻ.കെ. അബ്ബാസ്, റഫീഖ് എന്നിവർ സംസാരിച്ചു. വി.കെ. മജീദ്, സഫറലി, സാബിൽ, മുൻഫർ, അജീഷ്, സുഹൈൽ, ശിഹാബ്, റിയാസ്, സിറാസ്, സമീർ, സി. മുജീബ്, കെ.കെ. നാസർ, ഹിശാം, അഫ്സാർ, സക്കീർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

