ജിദ്ദയിൽ 'പീസ് റേഡിയോ' ശ്രോദ്ധാക്കളുടെ സംഗമം സംഘടിപ്പിച്ചു
text_fieldsജിദ്ദ: ഇസ്ലാമിക് ഓൺലൈൻ റേഡിയോ സംവിധാനമായ 'പീസ് റേഡിയോ'യുടെ ജിദ്ദയിലെയും പരിസരപ്രദേശങ്ങളിലെയും ശ്രോദ്ധാക്കൾക്കായി 'ലിസണെഴ്സ് മീറ്റ്' സംഘടിപ്പിച്ചു. ജിദ്ദ ദഅവാ കോർഡിനേഷൻ കമ്മിറ്റി നവംബർ 20ന് സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി ജിദ്ദ ഷറഫിയ്യ ഖാലിദ് ബിൻ വലീദിലുള്ള അനസ് ബിൻ മാലിക് ഓഡിറ്റോറിയത്തി ലാണ് പരിപാടി ഒരുക്കിയിരുന്നത്. സ്ത്രീകളും കുട്ടികളുമടക്കം ധാരാളം പേർ പരിപാടിയിൽ പങ്കെടുത്തു. ജെ.ഡി.സി.സി പ്രസിഡണ്ട് സുനീർ പുളിക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. സി.ആർ.ഇ വിദ്യാർഥി അഹ്മദ് റിഷാൻ ഖുർആൻ പാരായണം നടത്തി. ഇസ്ഹാഖ് ഉബൈദുല്ല, അഹ്ലാം മുത്തലിബ്, അബ്ദുല്ല സുനീർ, ഇസ്ലാഹ് ഉബൈദുല്ല എന്നിവർ ഗാനമാലപിച്ചു. ഒരു പതിറ്റാണ്ട് കാലമായി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ 24 മണിക്കൂറും അനുവാചകർക്ക് വൈജ്ഞാനിക വിരുന്നൊരുക്കുന്ന പീസ് റേഡിയോയുടെ നാൾവഴികളും കൈവരിച്ച നേട്ടങ്ങളും റിഷാദ് അൽ ഹികമി അവതരിപ്പിച്ചു.
ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി വിദ്യാർഥി ഉവൈസ് ഹാറൂൺ മാറഞ്ചേരി, എഴുത്തുകാരൻ ദുൽഖർഷാൻ അലനല്ലൂർ, പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ. ഇർഫാൻ നിവാസ്, ഹാഫിദ് ഇഖ്ബാൽ തുടങ്ങിയവർ പീസ് റേഡിയോയിലെ സുപ്രധാന പരിപാടികൾ സദസിന് പരിചയപ്പെടുത്തി. വിസ്ഡം സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡണ്ടും ജെ.ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ഫൈസൽ വാഴക്കാട് ഫാമിലി കോൺഫറൻസ് 2.0 പരിപാടികൾ വിശദീകരിച്ചു. റിയാദ് ഇസ്ലാഹി സെൻറർ പ്രബോധകനും വാഗ്മിയുമായ അബ്ദുല്ല അൽ ഹികമി ഉദ്ബോധന പ്രസംഗം നിർവഹിച്ചു. സത്താർ അൽ ഹികമി, അമീൻ മുഹമ്മദ് മദനി എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ. ജെ.ഡി.സി.സി സെക്രട്ടറി റൗനഖ് പുത്തൂർ പള്ളിക്കൽ സ്വാഗതവും മുജീബ് തച്ചമ്പാറ നന്ദിയും പറഞ്ഞു.

