ഹറമിൽ തീർഥാടക സേവനം; ‘റോബോട്ട് മനാറ’യുടെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി
text_fieldsമക്ക മസ്ജിദുൽ ഹറാമിൽ സ്ഥാപിച്ച ‘റോബോട്ട് മനാറ’ യുടെ രണ്ടാം പതിപ്പ് പ്രയോജനപ്പെടുത്തുന്ന തീർഥാടകൻ
മക്ക: മസ്ജിദുൽ ഹറാമിലെത്തുന്ന തീർഥാടകരുടെ അന്വേഷണങ്ങൾക്ക് വിവിധ ഭാഷകളിൽ മറുപടി നൽകുന്നതിനായി ആർട്ടിഫിഷ്യൽ ഇൻറലിജന്റ്സിൽ പ്രവർത്തിക്കുന്ന ‘റോബോട്ട് മാനറ’യുടെ പരിഷ്കരിച്ച രണ്ടാം പതിപ്പ് പുറത്തിറക്കി. മക്ക മസ്ജിദുൽ ഹറാമിലും മദീന മസ്ജിദുന്നബവിയിലും എത്തുന്ന വിശ്വാസികളുടെ ആത്മീയ അനുഭവം സമ്പന്നമാക്കുക എന്ന ലക്ഷ്യത്തോടെ ഇരുഹറം കാര്യാലയം ഒരുക്കുന്ന ഡിജിറ്റൽ സംവിധാനങ്ങളുടെ ഭാഗമാണ് ഈ റോബോട്ട്.
ഇസ്ലാമിക കലാരൂപങ്ങളും വാസ്തുവിദ്യയും കോർത്തിണക്കിയ രൂപകൽപനയിലാണിത്. മതപരമായ അന്വേഷണങ്ങൾക്കുള്ള ഒരു റഫറൻസ് പോയന്റായി റോബോട്ട് പ്രവർത്തിക്കുകയും ഇസ്ലാമിക പണ്ഡിതന്മാരുമായി നേരിട്ട് വിഡിയോ കാളുകൾ ചെയ്യാനും മതപരമായ വിഷയത്തിൽ ആവശ്യമെങ്കിൽ മതവിധി (ഫത്വ) ലഭ്യമാക്കാനുംകൂടി പുതിയ സംവിധാനം വഴി സാധിക്കുന്നു.
ഹജ്ജിന്റെ സാർവത്രിക സന്ദേശം കൈമാറാനും കർമപരമായ കാര്യങ്ങളും ശരീഅത്ത് വ്യവസ്ഥകളും ഒന്നിലധികം ഭാഷകളിൽ പരിചയപ്പെടുത്താനും കഴിയുന്ന എ.ഐ റോബോട്ടാണ് ‘മാനാറ 2.0’. തീർഥാടകർക്ക് ഒരു ‘ഹൈടെക്’ സഹായി ആയിരിക്കുമിത്. മക്കയിലെയും മദീനയിലെയും ഹറമുകളിൽ കാണപ്പെടുന്ന പരമ്പരാഗത ഇസ്ലാമിക രൂപങ്ങളിലും വാസ്തുവിദ്യയിലുംനിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനുകൾ റോബോട്ടിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പിലും സോഫ്റ്റ്വെയറിലും ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിലൂടെ തീർഥാടകരുടെ അനുഭവങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് റോബോട്ട് ഏറെ ഉപകരിക്കും. ആധികാരികത, ആധുനികത, നൂതന സാങ്കേതികവിദ്യ എന്നിവയെല്ലാം സംയോജിപ്പിക്കുന്ന രീതിയിലാണ് ‘മാനാറ 2.0’ ഒരുക്കിയിരിക്കുന്നത്.
സമഗ്രവും നിയന്ത്രിതവുമായ ഡേറ്റ ബേസിലൂടെ മതപരവും നിയമപരവുമായ അന്വേഷണങ്ങൾക്ക് തത്സമയം ഉത്തരം പറയാൻ എ.ഐ നൽകുന്ന സ്മാർട്ട് റഫറൻസ് എന്ന നിലയിൽ രൂപകൽപന ചെയ്ത ‘മനാറ’ വിശ്വാസികൾക്ക് പുത്തൻ അനുഭവമാണ് സമ്മാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

