താഷ്കന്റിലെ ഇസ്ലാമിക് നാഗരികതാകേന്ദ്രത്തിന് സൗദിയുടെ സമ്മാനം
text_fields‘കിസ്വ’യുടെ ഒരു ഭാഗം ഉസ്ബകിസ്താൻ പ്രസിഡന്റിന് സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീഅ കൈമാറിയപ്പോൾ
റിയാദ്: കഅ്ബയുടെ മൂടുപടമായ ‘കിസ്വ’യുടെ ഒരു ഭാഗം ഉസ്ബകിസ്താൻ പ്രസിഡന്റിന് കൈമാറി. സൽമാൻ രാജാവിന്റെ മാർഗനിർദേശപ്രകാരമാണ് ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീഅ ഉസ്ബകിസ്താൻ പ്രസിഡന്റ് ശൗഖത്ത് മിർസിയോയേവിന് കിസ്വ കഷണം കൈമാറിയത്.
താഷ്കന്റിലെ ഇസ്ലാമിക നാഗരികതാകേന്ദ്രത്തിനുള്ള സൗദിയുടെ സമ്മാനമായാണിത്. താഷ്കന്റിലെത്തിയ ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീഅയെ ഉസ്ബകിസ്താൻ പ്രസിഡന്റ് സ്വീകരിച്ചു.
ഹജ്ജ്, ഉംറ യാത്രകൾ വികസിപ്പിക്കുന്നതിൽ സൗദിയുടെ തുടർച്ചയായ ശ്രമങ്ങളെയും തന്റെ രാജ്യത്തുനിന്നുള്ള തീർഥാടകരുടെ വരവ് സുഗമമാക്കുന്നതിനും അവരുടെ അനുഭവം സമ്പന്നമാക്കുന്നതിനും നൽകുന്ന സൗകര്യങ്ങളെയും ഉസ്ബകിസ്താൻ പ്രസിഡന്റ് പ്രശംസിച്ചു.
ഹജ്ജ് ഉംറ മന്ത്രി താഷ്കന്റിലെ ഇസ്ലാമിക നാഗരികതാകേന്ദ്രം സന്ദർശിച്ചു. പൊതു ഇസ്ലാമിക സാംസ്കാരിക പൈതൃകം പ്രകടിപ്പിക്കുന്ന പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും അവിടെയുള്ള മറ്റ് പ്രദർശനങ്ങളും അദ്ദേഹം കണ്ടു.
ഗതാഗതമേഖലയിലെ സഹകരണത്തിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനും ഉസ്ബെക്ക് തീർഥാടകർക്ക് സുഗമമായ യാത്രയും മികച്ച സേവനവും ഉറപ്പാക്കാനും ഗതാഗത മന്ത്രി ഇൽഹാം റസ്തമോവിച്ചുമായും ഹജ്ജ് ഉംറ മന്ത്രി കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

