ഫിലിപ്പീൻസ് ഇരട്ടകളുടെ വേർപെടുത്തൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി
text_fieldsഫിലിപ്പീൻസ് ഇരട്ടകളായ ‘ക്ലിയ’, ‘മൗറിസ് ആൻ’ കുട്ടികളെ വേർപെടുത്തിയപ്പോൾ
റിയാദ്: ലോകത്തെ ഏറ്റവും സങ്കീർണമായ ശസ്ത്രക്രിയകളിൽ ഒന്നിലൂടെ ഫിലിപ്പീൻസ് സ്വദേശികളായ ‘ക്ലിയ’, ‘മൗറിസ് ആൻ’ എന്നീ ഒട്ടിച്ചേർന്ന ഇരട്ടകളെ വേർപെടുത്തുന്നതിൽ സൗദി മെഡിക്കൽ ടീം ചരിത്രവിജയം കൈവരിച്ചു. റിയാദിലെ കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിൽ നടന്ന ഈ അതിസങ്കീർണമായ ദൗത്യം ഏകദേശം 18.5 മണിക്കൂർ നീണ്ടുനിന്നു.
ഭരണാധികാരി സൽമാൻ രാജാവിെൻറയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറയും പ്രത്യേക നിർദേശപ്രകാരമാണ് ശസ്ത്രക്രിയ സൗജന്യമായി പൂർത്തിയാക്കിയത്.
തല ഒട്ടിച്ചേർന്ന നിലയിലായിരുന്ന കുട്ടികളുടെ ആരോഗ്യസ്ഥിതി ശസ്ത്രക്രിയക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയിരുന്നത് എന്ന് മെഡിക്കൽ ടീം തലവൻ ഡോ. അബ്ദുല്ല അൽ റബീഅ വ്യക്തമാക്കി. കുട്ടികളുടെ തലച്ചോറിലെ സിരകൾ പരസ്പരം ബന്ധിക്കപ്പെട്ട നിലയിലായതും തലച്ചോറിലെ കോശങ്ങൾ തമ്മിലുള്ള ഇഴയടുപ്പവും ദൗത്യം ഏറെ പ്രയാസകരമാക്കിയിരുന്നു. കൂടാതെ, കുട്ടികളിൽ ഒരാളായ ക്ലിയക്ക് ഹൃദയസംബന്ധമായ അസുഖങ്ങളും കടുത്ത വൃക്കരോഗവും ഉണ്ടായിരുന്നത് ശസ്ത്രക്രിയയുടെ അപകടസാധ്യത ഇരട്ടിയാക്കി. എങ്കിലും ഡോക്ടർമാരുടെ നിശ്ചയദാർഢ്യത്തോടെയുള്ള ഇടപെടൽ ശസ്ത്രക്രിയ വിജയകരമാക്കി മാറ്റി.
അഞ്ച് ഘട്ടങ്ങളിലായി ആസൂത്രണം ചെയ്ത ശസ്ത്രക്രിയയുടെ മൂന്നാം ഘട്ടം ഏകദേശം 12 മണിക്കൂർ കൊണ്ട് പൂർത്തിയാക്കി കുട്ടികളെ വേർപെടുത്തി. തുടർന്ന് നടന്ന അവസാന ഘട്ടങ്ങളിൽ തലയോട്ടിയുടെ പുനർനിർമാണവും പ്ലാസ്റ്റിക് സർജറിയും വിജയകരമായി നടന്നു. പീഡിയാട്രിക് ന്യൂറോ സർജറി കൺസൾട്ടന്റ് ഡോ. മുഅതസിം അൽ സുഅബിയുടെ നേതൃത്വത്തിൽ അനസ്തേഷ്യ, തീവ്രപരിചരണം, റേഡിയോളജി തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള 30 പ്രഗത്ഭരായ വിദഗ്ധരാണ് ഈ ദൗത്യത്തിൽ പങ്കാളികളായത്. 2025 മെയ് 17നാണ് കുട്ടികൾ വിദഗ്ധ ചികിത്സക്കായി സൗദി അറേബ്യയിലെത്തിയത്.
സൗദി അറേബ്യയുടെ 35 വർഷത്തെ ചരിത്രത്തിനിടെ നടക്കുന്ന 70ാമത്തെ വേർപെടുത്തൽ ശസ്ത്രക്രിയയാണിത്. ഇതുവരെ 27 രാജ്യങ്ങളിൽ നിന്നുള്ള 157 കേസുകൾ ഈ പദ്ധതിക്ക് കീഴിൽ പഠനവിധേയമാക്കിയിട്ടുണ്ട്. വിജയകരമായ ദൗത്യത്തിന് ശേഷം ഡോ. അബ്ദുല്ല അൽ റബീഅ രാജ്യത്തിെൻറ ഭരണനേതൃത്വത്തിനും മെഡിക്കൽ ടീമിനും നന്ദി അറിയിച്ചു. ഈ നേട്ടം വൈദ്യശാസ്ത്ര രംഗത്ത് സൗദി അറേബ്യയുടെ മികവും മാനുഷികമായ ഇടപെടലും ഒരിക്കൽ കൂടി തെളിയിക്കുന്നു. കുട്ടികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കിയതിന് അവരുടെ കുടുംബം സൗദി ഭരണകൂടത്തോടും ഡോക്ടർമാരോടും ഹൃദയംഗമമായ നന്ദി പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

