റിയാദിൽ വേർപ്പെട്ട സയാമീസ് ഇരട്ടകളെ സന്ദർശിച്ച് ഫിലിപ്പീൻസ് അംബാസഡർ
text_fieldsറിയാദിൽ വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് വിധേയരായ സയാമീസ് ഇരട്ടകളെ ഫിലിപ്പീൻസ് അംബാസഡർ സന്ദർശിച്ചപ്പോൾ
റിയാദ്: വേർപ്പെടുത്തൽ ശസ്ത്രക്രിയകൾക്ക് വിധേയരായി റിയാദിലെ കിങ് അബ്ദുല്ല ചിൽഡ്രൻസ് ആശുപത്രിയിൽ കഴിയുന്ന ഫിലിപ്പിനോ സയാമീസ് ഇരട്ടകളായ ക്ലിയ, മോറിസ് ആൻ, ഒലിവിയ, ജിയാന എന്നിവരെ സൗദിയിലെ ഫിലിപ്പൈൻസ് അംബാസഡർ റെയ്മണ്ട് ബാലത്ബത് സന്ദർശിച്ചു. കുട്ടികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ അദ്ദേഹം, അവരുടെ മാതാപിതാക്കളെയും ചികിത്സാ പദ്ധതികൾ നിരീക്ഷിക്കുന്ന മെഡിക്കൽ സംഘങ്ങളെയും സന്ദർശിച്ച് നിലവിലെ സ്ഥിതിഗതികളുടെ വിശദീകരണം കേൾക്കുകയും ചെയ്തു.
കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിലൂടെ സൗദി അറേബ്യ നൽകിയ സേവനങ്ങൾക്ക് നന്ദി രേഖപ്പെടുത്തിയ അംബാസഡർ, ഇരട്ടകൾക്ക് നൽകിയ ഉന്നത നിലവാരത്തിലുള്ള വൈദ്യസഹായത്തെയും സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്ന പ്രോഗ്രാമിന് കീഴിലുള്ള പ്രത്യേക മെഡിക്കൽ, സർജിക്കൽ സംഘത്തിന്റെ മികച്ച ശ്രമങ്ങളെയും അഭിനന്ദിച്ചു. കുട്ടികൾ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും സർവ്വേശ്വരൻ അവർക്ക് നല്ല ആരോഗ്യവും സുരക്ഷയും നൽകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
തലകൾ ഒട്ടിക്കിടക്കുന്ന നിലയിലാണ് ക്ലിയ, മോറിസ് ആൻ എന്നീ ഇരട്ടകളെ സൗദിയിലെത്തിച്ചത്. തലകളുടെ കോണീയ അവസ്ഥ, തലച്ചോറിലെ സിരകളിലുള്ള പങ്കാളിത്തം, കോശങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം എന്നിവ ഉൾപ്പെട്ട സങ്കീർണമായ അവസ്ഥയിലായിരുന്ന ഇവരെ കഴിഞ്ഞ ഏപ്രിൽ 23നാണ് പ്രത്യേക മെഡിക്കൽ സംഘത്തിന്റെ പങ്കാളിത്തത്തോടെ അഞ്ച് ഘട്ടങ്ങളിലായി വേർപ്പെടുത്തിയത്. ഇവരിൽ ക്ലിയ എന്ന കുട്ടിക്ക് ഹൃദയപേശികളുടെ തകരാറും വൃക്കകളുടെ ഗുരുതരമായ ചുരുങ്ങലും പൂർണമായ വൃക്കസ്തംഭനവും ഉണ്ടായിരുന്നു.
നെഞ്ചിലും വയറിലും ഒട്ടിക്കിടക്കുകയും കരൾ പങ്കിടുകയും ചെയ്ത അവസ്ഥയിലായിരുന്നു ഒലിവിയ, ജിയാന എന്നീ ഇരട്ടകൾ. ഇവരിൽ ഒരാൾക്ക് ജീവന് തന്നെ ഭീഷണിയായ ജന്മനായുള്ള ഹൃദയവൈകല്യങ്ങളും ഉണ്ടായിരുന്നു. തുടർന്ന് ജൂൺ 18നാണ് ഇവരെ വേർപ്പെടുത്തുന്നതിനുള്ള ശസ്ത്രക്രിയ വിജയികരമായി നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

