തീർഥാടകർ പ്രതിരോധ കുത്തിവെപ്പ് എടുക്കണം -ആരോഗ്യ മന്ത്രാലയം
text_fieldsറിയാദ്: പകർച്ച രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ തീർഥാടകർ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ഈ വർഷം ഹജ്ജിനെത്തുന്ന മുഴുവനാളുകളെയും പകർച്ചവ്യാധികളിൽ സംരക്ഷിക്കുന്നതിനാണിത്. ഹജ്ജ് സീസണിനു മുമ്പ് ആവശ്യമായ വാക്സിനേഷൻ ഡോസുകളെടുത്ത് പൂർത്തിയാക്കുകയും അവ ‘മൈ ഹെൽത്ത്’ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തുകയും വേണം. ഈ വർഷത്തെ തീർഥാടകരാണെങ്കിൽ പകർച്ചവ്യാധികളിൽനിന്ന് സംരക്ഷിക്കുന്ന വാക്സിനുകളെക്കുറിച്ച് മനസ്സിലാക്കണമെന്ന് ‘എക്സ്’ അക്കൗണ്ടിലൂടെ മന്ത്രാലയം അറിയിച്ചു.
സൗദിയിൽനിന്ന് ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവർ നിശ്ചിത വാക്സിനുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് തെളിയിക്കണമെന്ന് ‘ഇൻഫോഗ്രാഫിക്’ലൂടെ സ്വീകരിക്കേണ്ട വാക്സിനുകൾ വിശദീകരിച്ചു ആരോഗ്യമന്ത്രാലയം പറഞ്ഞു. ഹിജ്റ വർഷം 1445ലെ കോവിഡ് 19 വാക്സിന്റെ ഒരു ഡോസ്, ഇൻഫ്ലുവൻസ വാക്സിൻ, കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ മെനിഞ്ചൈറ്റിസ് വാക്സിൻ ഡോസ് എന്നിവയാണ് സ്വീകരിക്കേണ്ടത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഹജ്ജ് വാക്സിനേഷൻ ലഭ്യമാണ്. വാക്സിനുകൾ സ്വീകരിക്കുന്നതിനുള്ള അപ്പോയിന്റ്മെന്റ് ‘സിഹത്തി’ആപ്ലിക്കേഷൻവഴി ബുക്ക് ചെയ്യാവുന്നതാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

