ഇന്ത്യൻ ഇ-പാസ്പോർട്ട് അപേക്ഷകൾക്കുള്ള ഫോട്ടോ നിബന്ധനകൾ
text_fieldsജിദ്ദ: ഇ-പാസ്പോർട്ട് അപേക്ഷകൾക്കായുള്ള ഫോട്ടോകൾ എടുക്കുമ്പോഴും അപ്‌ലോഡ് ചെയ്യുമ്പോഴും ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐ.സി.എ.ഒ) മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പാസ്‌പോർട്ട് സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ അപേക്ഷകർ ഈ മാർഗനിർദേശങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. ഫോട്ടോയുടെ പ്രധാന മാനദണ്ഡങ്ങൾ ഇവയാണ്:
അളവും രൂപവും: ഫോട്ടോയുടെ 80-85 ശതമാനം ഭാഗത്തും തലയും തോളും മുൻഭാഗവും ഉണ്ടാകണം. ഫോട്ടോയുടെ വലുപ്പം 630 x 810 പിക്സലുകളായിരിക്കണം. ഫോട്ടോകളിലെ നിറങ്ങൾ കൃത്യമായിരിക്കണം. കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചിത്രങ്ങളിൽ മാറ്റം വരുത്താൻ പാടില്ല. പശ്ചാത്തലവും ലൈറ്റിംഗും: ഫോട്ടോയുടെ പശ്ചാത്തലം വെള്ളയായിരിക്കണം. മുഖത്തും പശ്ചാത്തലത്തിലും ശ്രദ്ധതെറ്റിക്കുന്ന നിഴലുകൾ ഉണ്ടാകരുത്. കൃത്യമായ പ്രകാശത്തിൽ എടുക്കുന്ന ഫോട്ടോയിൽ മുഖത്ത് നിഴലുകളോ ഫ്ലാഷ് റിഫ്ളക്ഷനുകളോ 'ചുവന്ന കണ്ണിന്റെ' പ്രതിഫലനമോ ഉണ്ടാകരുത്.
മുഖഭാവവും കാഴ്ചയും: അപേക്ഷകൻ ക്യാമറയിലേക്ക് നേരിട്ട് നോക്കണം. കണ്ണുകൾ തുറന്നതും വ്യക്തമായി കാണുന്നതുമായിരിക്കണം. കണ്ണിനു കുറുകെ മുടി വീഴാൻ പാടില്ല. വായ തുറന്നിരിക്കരുത്. കണ്ണടയുടെ റിഫ്ലക്ഷൻ ഒഴിവാക്കാൻ കണ്ണട ഊരിവെക്കുന്നത് നല്ലതാണ്. ചിത്രീകരണ രീതി: ഫോട്ടോ 1.5 മീറ്റർ അകലെ നിന്നായിരിക്കണം എടുക്കേണ്ടത്. ചിത്രത്തിന് വ്യക്തമായ ഫോക്കസ് ഉണ്ടായിരിക്കണം. മങ്ങിയ (ബ്ലറർ) ഫോട്ടോ ആകരുത്. തലമുടി മുതൽ താടി വരെ തലയുടെ പൂർണ്ണ രൂപം ഫോട്ടോയിൽ ഉണ്ടായിരിക്കണം. തല ഫ്രെയിമിന്റെ മധ്യത്തിലായിരിക്കണം. ചരിഞ്ഞിരിക്കരുത്.
വസ്ത്രധാരണവും ആവിഷ്കാരവും: മുഖത്തെ ഭാവം സ്വാഭാവികമായിരിക്കണം. മതപരമായ കാരണങ്ങളാൽ മാത്രമാണ് ശിരോവസ്ത്രം അനുവദനീയമായിട്ടുള്ളത്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ പോലും താടി മുതൽ നെറ്റി വരെയും മുഖത്തിന്റെ ഇരുവശങ്ങളും വ്യക്തമായി കാണിച്ചിരിക്കണം. ഈ മാർഗർനിർദേശങ്ങൾ പൂർണമായി പാലിച്ച് ഫോട്ടോകൾ സമർപ്പിക്കുന്നത് പാസ്‌പോർട്ട് അപേക്ഷാ പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കുമെന്നും അപേക്ഷകർ സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

