ഗൾഫിൽ സമാധാനവും കപ്പൽ യാത്രക്ക് സുരക്ഷയും വേണം -ജി.സി.സി
text_fieldsമനാമയിൽ ചേർന്ന ജി.സി.സി വിദേശകാര്യ മന്ത്രിമാരുടെയും യു.എസ് സ്റ്റേറ്റ് സെക്രട്ടറി
മാർക്കോ റൂബിയോയുടെയും സംയുക്ത മന്ത്രിതല യോഗത്തിൽനിന്ന്
റിയാദ്/മനാമ: ഗൾഫ് മേഖലയിൽ പൂർണമായ സമാധാനവും സ്ഥിരതയും ഉറപ്പാക്കണമെന്നും സുപ്രധാന സമുദ്രപാതകളിലെ കപ്പൽ യാത്രക്ക് സുരക്ഷയൊരുക്കണമെന്നും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി).
മേഖലയിലെ പിരിമുറുക്കങ്ങൾ ലഘൂകരിക്കാൻ നടത്തുന്ന എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നതായും കൗൺസിൽ വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണകളുടെയും ഇറാൻ വിഷയത്തിലെ പുതിയ സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിൽ ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ചേർന്ന ജി.സി.സി വിദേശകാര്യ മന്ത്രിമാരുടെയും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെയും സംയുക്ത മന്ത്രിതല യോഗത്തിന് ശേഷമാണ് കൗൺസിൽ ഈ നിലപാട് വ്യക്തമാക്കിയത്.
ഏത് തരത്തിലുള്ള പ്രാദേശിക ധാരണകളും കരാറുകളും ഗൾഫ് രാജ്യങ്ങളുടെ സുരക്ഷാ താൽപര്യങ്ങൾ പൂർണമായി കണക്കിലെടുത്തു കൊണ്ടുള്ളതായിരിക്കണം. മേഖലയുടെ സുരക്ഷയും സാമ്പത്തിക-വികസന നേട്ടങ്ങളും സംരക്ഷിച്ചുകൊണ്ട് മാത്രമേ പ്രാദേശിക സ്ഥിരത ദൃഢമാക്കാൻ ഇത്തരം കരാറുകൾക്ക് സാധിക്കൂ എന്നും ജി.സി.സി കൂട്ടിച്ചേർത്തു. യു.എസ്-ഇറാൻ ധാരണാപത്രവുമായി ബന്ധപ്പെട്ട സമീപകാല സാഹചര്യങ്ങളുടെ വെളിച്ചത്തിൽ, പ്രാദേശിക സുരക്ഷ വർധിപ്പിക്കുന്നതിനുള്ള വഴികൾ, മധ്യസ്ഥശ്രമങ്ങൾ, സംഘർഷം കുറക്കാനുള്ള നയതന്ത്ര നടപടികൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. ജി.സി.സി രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം ശക്തമാക്കുക, നിലവിലെ രാഷ്ട്രീയ-സുരക്ഷാ വെല്ലുവിളികളെ നേരിടാൻ സംയുക്ത ശ്രമങ്ങൾ ഏകോപിപ്പിക്കുക എന്നിവയായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട.
മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംഭാഷണങ്ങൾക്കും രാഷ്ട്രീയ പരിഹാരങ്ങൾക്കും ഗൾഫ് രാജ്യങ്ങൾ നിരന്തരം മുൻഗണന നൽകിവരുന്ന സാഹചര്യത്തിലാണ് ഈ നിർണായക ചർച്ച നടന്നത്. ദ്രുതഗതിയിലുള്ള നയതന്ത്ര നീക്കങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ മേഖലയുടെ ദീർഘകാല സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ഈ യോഗം വഴിതെളിക്കുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

