പീപ്ൾസ് ഡെയ്‌ലി ഓഫ് ചൈന പത്രം മേഖല ഓഫിസ് റിയാദിൽ
text_fieldsറിയാദ്: ചൈനയിലെ പ്രമുഖ പത്രമായ പീപ്ൾസ് ഡെയ്‌ലി ഓഫ് ചൈനയുടെ മേഖല ഓഫിസ് റിയാദിൽ തുറന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ആശയവിനിമയത്തിനും മാധ്യമ, വിജ്ഞാന വിനിമയത്തിനും ഒരു പാലമായി ഓഫിസ് പ്രവർത്തിക്കും. ഓഫിസ് ഉദ്ഘാടനത്തോനുബന്ധിച്ച് സൗദിയിലെത്തിയ പീപ്ൾസ് ഡെയ്‌ലി ഓഫ് ചൈന പ്രസിഡന്റ് യു ഷാവോലിയാങ് സൗദി വാർത്ത മന്ത്രി സൽമാൻ അൽദൂസരിയെ സന്ദർശിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള മാധ്യമ ബന്ധങ്ങളും അവ വികസിപ്പിക്കാനുള്ള വഴികളും ഇരുവരും അവലോകനം ചെയ്തു. ഡിജിറ്റൽ മീഡിയ, വാർത്താ ഉള്ളടക്ക കൈമാറ്റം, തൊഴിൽ പരിശീലനം, സംയുക്ത നിർമാണം എന്നീ മേഖലകളിലെ സഹകരണത്തിന്റെ മേഖലകളും വിഷൻ 2030ഉം ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റിവും തമ്മിലുള്ള സംയോജനത്തിനുള്ള അവസരങ്ങളും ചർച്ച ചെയ്തു.
റിയാദിൽ പത്രത്തിന്റെ മേഖല ഓഫിസ് തുറക്കുന്നതിന്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള മാധ്യമ, സാംസ്കാരിക ആശയവിനിമയം വർധിപ്പിക്കുന്നതിനും വിവിധ മേഖലകളിലെ സംഭവവികാസങ്ങളുടെ യഥാർഥ ചിത്രം അറിയിക്കുന്നതിനും ഇത് ഒരു ചുവടുവെപ്പാണെന്ന് അവർ വിശേഷിപ്പിച്ചു.
ചൈനയിലെ ഏറ്റവും വലിയ പത്രം റിയാദിൽ മേഖല ആസ്ഥാനം സ്ഥാപിക്കാൻ തിരഞ്ഞെടുക്കുമ്പോൾ അത് ഭൂമിശാസ്ത്രപരമായ സ്ഥാനം തിരഞ്ഞെടുക്കുക മാത്രമല്ല, ഭാവിയിലെ ഒരു ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുകയുമാണെന്ന് കൂടിക്കാഴ്ചക്കു ശേഷം മന്ത്രി അൽദൂസാരി തന്റെ ഔദ്യോഗിക എക്സ് സോഷ്യൽ മീഡിയ അക്കൗണ്ടിൽ എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

